|    Jul 25 Tue, 2017 6:24 pm
FLASH NEWS

ഡെന്റല്‍ ഓപറേറ്റിങ് റൂം അസിസ്റ്റന്റ് കോഴ്‌സിന് അംഗീകാരമില്ല;വിദ്യാര്‍ഥികള്‍ ആശങ്കയില്‍

Published : 1st October 2016 | Posted By: Abbasali tf

കോഴിക്കോട്: ഡെന്റല്‍ കോളജിലെ ഡെന്റല്‍  ഓപറേറ്റിങ് റൂം അസി. കോഴ്‌സിനു ഇന്ത്യന്‍ ദന്തല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ല. കോഴ്‌സ് കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥികള്‍ ജോലിക്ക് അപേക്ഷിക്കാന്‍ പോലുമാവാതെ വലയുന്നു. കോഴിക്കോട് ഡെന്റല്‍  കോളജില്‍ 2011ലാണ് മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ രണ്ടു വര്‍ഷത്തെ ഡെന്റല്‍  ഓപറേറ്റിങ് റൂം അസിസ്റ്റന്റ് കോഴ്‌സ് ആരംഭിച്ചത്. തിരുവനന്തപുരം, കോഴിക്കോട് ഡെന്റല്‍ കോളജുകളില്‍ നിന്നായി അറുപതോളം വിദ്യാര്‍ഥികള്‍ പഠിച്ചിറങ്ങിയിട്ടുണ്ട്. രണ്ടു ദന്തല്‍ കോളജിലുമായി പത്തു വീതം സീറ്റുകളാണ് അനുവദിച്ചത്. മൂന്ന് ബാച്ചുകളിലെ വിദ്യാര്‍ഥികള്‍ കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങിയെങ്കിലും ജോലി ലഭിച്ചിട്ടില്ല. പ്ലസ്ടുവാണ് കോഴ്‌സിനുള്ള യോഗ്യത. തൊഴില്‍ സാധ്യതയുള്ള കോഴ്‌സ് എന്ന നിലക്കാണ് പലരും കോഴ്‌സിനു ചേരുന്നത്. എന്നാല്‍ ദന്തല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്തതിനാല്‍ പിഎസ്‌സി പരീക്ഷകള്‍ എഴുതാനോ ഉപരിപഠനത്തിനു വിദേശത്തേക്ക് പോവാനോ സാധിക്കാതെ വിദ്യാര്‍ഥികള്‍ വലയുകയാണ്. കേരള ദന്തല്‍ കൗണ്‍സില്‍ വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷനും തടഞ്ഞുവച്ചിരിക്കയാണെന്ന് പരാതിയുയരുന്നു. കോഴ്‌സ് കഴിഞ്ഞവരെ ദന്തല്‍ കോളജുകളില്‍ ആവശ്യമുണ്ടെങ്കിലും തസ്തിക നിലവിലില്ലാത്തതിനാല്‍ നിയമനം നടക്കുന്നില്ല. തസ്തികകളിലേക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുകയാണ് പതിവ്. സര്‍ക്കാര്‍ തലത്തില്‍ ഈ കോഴ്‌സിന്റെ തസ്തിക കൊണ്ടുവരാനും ദന്തല്‍ കൗണ്‍സില്‍ അംഗീകാരം നേടാനുമായി വിദ്യാര്‍ഥികള്‍ നിവേദനം നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. അംഗീകാരത്തിനായി ശ്രമം നടത്തുന്നുണ്ടെങ്കിലും വേണ്ട നടപടികള്‍ കൈകൊള്ളുമെന്നും ദന്തല്‍കോളജ് പ്രിന്‍സിപ്പല്‍ ഡോ. രമേശ് കുമാര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക