|    Mar 23 Fri, 2018 3:12 am

ഡെങ്കിപ്പനി തുടരുന്നു : പെരിന്തല്‍മണ്ണ ബൈപാസിലെ മാലിന്യകൂമ്പാരം ഭീഷണിയാവുന്നു

Published : 15th July 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: നഗരത്തിലും പരിസര പ്രദേശങ്ങളിലും ഡെങ്കിപ്പനി മരണം തുടരുമ്പോഴും പെരിന്തല്‍മണ്ണ ബൈപാസ് റോഡില്‍ തറയില്‍ ബസ്സ്റ്റാന്റിനും മാജിദൈന്‍ ജുമാ മസ്ജിദിനും ഇടയിലുള്ള ഏക്കര്‍ കണക്കിന് വയലില്‍ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യ ശേഖരം. വലിയങ്ങാടി, പാര്‍വതിപ്പാടം, ഉതരിപ്പറമ്പ്, മുട്ടുങ്ങല്‍. മുണ്ടത്തിപ്പടി, മാനത്തുമംഗലം തുടങ്ങിയ പ്രദേശവാസികളുടെ ആരോഗ്യത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തുകയാണ് ഈ മാലിന്യം. മഴ തുടങ്ങിയ ദിവസത്തെ വെള്ളമാണ് ആശുപത്രികളിലെ മാലിന്യം ഒഴുകുന്ന അഴുക്കുചാലില്‍ കലര്‍ന്ന് ഒഴുകി പോവാന്‍ വഴിയില്ലാതെ ആഴ്ചകളായി കെട്ടിക്കിടക്കുന്നത്. പതിനായിരക്കണക്കിന് കൊതുകുകള്‍ പെറ്റുപെരുകി അക്ഷരാര്‍ത്ഥത്തില്‍ ഭീകരാന്തരീക്ഷമായിത്തീര്‍ന്നിരിക്കുകയാണിവിടം. മാരകമായ പകര്‍ച്ചപ്പനികളുടെ പിടിയിലമര്‍ന്ന പ്രദേശം ഭയാനകമായ അവസ്ഥയിലാണുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ ഈ ശേഖരിക്കപ്പെടുന്ന വെള്ളം ദിവസങ്ങള്‍ക്കകം വറ്റിയോ ഒഴുകിയോ ഇല്ലാതായിരുന്നു.എന്നാല്‍, വെള്ളക്കെട്ട് ഒഴിഞ്ഞുപോയിരുന്ന വയലിന്റെ മധ്യഭാഗത്ത് വൈദ്യുതി വകുപ്പിന്റെ ഭീമന്‍ ടവര്‍ രണ്ടു മാസം മുമ്പ് പണിതതോടെ, അതിന്റെ തറ സ്വാഭാവികമായും ഉയര്‍ത്തിക്കെട്ടിയതിനാല്‍ ഇപ്പോള്‍ ഒഴുക്ക് നിലയ്ക്കുകയായിരുന്നു.ഊട്ടി റോഡില്‍ സ്ഥിതി ചെയ്യന്ന ആശുപത്രിയുടെ ഉടമസ്ഥതയിലുള്ളതാണ് പതിറ്റാണ്ടായി കൃഷി നിലച്ച ഈ വയല്‍. ആശുപത്രിയിലെ മാലിന്യം കലര്‍ന്ന വെള്ളമായതിനാല്‍ ഈ വയലിന്റെ അതിരുകളില്‍ ഇടതൂര്‍ന്ന നിലയിലുണ്ടായിരുന്ന വലിയ വിള തന്നിരുന്ന തെങ്ങുകളില്‍ ഒട്ടുമിക്കതും നശിച്ചു കഴിഞ്ഞു. ശേഷിച്ചവ കൂമ്പ് ചീഞ്ഞ് ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. ബൈപാസിനെയും തറയില്‍ ബസ്സ്റ്റാന്റിനെയും സമീപത്തെ മാജിദൈന്‍ ജുമാമസ്ജിനെയും അളയക്കാട് നരസിംഹമൂര്‍ത്തീ ക്ഷേത്രത്തെയും പ്രൈമറി സ്‌കൂള്‍, മദ്്‌റസ എന്നിവയെയും വലിയങ്ങാടിയെയും അല്‍ശിഫ, മൗലാനാ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളെയും  പരസ്പരം ബന്ധിപ്പിക്കുന്ന നടവഴിയുടെ ഓരത്താണ്  ഈ മാലിന്യ വെള്ളക്കെട്ട് എന്നതിനാല്‍ ഈ വഴി ദിനേന ഉപയോഗിക്കുന്ന നൂറുകണക്കിന് കാല്‍നടക്കാര്‍ക്കും ഇപ്പോഴത്തെ അവസ്ഥ വലിയ ഭീഷണിയായിരിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss