|    Jan 18 Wed, 2017 3:11 am
FLASH NEWS

ഡോക്ടര്‍മാരില്ലാതെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി

Published : 16th September 2016 | Posted By: SMR

കരുനാഗപ്പള്ളി: ദിനംപ്രതി ആയിരക്കണക്കിന് രോഗികളെത്തുന്ന കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം മതിയായ ഡോക്ടര്‍മാര്‍ ഇല്ലാതെ ദുരിതത്തില്‍. പലപ്പോഴും അത്യാഹിത വിഭാഗത്തില്‍ ചികില്‍സ തേടിയെത്തുന്ന രേഗികള്‍ക്ക് അവഗണനയാണ് നേരിടുന്നത്.
ഒന്നിന് ഒ പി വിഭാഗത്തിലെ പരിശോധന അവസാനിക്കുന്നതിനാല്‍ ഉച്ചയ്ക്ക് ശേഷം വരുന്ന മിക്ക രോഗികള്‍ക്കും ആശ്രയം അത്യാഹിതവിഭാഗമാണ്. എന്നാല്‍ ഇവിടെ ആകെ ലഭ്യമാകുന്നത് ഒരു ഡോക്ടറുടെ സേവനം മാത്രമാണ്. പ്രദേശത്ത് പകര്‍ച്ചപ്പനി വ്യാപകമായതോടെ ചികില്‍സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അത്യാഹിത വിഭാഗത്തിലെ പരിശോധനയ്ക്കിടയില്‍ എന്തെങ്കിലും അപകടക്കേസുകള്‍ വന്നാല്‍ ഡോക്ടര്‍ ഇവരെ പരിശോധിക്കുന്നതിന് പോകും. അപകടം ഗുരുതരമാണെങ്കില്‍ രോഗിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യേണ്ടിയും വരും. ആശുപത്രിയില്‍ ദിവസേന അപകടത്തില്‍ പരിക്കേറ്റ് ചികില്‍സ തേടിയെത്തുന്നവരും നിരവധിയാണ്. ഒരു ഡോക്ടറെ കൊണ്ട് ഇവിടെ എത്തുന്ന രോഗികളെ പൂര്‍ണമായും പരിശോധിക്കാന്‍ കഴിയാത്ത സാഹചര്യവും ഉണ്ട്.
ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ കഴിഞ്ഞ മാസം വരെ രാത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന പനി ക്ലിനിക്കും നിലച്ച അവസ്ഥയാണ്. അത്യാഹിത വിഭാഗത്തില്‍ രണ്ട് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണമെന്നുള്ള ആവശ്യത്തിന് ദീര്‍ഘകാലത്തെ പഴക്കമുണ്ട്. എന്നാല്‍ ആശുപത്രി മാനേജിങ് കമ്മിറ്റിയോ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയോ ഈ കാര്യം അറിഞ്ഞമട്ടില്ല. ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നാണ് രോഗികളുടെ ആവശ്യം.
ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണം:ആര്‍വൈഎഫ്
ശാസ്താംകോട്ട: താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആര്‍വൈഎഫ് കുന്നത്തൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ദിവസവും ആയിരത്തിലധികം ഒ പി നടക്കുന്ന ആശുപത്രിയില്‍ വേണ്ടത്ര ഡോക്ടര്‍മാര്‍ ഇല്ല. നിലവില്‍ മൂന്ന് ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. യോഗത്തില്‍ ആര്‍വൈഎഫ് നിയോജകമണ്ഡലം പ്രസിഡന്റ് ജി ജിജോ  ശാസ്ത്രാംകോട്ട  അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുബാഷ് എസ് കല്ലട, ഷിബു ചിറക്കയവ്, മനോജ് ബി മൈനാഗപ്പള്ളി, അനീഷ്, മധു, രതീശ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക