|    Apr 24 Tue, 2018 4:58 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഡോക്ടര്‍ ഹാദിയ കേസ്‌ : സുപ്രിംകോടതി ഉത്തരവിനെ വിമര്‍ശിച്ച് സാമൂഹിക പ്രവര്‍ത്തകര്‍

Published : 21st September 2017 | Posted By: fsq

 

ന്യൂഡല്‍ഹി:  ഡോക്ടര്‍  ഹാദിയ കേസ് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയെ (എന്‍ഐഎ) ഏല്‍പിച്ച സുപ്രിംകോടതി ഉത്തരവിനെ വിമര്‍ശിച്ച് വനിതാ രാഷ്ട്രീയ പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും.  ഇഷ്ടപ്പെട്ട മതം സ്വീകരിച്ചതിനെ തുടര്‍ന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവില്‍ വീട്ടുതടങ്കലിലാണ് ഹാദിയ   ഭരണഘടനയെ കാത്തുസൂക്ഷിക്കുക, ജനാധിപത്യത്തിന്റെ തൂണൂകള്‍ തകരുകയാണോ എന്ന വിഷയത്തില്‍ കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നടന്ന സെമിനാറിലാണ് ഹാദിയ വിഷയം ചര്‍ച്ചയായത്.കേരളത്തിലെ ഒരു പെണ്‍കുട്ടിയുടെ സ്‌നേഹത്തെ കുറിച്ച് അന്വേഷിക്കാന്‍ എന്‍ഐഎയെ നിയോഗിച്ചാല്‍ ദേശീയ അന്വേഷണ ഏജന്‍സി ചെയ്യേണ്ടയഥാര്‍ഥ പണികള്‍ പിന്നെ ആരാണ് എടുക്കുകയെന്ന് സെമിനാറില്‍ സംബന്ധിച്ച് സംസാരിച്ച രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) ദേശീയ വക്താവും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. മനോജ് കുമാര്‍ ഝാ ചോദിച്ചു.  കേരളത്തിലെ ഒരു വനിതയുടെ സ്‌നേഹം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പറഞ്ഞ് അത് അന്വേഷിക്കാന്‍ എന്‍ഐഎയെ ഏല്‍പിച്ചിരിക്കുകയാണെന്ന് ഡല്‍ഹി സര്‍വകലാശാല സോഷ്യല്‍ വര്‍ക്ക് വിഭാഗം തലവന്‍ കൂടിയായ മനോജ്കുമാര്‍ പറഞ്ഞു. മുത്ത്വലാഖ്മൂലം പീഡനത്തിന് ഇരയാവുന്ന മുസ്‌ലിം സ്ത്രീകള്‍ക്ക് വേണ്ടി കരഞ്ഞിരുന്നവര്‍ ഇഷ്ടപ്പെട്ട മതം സ്വീകരിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലിലടയ്ക്കപ്പെട്ട ഹാദിയയ്ക്ക് വേണ്ടി ശബ്ദിക്കുന്നില്ലെന്ന് സിപിഐ നേതാവ് ആനി രാജ പറഞ്ഞു. പൗരന്റെ സ്വകാര്യത മൗലികാവകാശമായി അംഗീകരിച്ചുവെന്നു കൊട്ടിഘോഷിക്കുന്നതിനിടെയാണ് ഹാദിയയുടെ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കപ്പെട്ടിരിക്കുന്നത്.  ഇക്കാര്യത്തില്‍ ജുഡീഷ്യറി എന്തു നിലപാടാണ് സ്വീകരിച്ചതെന്നും അവര്‍ ചോദിച്ചു. 24 വയസ്സുള്ള യുവതിക്ക് സ്വന്തമായി തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്ന് കോടതി പറയുന്നുവെങ്കില്‍, രാജ്യത്തെ ജുഡീഷ്യറി എത്തിപ്പെട്ട അപകടകരമായ അവസ്ഥയെയാണ് അതു കാണിക്കുന്നതെന്നും അവര്‍ പറഞ്ഞു. സിപിഎം നേതാവ് ബൃന്ദ കാരാട്ട്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ സിദ്ധാര്‍ഥ് വരദരാജന്‍, സീമ മുസ്തഫ, ഗൗഹര്‍ റാസ, ഗുര്‍ബിര്‍ സിങ്, ഹര്‍തോഷ് സിങ് ബാല്‍, മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്, മണിശങ്കര്‍ അയ്യര്‍, ഓം തന്‍വി എന്നിവരും സെമിനാറില്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss