|    Oct 18 Thu, 2018 3:51 am
FLASH NEWS

ഡെങ്കിപ്പനി : മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Published : 20th September 2017 | Posted By: fsq

 

കല്‍പ്പറ്റ: ഇടവിട്ടുള്ള മഴയെ തുടര്‍ന്ന് വീണ്ടും ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി, എച്ച്1എന്‍1 എന്നീ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. വിവിധ പഞ്ചായത്തുകളിലെ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരും ബന്ധപ്പെട്ട ഉദേ്യാഗസ്ഥരും പങ്കെടുത്ത മഴക്കാല പകര്‍ച്ചവ്യാധി പ്രതിരോധ യോഗത്തിലാണ് നിര്‍ദേശം. ആരോഗ്യ ശുചിത്വ മേഖലയില്‍ പഞ്ചായത്തുകളുടെ ശക്തമായ ഇടപെടലുകള്‍ ആവശ്യമാണെന്നും ബോധവല്‍ക്കരണം നടക്കുന്നുണ്ടെങ്കിലും ഇത് ഗൗരവമായി എടുക്കാത്ത സ്ഥിതിവിശേഷമാണ് കാണുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരത്ത് കൊതുക് വളരുന്ന അവസ്ഥ സൃഷ്ടിക്കുന്നവര്‍ക്കെതിരേ വന്‍ തുക പിഴ ഈടാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും വകുപ്പ് ആവശ്യപ്പെട്ടു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും പിഴ ഈടാക്കാനുള്ള അധികാരം പഞ്ചായത്ത് ആക്റ്റ് പ്രകാരം നല്‍കിയാല്‍ ഇതു കൂടുതല്‍ ഫലപ്രദമാക്കാന്‍ കഴിയുമെന്നും അഭിപ്രായമുയര്‍ന്നു. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്തുകള്‍ കൈക്കൊണ്ട നടപടികള്‍ യോഗത്തില്‍ വിലയിരുത്തി. ഡെങ്കി കൊതുകുകള്‍ക്ക് വളരെ ചുരുങ്ങിയ ദൂരം മാത്രമാണ് സഞ്ചരിക്കാന്‍ കഴിയുക. പരിസരങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാതെ സൂക്ഷിക്കുന്നതിലൂടെ കൊതുകുകള്‍ വളരുന്നതു തടയാന്‍ കഴിയും. ഇതിലൂടെ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ തടയാം. ഇത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും യോഗം വിലയിരുത്തി. ജലാശയങ്ങള്‍ മലിനപ്പെടുത്തുന്നവരില്‍ നിന്നു പിഴയീടാക്കും. സ്ഥിരമായി മാലിന്യം തള്ളുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ ബോര്‍ഡുകള്‍ സ്ഥാപിക്കും. ഒക്‌ടോബര്‍ മുതല്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കും. വ്യാപാരികളെ ഉള്‍ക്കൊള്ളിച്ച് ശുചീകരണ പ്രവൃത്തികള്‍ നടത്തും. ആരോഗ്യകരമായ ഭക്ഷ്യവിതരണം ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. എഡിഎം കെ എം രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി ജോസഫ്, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. സന്തോഷ്, ഡോ. ജിതേഷ്, ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss