|    Oct 17 Wed, 2018 1:20 pm
FLASH NEWS
Home   >  Pravasi   >  

ഡൊണാള്‍ഡ് ട്രംപ് സല്‍മാന്‍ രാജാവുമായി ഫോണില്‍ സംസാരിച്ചു

Published : 31st January 2017 | Posted By: fsq

1

ജിദ്ദ: സിറിയന്‍ അഭയാര്‍ഥികള്‍ക്കും ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യക്കാര്‍ക്കും അമേരിക്കയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സല്‍മാന്‍ രാജാവുമായി ടെലഫോണില്‍ ആശയവിനിമയം നടത്തി. അന്തര്‍ദേശീയ വിഷയങ്ങളും അറബ് മേഖലയിലെ സംഭവവികാസങ്ങളും സാമ്പത്തിക-സൈനിക-സുരക്ഷാ മേഖലയിലെ ബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും ഇരു രാഷ്ട്ര തലവന്‍മാരും ചര്‍ച്ചചെയ്തതായി സൗദി പ്രസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ചെറുക്കുന്നതും ഇതിനായി പണം അനുവദിക്കുന്നതും ചര്‍ച്ചാവിഷയമായി.ജനുവരി 20ന് പ്രസിഡന്റ് പദവി ഏറ്റെടുത്ത ട്രംപ്  ആദ്യമായാണ് സല്‍മാന്‍ രാജാവുമായി ഫോണ്‍ സംഭാഷണം നടത്തുന്നത്. സൗദിയില്‍ സന്ദര്‍ശനം നടത്തുന്നതിന് ട്രംപിനെ സല്‍മാന്‍ രാജാവ് ക്ഷണിച്ചു. ഇരു രാജ്യങ്ങളിലെയും ഭരണാധികാരികള്‍ പരസ്പര സന്ദര്‍ശനം നടത്തുന്നതിന്റെയും പരസ്പര സഹകരണം വര്‍ധിപ്പിക്കുന്നതിന്റെയും തന്ത്രപരമായ പങ്കാളിത്തം തുടരേണ്ടതിന്റെയും പ്രാധാന്യം പ്രത്യേകം പരാമര്‍ശിച്ചു. ഇറാന്‍, സിറിയ, യമന്‍ വിഷയങ്ങള്‍ പ്രധാന ചര്‍ച്ചയായി.സംഭാഷണം ഒരു മണിക്കൂറിലേറെ നീണ്ടുനിന്നതായി വൈറ്റ് ഹൗസ് അറിയിച്ചു. ആഗോള തലത്തില്‍ ഭീകരതയെ നേരിടൂന്നതിനും മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിനും ട്രംപ് സല്‍മാന്‍ രാജാവിന്റെ സഹായം തേടിയതായും ഭീകരതക്കെതിരേ ഒന്നിച്ചു നില്‍ക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മില്‍ സാമ്പത്തിക മേഖലയിലും മറ്റും സഹകരണങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഇരു ഭരണാധികാരികളും സംസാരിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.അബുദബി കിരീടാവകാശിയും യുഎഇ സായുധസേന സുപ്രിം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായും കഴിഞ്ഞ ഞായറാഴ്ച ട്രംപ്് ടെലഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്തതായി യുഎഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഡബ്യു.എ.എം റിപോര്‍ട്ട് ചെയ്തു. ഇറാന്‍, ഇറാഖ്, സിറിയ, യമന്‍, സുദാന്‍, ലിബിയ, സോമാലിയ എന്നീ ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യക്കാരെ 90 ദിവസത്തേക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്നു വിലക്കിയതായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രംപ് പ്രഖ്യാപിച്ചത്. സിറിയന്‍ അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. തീരുമാനം ലോകവ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. അതേസമയം, നിയമവിധേയ വിസയുള്ള ആരെയും പ്രസിഡന്റിന്റെ ഉത്തരവിന്റെ പേരില്‍ തടയരുതെന്ന് ന്യൂയോര്‍ക്ക് ഡിസ്ട്രിക്റ്റ് ആന്‍ ഡോണലി അടിയന്തര ഉക്കരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യക്കാര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് വിലക്കിയ പശ്ചാത്തലത്തില്‍ ഡൊണാള്‍ഡ് ട്രംപും സല്‍മാന്‍ രാജാവും തമ്മിലുള്ള ചര്‍ച്ചക്കു വലിയ പ്രാധാന്യമുണ്ടെന്ന് അന്താരാഷ്ട്ര രാഷ്ട്രീയ വിദഗ്ധര്‍ വലയിരുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss