|    Jul 22 Sat, 2017 4:18 pm
FLASH NEWS

ഡോണ്‍ ബോസ്‌കോ കോളജിലെ അക്രമം : എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : 13th July 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: ഡോ ണ്‍ ബോസ്‌കോ കോളജ് അടിച്ചുതകര്‍ത്ത കേസില്‍ 13 എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്‌ഐ നേതാക്കളായ എ കെ ജിതൂഷ് (35), ലിജോ ജോണി (31), നിധീഷ് തോമസ് (26), എസ്എഫ്‌ഐ സംസ്ഥാന സമിതിയംഗം എം എസ് ഫെബിന്‍ (25), ജില്ലാ സെക്രട്ടറി ജോബിന്‍സന്‍ (22), ഹരികൃഷ്ണന്‍ (21), അര്‍ജുന്‍ ഗോപാല്‍ (21), അജ്മല്‍ (19), ഹരിശങ്കര്‍ (24), റാഷിദ് (22), ജിഷ്ണു ഷാജി (20), ശരത്ത് (19), അജ്‌നാസ് (21) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. കോളജിലെ ആക്രമണ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോളജില്‍ മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി നാശനഷ്ടങ്ങളുണ്ടാക്കല്‍, വധശ്രമം, അനധികൃതമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിയും എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവുമായ ജിഷ്ണു ഗോപാലിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് കോളജിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. സര്‍ട്ടിഫിക്കറ്റുകള്‍, സിസിടിവി കാമറ, ശൗച്യാലയം, മേശകള്‍ എന്നിവ പ്രവര്‍ത്തകര്‍ നശിപ്പിച്ചു. രണ്ട് ആരാധനാലയങ്ങളും ഡോണ്‍ ബോസ്‌കോയുടെ പ്രതിമയും സംഘം തകര്‍ത്തു. പോലിസ് നോക്കിനില്‍ക്കെയാണ് അക്രമം അരങ്ങേറിയത്. 15 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. കാംപസിലുണ്ടായിരുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു. അക്രമത്തെ തുടര്‍ന്ന് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. കോളജും ആരാധനാലയവും തകര്‍ത്തതിനെതിരേ വ്യാപക പ്രതിഷേധമാണുയരുന്നത്. കോളജ് വീണ്ടും തുറക്കുന്നതും മറ്റും ചര്‍ച്ച ചെയ്യുന്നതിനായി ഇന്നു രാവിലെ 10ന് യോഗം വിളിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക