|    Jul 22 Sat, 2017 6:05 pm
FLASH NEWS

ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം; ജനറല്‍ ആശുപത്രിയിലെ പേവാര്‍ഡ് അടച്ചു

Published : 16th September 2016 | Posted By: SMR

കാസര്‍കോട്: ഡോക്ടര്‍മാരുടെ നിസഹകരണ സമരത്തെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ പേ വാര്‍ഡ് അടച്ചിട്ടു. കഴിഞ്ഞ ഒരാഴ്ചയോളമായി ഈ വാര്‍ഡ് അടഞ്ഞുകിടക്കുകയാണ്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ നിസഹകരണ സമരത്തിന്റെ ഭാഗമായി പേ വാര്‍ഡില്‍ ചികില്‍സയില്‍ കഴിയുന്ന രോഗികളെ പരിശോധിക്കേണ്ടതില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടന തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വാര്‍ഡ് അടച്ചിട്ടത്.
ജനറല്‍ ആശുപത്രിയിലെ പേ വാര്‍ഡ് കഴിഞ്ഞ വര്‍ഷമാണ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. ഇവിടെ മൊത്തം 12 മുറികളാണ് ഉള്ളത്. അതിലൊന്ന് സ്റ്റാഫ് നഴ്‌സിനും ബാക്കി രോഗികള്‍ക്കുള്ളതുമാണ്. ഒരു മുറിക്ക് 200 രൂപയാണ് പ്രതിദിന വാടക. മുറി ആവശ്യമുള്ള രോഗികള്‍ക്ക് ഡോക്ടറുടെ അനുമതിപത്രം വേണം. പിന്നീട് ആശുപത്രിയിലെ ഓഫിസില്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കി മുറിക്ക് അഡ്വാന്‍സ് നല്‍കണം.
മുറികളില്‍ മുഴുവന്‍ രോഗികള്‍ ഉണ്ടെങ്കില്‍ അവര്‍ ഡിസ്ചാര്‍ജ് ചെയ്യുന്ന മുറയ്ക്ക് ബുക്കിങ് ആദ്യം ചെയ്തവര്‍ക്ക് മുറികള്‍ നല്‍കുകയാണ് പതിവ്. കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ കീഴിലാണ് ജനറല്‍ ആശുപത്രിയടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത്. ചികില്‍സയ്ക്കായി എത്തുന്നവരില്‍ നിന്നും മുന്‍കൂറായി 600 രൂപ മുതല്‍ 1200 രൂപ വരെ വാങ്ങുന്നു. പിന്നീട് ചികില്‍സയില്‍ കഴിഞ്ഞ ദിവസങ്ങളിലെ തുക ഈടാക്കി ബാക്കി തുക ഡിസ്ചാര്‍ജ് ചെയ്ത് പോകുമ്പോള്‍ നല്‍കുകയാണ് പതിവ്.
ആശുപത്രികളിലെ വാര്‍ഡുകളില്‍ കഴിയുന്ന നിരവധി പേര്‍ പേ വാര്‍ഡുകളെ പ്രയോജനപ്പെടുത്താറുണ്ട്. പ്രസവചികില്‍സക്ക് എത്തുന്നവരാണ് കൂടുതലായും ഈ വാര്‍ഡുകളെ ആശ്രയിക്കുന്നത്. വാര്‍ഡുകളില്‍ ബന്ധുക്കളെ നിര്‍ത്താന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ല. ഇതിന് പരിഹാരമായി പരിചാരകരെ പേ വാര്‍ഡുകളില്‍ നിര്‍ത്താനുള്ള സൗകര്യമുള്ളതിനാലാണ് പലരും ഇതിനെ ആശ്രയിക്കുന്നത്.
പുരുഷന്മാരില്ലാതെ സ്ത്രീകള്‍ക്ക് സുരക്ഷിതമായി ഇവിടെ കഴിയാനും സാധിക്കുന്നുണ്ട്. വാര്‍ഡ് അടച്ചുപൂട്ടിയതോടെ നിരവധി പേരാണ് ദുരിതത്തിലായത്. നേരത്തെ ബുക്ക് ചെയ്ത പലരും ഇപ്പോഴും മുറിക്കായി കാത്തിരിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക