|    Aug 19 Sat, 2017 12:57 pm
FLASH NEWS

ഡെങ്കിപ്പനി : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നഗരസഭ ഊര്‍ജിതപ്പെടുത്തുന്നു

Published : 14th June 2017 | Posted By: fsq

 

തിരുവനന്തപുരം: തലസ്ഥാനജില്ലയില്‍ പടര്‍ന്നു പിടിക്കുന്ന ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്നതില്‍ നഗരസഭ പരാജയപ്പെടുന്നെന്ന ആരോപണത്തിനിടെ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ നഗരസഭയുടെ നീക്കം. ഡെങ്കിപ്പനി നിവാരണനിയന്ത്രണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് നഗരസഭ  കോണ്‍ഫറന്‍സ് ഹാളില്‍ അവലോകനയോഗം ചേര്‍ന്നു. എല്ലാ വ്യാഴാഴ്ചകളിലും ഫോഗിങും സ്‌കൂളുകളില്‍ ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കുമെന്ന് മേയര്‍  വികെ പ്രശാന്ത് പറഞ്ഞു. അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ കഴിഞ്ഞ ഒരു മാസത്തെ ഡെങ്കിപ്പനി നിയന്ത്രണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. പോലിസ് സേനയെക്കൂടി ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്നും ഓടകളില്‍ കടല്‍ വെള്ളം ഒഴുക്കുമെന്നും മേയര്‍ പറഞ്ഞു. കൂടാതെ ഓഫീസുകളിലെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതില്‍ വകുപ്പു തലവന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കിയില്ലെങ്കില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടഞ്ഞു കിടക്കുന്ന ഫഌറ്റുകളില്‍ കൊതുകിന്റെ ഉറവിടമുണ്ടെങ്കില്‍ അവ നശിപ്പിക്കുവാനുള്ള നടപടികള്‍ കൈകൊള്ളും. ഫോഗിങ് സ്‌പ്രേയിങ് പോലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും വരും ദിവസങ്ങളില്‍ നടപ്പാക്കും. ദേശീയ ആരോഗ്യ വകുപ്പിന്റെ മിഷന്‍ അനന്തപുരിയിലൂടെ നഗരസഭയുടെയും ആരോഗ്യവകുപ്പിലെയും ആരോഗ്യ പ്രവര്‍ത്തകര്‍ ഊര്‍ജ്ജിത ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ജനങ്ങളുടെ ഭാഗത്തു നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി കാര്യക്ഷമാക്കേണ്ടതുണ്ടെന്ന് യോഗം ചര്‍ച്ച ചെയ്തു. ഡെങ്കിപ്പനി വ്യാപിപ്പിക്കുന്ന ഈഡിസ് ഈജിപ്തി കൊതുകിനു 30 മുതല്‍ 50 മീറ്റര്‍ വരെ മാത്രമേ സഞ്ചരിക്കുവാന്‍ സാധിക്കുകയുള്ളൂ. അതായത് തൊട്ടടുത്തുള്ള രണ്ട് വീടുകളിലെ പരിസരങ്ങളില്‍ കാണപ്പെടുന്ന ഈ കൊതുകിന്റെ ഉറവിടനശീകരണ പ്രവര്‍ത്തനം നടത്തേണ്ടത് വീട്ടുടമസ്ഥര്‍ തന്നെയാണ്. അതുകൊണ്ടു തന്നെ റസിഡന്‍സ് അസോസിയേഷനുകളും ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമാകണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചു. മിഷന്‍ അനന്തപുരിയുടെ കഴിഞ്ഞ ഒരു മാസത്തെ പ്രവര്‍ത്തനങ്ങളുടെ അവലോകനം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജെ. സ്വപ്‌നകുമാരി അവതരിപ്പിച്ചു. ജില്ലാതല പ്രവര്‍ത്തനങ്ങളുടെ അവലോകനം ഡോ. നീന റാണി അവതരിപ്പിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീകുമാര്‍, വെല്‍ഫെയര്‍ ഹെല്‍ത്ത് സ്റ്റാന്‍്ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഗീതഗോപാല്‍, ഡോ. ഇന്ദു, ഡോ. സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക