|    Nov 20 Tue, 2018 4:51 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഡൊമിനിക്കിനെ കാണാതായിട്ട് എട്ടുദിനം; പ്രാര്‍ഥനയോടെ കുടുംബം

Published : 25th August 2018 | Posted By: kasim kzm

ഇരിട്ടി: ആര്‍ത്തലച്ച് ഒഴുകുന്ന പുഴയോരത്തെ വീട്ടില്‍ കരഞ്ഞു കലങ്ങിയ കണ്ണുമായി കാത്തിരിക്കുകയാണ് പയഞ്ചേരിയിലെ ലിസിയും മൂന്ന് മക്കളും. കഴിഞ്ഞദിവസം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇരിട്ടി പുഴയിലുണ്ടായ പ്രളയവേളയിലാണ്
ഭര്‍ത്താവ് ഡൊമിനിക്കിനെ കാണാതായത്. ഒഴുക്കില്‍പ്പെട്ടിരിക്കാമെന്ന സംശയത്താല്‍ എട്ടുദിവസമായി തിരച്ചില്‍ നടത്തിയിട്ടും ഫലമില്ല. പയഞ്ചേരി ന്യൂ റോയല്‍സ് എന്‍ജിനീയറിങ് സ്ഥാപനത്തിന്റെ ഉടമയാണ് 60കാരനായ കെ വി ഡൊമിനിക്. കനത്ത മഴയ്‌ക്കൊപ്പം അമ്പായത്തോട്ടിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വീടിനു പിറകിലൂടെ ഒഴുകുന്ന പുഴ നിറഞ്ഞു കവിഞ്ഞു. വൈദ്യുതി നിലച്ചതിനാല്‍ ഡൊമിനിക് അന്നു മുഴുസമയവും വീട്ടിലുണ്ടായിരുന്നു.
പുഴയില്‍ ജലവിതാനം ഉയരുന്നത് അദ്ദേഹത്തെ അസ്വസ്ഥനാക്കി. വീട്ടില്‍ വെള്ളം കയറുമോയെന്ന ഭയത്താല്‍ ഇടയ്ക്കിടെ പുഴയോരത്ത് പോയി നോക്കുമായിരുന്നു. അന്നു വൈകീട്ട് ആറോടെ കുളിക്കാനായി വീടിനു പിറകിലെ ശുചിമുറിയിലേക്ക് പോയ ഡൊമിനിക്കിനെ പിന്നെ ആരും കണ്ടില്ല. അരമണിക്കൂര്‍ കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പുഴ കലങ്ങിമറിഞ്ഞ് കുത്തൊഴുക്കിലായിരുന്നു. നാട്ടുകാര്‍ വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് പഴശ്ശി പദ്ധതിവരെ ഇരുകരകളിലും പരിശോധന നടത്തി. ടെലി കാമറയുടെ സഹായത്തോടെ പരിശോധിച്ചെങ്കിലും ഒരു ഫലവും ഉണ്ടായില്ല. എട്ടുദിവസം പിന്നിട്ടതോടെ ലിസിയും മക്കളും വേദന തിന്നു കഴിയുകയാണ്. വീടിനു സമീപത്തെ എസ്ബിഐയുടെ നിരീക്ഷണ കാമറ പരിശോധിച്ചപ്പോള്‍ ഡൊമിനിക്ക് പറമ്പിന്റെ ഒരു മൂലയില്‍ നിന്ന് പുഴയിലെ വെള്ളം നോക്കി തിരിച്ചുവരുന്നതായി പതിഞ്ഞിട്ടുണ്ട്. പറമ്പിന്റെ മറ്റൊരു മൂലയില്‍ പുഴയില്‍വച്ച മോട്ടോര്‍ പരിശോധിക്കാന്‍ പോയപ്പോള്‍ അബദ്ധത്തില്‍ പുഴയിലേക്ക് വീണിരിക്കാമെന്നാണു സംശയം. എട്ടാംക്ലാസുകാരന്‍ ആല്‍ബിന്‍ എന്ന ജോസഫും മറ്റ് രണ്ടു സഹോരങ്ങളായ അബിനും അജേഷും അമ്മയ്‌ക്കൊപ്പം പ്രാര്‍ഥനയില്‍ കഴിയുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss