|    Jan 18 Wed, 2017 5:11 am
FLASH NEWS

ഡൊമിനിക്കിന്റെ പതനത്തിനിടയാക്കിയത് ലീഗിലെ പടല പിണക്കം

Published : 24th May 2016 | Posted By: SMR

മട്ടാഞ്ചേരി: കൊച്ചി നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡൊമിനിക്ക് പ്രസന്റേഷന്റെ പരാജയത്തിന്റെ കാരണങ്ങളില്‍ മട്ടാഞ്ചേരിയിലെ മുസ്‌ലിം ലീഗിനുളളിലെ വിഭാഗീയത എടുത്തു പറയേണ്ടതുണ്ട്. ഇന്നേ വരെ പാര്‍ലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പഴയ കൊച്ചി മണ്ഡലം സിപിഎം ചിഹ്നത്തെ തുണച്ചിട്ടില്ല.
കൊച്ചി മേയര്‍ ആയിരുന്ന പ്രമുഖ നേതാവ് ടി എം മുഹമ്മദ് പോലും ലീഗിനു മുന്നില്‍ അടിതെറ്റി വീണിരുന്നു. ഈ കണക്കുകള്‍ നന്നായി മനസ്സിലാക്കിയിട്ടുളള ഡൊമിനിക്ക് പ്രസന്റേഷന്‍ റിബല്‍ സാന്നിധ്യത്തെ ഗൗനിച്ചിരുന്നില്ല. പരാജയത്തിനു ശേഷം അദ്ദേഹം പറഞ്ഞത് റിബലല്ല പ്രശ്‌നം കൂടെ നിന്നവര്‍ ചതിച്ചുവെന്ന തരത്തിലായിരുന്നു.
കണക്കുകള്‍ കൂട്ടുമ്പോള്‍ ലീഗ് സാന്നിധ്യമുളള മേഖലകളിലാണ് സിപിഎമ്മിന് വന്‍ ഭൂരിപക്ഷം ലഭിച്ചത്. നാലക്ക ഭൂരിപക്ഷം കടന്നത് നിയോജക മണ്ഡലം പ്രസിഡന്റിന്റെ ഡിവിഷന്‍ 2ല്‍ (കല്‍വത്തി) ആയിരുന്നു. മറുവിഭാഗം നേതാക്കള്‍ക്ക് സ്വാധീനമുളള ബൂത്തുകളിലും ഡിവിഷനുകളിലും വോട്ടുകള്‍ മറിച്ചടിച്ച് അവരെ ഇടിച്ചുതാഴ്ത്തി.
1086 വോട്ടിനാണ് സ്ഥാനാര്‍ഥി തോറ്റത്. ഡിവിഷന്‍ രണ്ടില്‍ 1172 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ സിപിഎമ്മിന് ലഭിച്ചത്. ഈ ഡിവിഷന്‍ മുസ്‌ലീഗ് മണ്ഡലം പ്രസിഡന്റും യുഡിഎഫ് തിരഞ്ഞെടുപ്പു കമ്മറ്റി ചെയര്‍മാന്‍ സ്ഥാനവും വഹിക്കുന്ന നേതാവിന്റെ ഡിവിഷന്‍ ആണെന്നു കൂടി ഓര്‍ക്കണം. മാത്രമല്ല പ്രചരണത്തിനായി തങ്ങള്‍ പ്രസംഗിച്ച സ്ഥലവും കൂടിയാണ്. എതിര്‍വിഭാഗം മറിച്ച 1172 വോട്ടില്‍ പകുതി കൂടി ലഭിച്ചിരുന്നുവെങ്കില്‍ യുഡിഎഫ് രക്ഷപ്പെടുമായിരുന്നു. കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പില്‍ 1500ല്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ 5ാം ഡിവിഷനില്‍ നിന്നും ലീഗ് സ്ഥാനാര്‍ഥി വിജയിച്ചത്. ഈ തിരഞ്ഞെടുപ്പില്‍ 500 ല്‍ പരം വോട്ടിന് പിന്നിലേക്കു പോയി.
കൂടാതെ ലീഗ് സാന്നിധ്യമുളള ഡിവിഷന്‍ 5,7,13 കളിലും സിപിഎമ്മിന് മികവ് പുലര്‍ത്താനായി. തിരഞ്ഞെടുപ്പു പ്രചരണ സമയത്തും രണ്ടു ഗ്രൂപ്പുകള്‍ തമ്മിലുളള കലഹം രൂക്ഷമായിരുന്നു. ഇതേ തുടര്‍ന്ന് രണ്ടു ഡിവിഷനിലെ കണ്‍വന്‍ഷന്‍ പോലും യുഡിഎഫിന് മാറ്റി വയ്‌ക്കേണ്ടി വന്നു. നഗരസഭ തിരഞ്ഞെടുപ്പില്‍ റിബലിനെ നിര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പിച്ച ലീഗ് നേതാവിനെ കമ്മിറ്റി പുറത്താക്കിയിരുന്നു. ഇയാളെ ഡൊമിനിക്ക് കൂടെ കൂട്ടിയതു പോരിന്റെ മൂര്‍ച്ച വര്‍ധിപ്പിച്ചു. കൊച്ചങ്ങാടിയില്‍ നടന്ന പ്രചരണത്തില്‍ ഇതിന്റെ പ്രതിഫലനമുണ്ടായി. ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തോല്‍വിയുടെ യഥാര്‍ത്ഥ വസ്തുത ലീഗിനുള്ളിലെ തന്‍ പോരിമയായിരുന്നു. ഇവിടെ നിന്നും കിട്ടുന്ന ഭൂരിപക്ഷം കൊണ്ട് റിബലിനെ തളയ്ക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.
മണ്ഡലം കമ്മിറ്റി വിളിച്ചു കൂട്ടാതെ തന്നിഷ്ടപ്രകാരം കമ്മിറ്റികള്‍ കെട്ടി ഇറക്കുന്നതാണ് പ്രശ്‌നം. പലയിടത്തും ലീഗിന് രണ്ടു ഡിവിഷന്‍ കമ്മിറ്റികള്‍ വീതമാണുള്ളത്. മറുപക്ഷത്തിനു സ്വാധീനതമുള്ള മേഖലയില്‍ വോട്ടു കുറപ്പിച്ച് അവര്‍ ഒന്നുമല്ലെന്ന് വരുത്തിത്തീര്‍ക്കുന്നതിലാണ് ഇരു വിഭാഗവും മല്‍സരിച്ചത്. ഇതിന്റെ ഫലം അനുഭവിച്ചതാവട്ടെ കോണ്‍ഗ്രസും. ലീഗിലെ ഇരു വിഭാഗവും നടത്തുന്ന പരിപാടികള്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് എതിര്‍വിഭാഗത്തിന്റെ അപ്രീതി ഭയന്ന് പങ്കെടുക്കാന്‍ പറ്റാത്ത സ്ഥിതിയുമായിരുന്നു.
ലീഗിലെ കടുത്ത ഭിന്നതയാണ് തോല്‍വിക്കുളള യഥാര്‍ത്ഥ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 65 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക