|    Aug 23 Wed, 2017 7:23 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ ; നാലുമാസത്തിനിടെ 251 പേര്‍ കൊല്ലപ്പെട്ടതായി യുഎന്‍

Published : 5th August 2017 | Posted By: fsq

 

കിന്‍ഷാസ: കോംഗോ ജനാധിപത്യ റിപബ്ലിക്കില്‍ (ഡിആര്‍സി) സായുധവിഭാഗങ്ങളുടെയും സര്‍ക്കാര്‍ സൈന്യത്തിന്റെയും ആക്രമണത്തില്‍ ഈവര്‍ഷം മാര്‍ച്ചിനും ജൂണ്‍ 15നുമിടയില്‍ 251 പേര്‍ കൊല്ലപ്പെട്ടതായി യുഎന്‍. കൊല്ലപ്പെട്ടവരില്‍ 62 കുട്ടികളും ഉള്‍പ്പെടുന്നതായി യുഎന്‍ മനുഷ്യാവകാശ വിഭാഗത്തിന്റെ അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു. ഡിആര്‍സിയിലെ കസായ് മേഖലയില്‍ നിന്ന് അയല്‍രാജ്യമായ അംഗോളയിലേക്ക് പലായനം ചെയ്ത 96 അഭയാര്‍ഥികളുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് യുഎന്‍ റിപോര്‍ട്ട് തയ്യാറാക്കിയത്. കൊലപാതകത്തിനു പുറമേ വെട്ടിപ്പരിക്കേല്‍പിക്കലും തട്ടിക്കൊണ്ടുപോവലും ബലാല്‍സംഗവുമടക്കമുള്ള ആക്രമണങ്ങള്‍ നേരിടേണ്ടിവരുന്നതായി അഭയാര്‍ഥികള്‍ യുഎന്‍ സംഘത്തെ അറിയിച്ചു. ജോസഫ് കബില സര്‍ക്കാരിനെ അനുകൂലിക്കുന്ന സായുധസംഘങ്ങളായ ബാന മുറ, കാംവിന എന്‍സാപു എന്നിവയും സൈന്യവുമാണ് കൊലപാതകത്തിന് ഇത്തരവാദികള്‍. 171 പേര്‍ക്കെതിരെയാണു ബാന മുറ സായുധരുടെ ആക്രമണമുണ്ടായത്. ഇതില്‍ 150പേര്‍ കൊല്ലപ്പെട്ടു. 86 പേര്‍ക്കെതിരേ കാംവിന എന്‍സാപു പ്രവര്‍ത്തകരുടെ ആക്രമണമുണ്ടാവുകയും ഇതില്‍ 79 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. 25പേര്‍ക്കെതിരെയായിരുന്നു സൈന്യത്തിന്റെ ആക്രമണം. ഇതില്‍ 22പേര്‍ കൊല്ലപ്പെട്ടതായും യുഎന്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കി. പ്രസിഡന്റ് ജോസഫ് കബിലയെ എതിര്‍ക്കുന്ന വിമത വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള ഗ്രാമങ്ങള്‍ക്കുനേര്‍ക്കാണ് ആക്രമണങ്ങള്‍ വ്യാപകമായുണ്ടായത്. അക്രമികള്‍ നിരവധി വീടുകള്‍ തകര്‍ക്കുകയും തീവച്ചു നശിപ്പിക്കുകയും ചെയ്തതായി പലായനം ചെയ്തവര്‍ അറിയിച്ചു. വംശീയ ഉന്‍മൂലനത്തിലേക്കു നയിക്കാവുന്ന സാഹചര്യമാണ് കസായ് മേഖലയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് യുഎന്‍ മനുഷ്യാവകാശവിഭാഗം മേധാവി സെയ്ദ് റഅദ് അല്‍ ഹുസയ്ന്‍ മുന്നറിയിപ്പു നല്‍കി. ആളുകളെ ജീവനോടെ തീവച്ചും ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റിയുമുള്‍പ്പെടെയുള്ള പീഡനങ്ങളാണു കസായ് ഗ്രാമങ്ങളിലുള്ളവര്‍ നേരിട്ടത്. മേഖലയില്‍ 80ലധികം കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക