|    Jan 18 Wed, 2017 5:37 pm
FLASH NEWS

ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു; നിരവധി പേര്‍ ചികില്‍സയില്‍

Published : 4th July 2016 | Posted By: SMR

ബന്തടുക്ക: ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ബന്തടുക്ക ഇല്ലത്തുങ്കാലിലെ രാമണ്ണനായികിന്റെ മകന്‍ വസന്ത നായികാ(26)ണ് കഴിഞ്ഞ ദിവസം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഇയാള്‍ ചികില്‍സയിലായിരുന്നു.
ഇതോടെ കാലവര്‍ഷം ആരംഭിച്ചതിന് ശേഷം ജില്ലയില്‍ ഡെങ്കിപ്പനിബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ബന്തടുക്ക പ്രദേശത്തെ എട്ടോളം പേര്‍ ഡെങ്കിപ്പനിബാധിച്ച് ഇപ്പോള്‍ മംഗളൂരുവില്‍ ചികില്‍സയിലാണ്. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമ്പോഴും ഡെങ്കിപ്പനി നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. 52ഓളം പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചതെങ്കിലും രോഗലക്ഷണമുള്ള 250 ഓളം പേരെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്.
പുല്ലൂര്‍ പെരിയ, ബദിയടുക്ക, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകളില്‍ നിരവധി ആളുകള്‍ ചികില്‍സയിലാണ്. പനിബാധിച്ച് ദിവസേന ആയിരക്കണക്കിന് ആളുകളാണ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ചികില്‍സ തേടുന്നത്. സ്വകാര്യ ആശുപത്രികളിലും മംഗലാപുരത്തും ചികില്‍സ തേടുന്നവരുടെ കൃത്യമായ കണക്ക് ആരോഗ്യ വകുപ്പിന് ലഭ്യമായിട്ടില്ല. റബര്‍ തോട്ടങ്ങളിലും കവുങ്ങിന്‍ തോട്ടങ്ങളിലും ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളെ കണ്ടെത്തിയിട്ടുണ്ട്.
ആരോഗ്യ വകുപ്പ് ബോധവല്‍ക്കരണം നടത്തുന്നുണ്ടെങ്കിലും കൊതുകുകളുടെ ലാര്‍വകളെ നശിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുന്നില്ലെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ജില്ലയില്‍ 60ഓളം പേര്‍ക്ക് മലമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പനിബാധിതരുടെ നീണ്ടനിരതന്നെയാണ്. ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി, സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ സ്റ്റാഫോ ഇല്ലാത്ത സ്ഥിതിയാണ്.
മന്ത്രിസഭ അധികാരമേറ്റ ഉടനെ കലക്ടറേറ്റ് ചേംബറില്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ പകര്‍ച്ച വ്യാധികള്‍ തടയാന്‍ ഊര്‍ജിത നടപടികള്‍ കൈകൊള്ളുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്റെ സാന്നിധ്യത്തില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യ നിര്‍മാര്‍ജനത്തിനും ബോധവല്‍ക്കരണത്തിനും വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂര്‍, ചെര്‍ക്കള, ബദിയടുക്ക തുടങ്ങിയ നഗരങ്ങളില്‍ കുന്നുകൂടിയ മാലിന്യങ്ങള്‍ ഇതുവരെ നീക്കം ചെയ്തിട്ടില്ല. ഓവുചാലുകളില്ലാത്തതിനാല്‍ വെള്ളം കെട്ടിനിന്ന് കൊതുകുകള്‍ പെരുകുകയാണ്.
പ്രതിരോധ പ്രവര്‍ത്തനങ്ങ ള്‍ക്ക് അലോപ്പതിക്ക് പുറമെ ആയൂര്‍വേദ, ഹോമിയോ വിഭാഗങ്ങളും നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും ആരോഗ്യവകുപ്പ് ഇവയെ ഏകോപിപ്പിക്കാനുള്ള നടപടികളൊന്നും സ്വീകരിക്കുന്നില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക