|    May 26 Fri, 2017 5:38 am
FLASH NEWS

ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍; താമരശ്ശേരി താലൂക്കാശുപത്രിയില്‍ സംഘര്‍ഷം പതിവ്

Published : 10th July 2016 | Posted By: SMR

താമരശ്ശേരി: മലയോരം പനിച്ച് വിറക്കുമ്പോള്‍ താമരശ്ശേരി താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ അവധിയെടുക്കുന്നത് രോഗികളെ ദുരിതത്തിലാക്കുന്നു. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ കൈ കുഞ്ഞുങ്ങളെയുമായി എത്തുന്നവര്‍ ഉള്‍പ്പെടെ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്.
ഒ പി ടിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ആശുപത്രി ജീവനക്കാരും രോഗികളും തമ്മില്‍ വെള്ളിയാഴ്ചയുണ്ടായ വാക്കേറ്റം കൈയ്യാങ്കളിയിലെത്തിയതോടെ പോലിസും സ്ഥലത്തെത്തിയിരുന്നു. ദിവസേന എഴുനൂറോളം രോഗികളാണ് താമരശ്ശേരി താലൂക്കാശുപത്രിയില്‍ ചികില്‍സ തേടിയെത്തുന്നത്. ഇവരെ പരിശോധിക്കാനായി പലപ്പോഴും മൂന്നോ നാലോ ഡോക്ടുമാര്‍ മാത്രമാണ് ആശുപത്രിയിലുണ്ടാവുന്നത്. നിലവില്‍ മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പെടെ 12 ഡോക്ടര്‍മാരാണ് ഇവിടെയുള്ളത്. ഇതില്‍ രണ്ടുപേര്‍ ഗൈനക്കോളജി വിഭാഗത്തിലും ഒരാള്‍ ദന്തരോഗ വിഭാഗത്തിലും ഒരാ ള്‍ ശിശുരോഗ വിഭാഗത്തിലുമാണ്. രണ്ടുപേര്‍ ഉച്ചക്കുശേഷം അത്യാഹിത വിഭാഗത്തിലാണ് സേവനം ചെയ്യുന്നത്. അവശേഷിക്കുന്ന ആറു പേരില്‍ മൂന്നോ നാലോ ആളുകളാണ് മിക്ക ദിവസങ്ങളിലും ഒപി വിഭാഗത്തിലെത്തുന്നത്. ഇതിനാല്‍തന്നെ രോഗികള്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്.
പനി ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികളുമായി എത്തുന്നവരും മറ്റു രോഗങ്ങളുമായി എത്തുന്നവരും മണിക്കൂറുകളോളം ഒരുമിച്ചിരിക്കുന്നത് രോഗം പടരാനും കാരണമാവും. കൂടുതല്‍ രോഗികളെ ഒരു ഡോക്ടര്‍ പരിശോധിക്കേണ്ടതിനാല്‍ പരിശോധന പേരിന് മാത്രമാവുകയാണെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം കൂടുതല്‍ രോഗികള്‍ക്ക് ഒരേ മരുന്ന് എഴുതിയത് ഫാര്‍മസിയിലുള്ളവര്‍ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പനിയും ശര്‍ദ്ദിയുമായെത്തിയ കുട്ടികള്‍ക്ക് ഒപി ശീട്ട് നല്‍കാതിരുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച രാവിലെയുണ്ടായ വാക്കേറ്റം കൈയ്യാങ്കളിയിലെത്തിയതോടെ പോലിസ് സ്ഥലത്തെത്തിയിരുന്നു.
രോഗികളുടെയും ബന്ധുക്കളുടെയും പ്രതിഷേധം ശക്തമായതോടെ പോലിസ് സ്ഥലം വിടുകയായിരുന്നു. മണിക്കൂറുക ള്‍ കാത്തുനിന്നവര്‍ക്ക് ശിശുരോഗ വിഭാഗത്തിലേക്ക് ഒപി ടിക്കറ്റ് നല്‍കാതിരുന്നതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. ശിശു രോഗ വിഭാഗത്തിലേക്ക് നൂറുപേര്‍ക്ക് മാത്രമേ ഒപി ടിക്കറ്റ് നല്‍കാവൂ എന്ന നിര്‍ദ്ദേശമുണ്ടെന്നായിരുന്നു കൗണ്ടറിലുള്ളവരുടെ വിശദീകരണം. മിക്ക ദിവസങ്ങളിലും ശിശുരോഗ വിഭാഗത്തിലെ ഡോക്ടര്‍ അവധിയിലായിരിക്കുമെന്നും ഇതിനാല്‍ ഡോക്ടര്‍ ഉള്ള ദിവസങ്ങളില്‍ കൂടുതല്‍ രോഗികള്‍ ചികില്‍സ തേടിയെത്തുകയാണെന്നും നാട്ടുകാര്‍ പറയുന്നു.
ശിശു രോഗ വിഭാഗത്തിലേക്ക് നൂറു പേര്‍ക്ക് മാത്രമാണ് ഒപി ടിക്കറ്റ് നല്‍കുന്നതെന്നും ബാക്കിയുള്ളവര്‍ക്ക് ജനറല്‍ വിഭാഗത്തിലേക്ക് നല്‍കുമെന്നും മെഡിക്കല്‍ ഓഫിസര്‍ ഡോ. കേശവനുണ്ണി പറഞ്ഞു. താലൂക്കാശുപത്രിയായി പ്രഖ്യാപിച്ചെങ്കിലും സിഎച്ച്‌സിയിലേക്കുള്ള ഡോക്ടര്‍മാരും മറ്റു ജീവനക്കാരും മാത്രമാണ് ഇവിടെയുള്ളത്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെ അധികൃതര്‍ ഒളിച്ചു കളി നടത്തുകയാണെന്ന ആരോപണം ശക്തമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day