|    Mar 20 Tue, 2018 11:25 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ 16 പേര്‍ അറസ്റ്റില്‍; നടപടിക്ക് സംസ്ഥാന പോലിസ് മേധാവിയുടെ നിര്‍ദേശം

Published : 8th July 2016 | Posted By: SMR

പൂച്ചാക്കല്‍: നെഞ്ചുവേദനയുമായി എത്തിയയാള്‍ക്ക് ചികില്‍സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ട സംഭവത്തില്‍ ഡോക്ടര്‍ക്കെതിരേ പ്രതിഷേധിച്ച 16 പേരെ പോലിസ് അറസ്റ്റ ചെയ്തു. 206 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. കഴിഞ്ഞ ദിവസം അരൂക്കുറ്റി സാമൂഹികാരോഗ്യകേന്ദ്രത്തിലാണ് സംഭവമുണ്ടായത്. അരൂക്കുറ്റി സുഷമാലയത്തില്‍ ഗംഗാധരന്‍ (52) ആണ് ചൊവ്വാഴ്ച വൈകീട്ട് മരിച്ചത്. ഇദ്ദേഹത്തിന് ചികില്‍സ നിഷേധിച്ചെന്നാരോപിച്ച് പ്രതിഷേധക്കാ ര്‍ അരൂക്കുറ്റി സാമൂഹികാരോഗ്യകേന്ദ്രത്തിലെ അസിസ്റ്റന്റ സര്‍ജന്‍ ഡോ. ആര്‍ വി വരുണിനെയും അദ്ദേഹത്തിന്റെ വീടിനു നേരെയും ആക്രമണം നടത്തിയിരുന്നു. അതേസമയം, പോലിസ് നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.
സംഭവത്തില്‍ രണ്ടു വിഭാഗമായാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൂച്ചാക്കല്‍ എസ്‌ഐ ജി സുരേഷ്‌കുമാര്‍ പറഞ്ഞു. ഡോക്ടറെ മര്‍ദ്ദിച്ച കേസില്‍ മനപ്പൂര്‍വമല്ലാത്ത വധശ്രമം, വീട്ടില്‍ അതിക്രമിച്ചുകയറല്‍, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ജോലിക്ക് തടസ്സം സൃഷ്ടിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളിലാണ് ആറുപേര്‍ക്കെതിരേ കേെസടുത്തത്. ഇതില്‍ നാലുപേര്‍ അറസ്റ്റിലായി. അരൂക്കുറ്റി കാത്തിപ്പറമ്പില്‍ ഗോകുല്‍രാജ്(32), പള്ളിക്കര പോള്‍ (67), ആതിര നിവാസില്‍ ഉത്തമന്‍(53), കൈതപ്പറമ്പില്‍ സുരേഷ്‌കുമാര്‍ (51) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.ഡോക്ടറെ കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം സമരം നടത്തിയിരുന്നു. സംസ്ഥാനവ്യാപകമായി ഇന്നലെ സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രതികളെ അറസ്റ്റ ചെയ്തതോടെ പിന്‍വലിക്കുകയായിരുന്നു.
കാത്തിപ്പറമ്പില്‍ ലാജി(60), പോലിസ് തിരിച്ചറിയാത്ത ഒരാള്‍ എന്നിങ്ങനെ രണ്ടുപേരെ പിടികിട്ടാനുണ്ട്. സംഭവത്തെ തുടര്‍ന്ന് ഡോക്ടറുടെ വീട് സംഘംചേര്‍ന്ന് ആക്രമിക്കല്‍, പിരിഞ്ഞുപോവാനുള്ള പോലിസ് നിര്‍ദേശം അനുസരിക്കാത്തത് അടക്കമുള്ള വകുപ്പുകളിലാണ് കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരേ കേെസടുത്തത്. ഇതില്‍ 12 പേര്‍ അറസ്റ്റിലായെന്നും ഇത് ജാമ്യം ലഭിക്കുന്ന വകുപ്പാണെന്നും പോലിസ് പറഞ്ഞു. അതേസമയം, മര്‍ദ്ദനമേറ്റ ഡോക്ടര്‍ ആര്‍ വി വരുണ്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ കര്‍ശന നടപടിക്ക് സംസ്ഥാന പോലിസ് മേധാവി ആലപ്പുഴ എസ്പിക്ക് നിര്‍ദേശം നല്‍കി. ശക്തമായ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ഐഎംഎ പ്രസിഡന്റ് ഡോ. എ വി ജയകൃഷ്ണ ന്‍, സെക്രട്ടറി ഡോ. സാമുവല്‍ കോശി എന്നിവര്‍ സംസ്ഥാന പോലിസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് സംസ്ഥാന പോലിസ് മേധാവി ഉറപ്പുനല്‍കി.
ഡോക്ടര്‍മാരെ കൈയേറ്റം ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുകയാണെന്നും ഇത് ആശുപത്രികളുടെയും ഡോക്ടര്‍മാരുടെയും പ്രവര്‍ത്തനത്തിന് പലപ്പോഴും വിഘാതം സൃഷ്ടിക്കുന്നുവെന്നും സംസ്ഥാന പോലിസ് മേധാവിയെ സന്ദര്‍ശിച്ച ഐഎംഎ പ്രതിനിധികളായ ഡോ. ശ്രീജിത് എന്‍ കുമാര്‍, ഡോ. ആര്‍ സി ശ്രീകുമാര്‍ എന്നിവര്‍ ശ്രദ്ധയില്‍പ്പെടുത്തി. സര്‍ക്കാരുമായും ബന്ധപ്പെട്ടവരുമായും ആലോചിച്ച് ആശുപത്രികളുടെയും ഡോക്ടര്‍മാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് അവശ്യം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss