|    Jul 27 Thu, 2017 2:17 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഡെന്റല്‍ കോളജുമായുണ്ടാക്കിയ ധാരണ സര്‍ക്കാര്‍ പിന്‍വലിച്ചു; ഫീസ് ഏകീകരണമില്ല

Published : 24th August 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനത്തില്‍ ഏകീകൃത ഫീസ് നടപ്പാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. ഫീസ് ഏകീകരണം സംബന്ധിച്ച് സ്വാശ്രയ ഡെന്റല്‍ കോളജ് മാനേജ്‌മെന്റുകളുമായി ഉണ്ടാക്കിയ ധാരണ സര്‍ക്കാര്‍ പിന്‍വലിച്ചു. പുതിയ തീരുമാനമനുസരിച്ച് ഡെന്റല്‍ മെറിറ്റ് സീറ്റില്‍ മുന്‍വര്‍ഷത്തെ ഫീസ് ഈടാക്കും. മാനേജ്‌മെന്റ് സീറ്റില്‍ അസോസിയേഷനുമായി ചര്‍ച്ച തുടരാനും തീരുമാനിച്ചു.
അതേസമയം, എല്ലാ സ്വാശ്രയ കോളജുകളിലെയും മുഴുവന്‍ സീറ്റിലും മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രവേശനം നടത്തുമെന്നു വ്യക്തമാക്കി സര്‍ക്കാര്‍ ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചു. കേരള ക്രിസ്ത്യന്‍ പ്രൊഫഷനല്‍ കോളജ് മാനേജ്‌മെന്റ് ഫെഡറേഷനു കീഴിലുള്ള കോളജുകളിലെ മെറിറ്റ്, മാനേജ്‌മെന്റ്, എന്‍ആര്‍ഐ സീറ്റുകളിലേക്കുള്ള ഫീസും നിശ്ചയിച്ചിട്ടുണ്ട്.
ഇതോടെ എംബിബിഎസിനും ബിഡിഎസിനും ഏകീകൃത ഫീസുണ്ടാവില്ലെന്ന് ഉറപ്പായി. ഡെന്റലില്‍ മെറിറ്റ്-മാനേജ്‌മെന്റ് വ്യത്യാസമില്ലാതെ 85 ശതമാനം സീറ്റിലും ഏകീകൃത ഫീസായ നാലു ലക്ഷം രൂപയാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. ഇതില്‍ 10 ശതമാനം സീറ്റിലേക്ക് ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്ക് അരലക്ഷം രൂപ ഫീസില്‍ പഠിക്കാന്‍ അവസരം നല്‍കും. 15 ശതമാനം എന്‍ആര്‍ഐ സീറ്റില്‍ 5.75 ലക്ഷം രൂപ ഫീസും നാലു ലക്ഷം രൂപ പലിശയില്ലാത്ത നിക്ഷേപവുമായിരുന്നു നിശ്ചയിച്ചിരുന്നത്.
എന്നാല്‍, ഏകീകൃത ഫീസ് ഏര്‍പ്പെടുത്തിയതോടെ മെറിറ്റ് സീറ്റിലടക്കം വന്‍തോതില്‍ ഫീസ് വര്‍ധിച്ചതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മുന്‍വര്‍ഷങ്ങളില്‍ സബ്‌സിഡി ലഭ്യമായിരുന്ന വിഭാഗത്തിന് അതു നഷ്ടപ്പെടുന്നുവെന്ന ആരോപണവും ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് ഡെന്റല്‍ കോളജ് മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയിലെ ഫീസ് ഏകീകരണമെന്ന ധാരണ പിന്‍വലിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.
അതേസമയം, കേരള ക്രിസ്ത്യന്‍ പ്രൊഫഷനല്‍ കോളജ് മാനേജ്‌മെന്റ് ഫെഡറേഷനു കീഴിലുള്ള കോളജുകളില്‍ എന്‍ആര്‍ഐ ക്വാട്ട ഒഴികെ മുഴുവന്‍ സീറ്റിലും ഏകീകൃത ഫീസായിരിക്കും. എല്ലാ സീറ്റിലും 4,40,000 രൂപയായിരിക്കും വാര്‍ഷിക ഫീസ്. കഴിഞ്ഞ വര്‍ഷം സര്‍ക്കാരുമായുണ്ടാക്കിയ ധാരണ പ്രകാരമാണിത്. എന്‍ആര്‍ഐ സീറ്റുകളില്‍ 12 ലക്ഷം രൂപയാണ് വാര്‍ഷിക ഫീസായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്.
എന്നാല്‍, ഈ കോളജുകള്‍ വിദ്യാര്‍ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തണം. 100 എംബിബിഎസ് സീറ്റുകളുള്ള കോളജില്‍ 44 ലക്ഷം രൂപ സ്‌കോളര്‍ഷിപ്പ് നല്‍കാനായി പ്രത്യേക ഫണ്ടായി മാറ്റിവയ്ക്കണം. ബിപിഎല്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളുടെ വാര്‍ഷിക ഫീസില്‍ ഇളവു നല്‍കാനായിട്ടാണിത്. സംസ്ഥാന പ്രവേശന പരീക്ഷയില്‍ നിന്നു പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്കായിരിക്കും സ്‌കോളര്‍ഷിപ്പ് ലഭിക്കുക.
പരിയാരം, കണ്ണൂര്‍ ഉള്‍പ്പെടെയുള്ള സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 50 ശതമാനം മെറിറ്റ്, 35 ശതമാനം മാനേജ്‌മെന്റ് സീറ്റ്, 15 ശതമാനം എന്‍ആര്‍ഐ ക്വാട്ട എന്നിവയിലേക്കുള്ള ഫീസ് പിന്നീട് തീരുമാനിക്കും. സര്‍ക്കാര്‍ നിശ്ചയിച്ച ഫീസിനു പുറമേ കോഷന്‍ ഡെപ്പോസിറ്റായി 10,000 രൂപ വാങ്ങാം. എന്നാല്‍, മറ്റു തുകയൊന്നും വാങ്ങാന്‍ പാടില്ലെന്നും എല്ലാ തുകയ്ക്കും രസീത് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക