|    Jan 20 Fri, 2017 7:22 am
FLASH NEWS

ഡെങ്കിപ്പനി; കൃത്യമായ കണക്കുകള്‍ പുറത്തുവിടാതെ ആരോഗ്യവകുപ്പ്

Published : 5th June 2016 | Posted By: SMR

തൊടുപുഴ: മുനിസിപ്പാലിറ്റിയില്‍ 32 ഡെങ്കിപ്പനിക്കേസുകള്‍ റിപോര്‍ട്ട് ചെയ്തതായി നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ അടിയന്തര യോഗത്തില്‍ റിപോര്‍ട്ട് ചെയ്തു.തൊടുപുഴ കൗണ്‍സില്‍ ഹാളില്‍ ഇന്നലെ അടിയന്തിരമായി വിളിച്ചു ചേര്‍ത്ത യോഗമായിരുന്നു ഇത്.കൃത്യമായ കണക്ക് പുറത്ത് വിടാന്‍ ജില്ലാ ആരോഗ്യവകുപ്പ് മടിക്കുന്നതായി പരാമര്‍ശമുണ്ടായി.തൊടുപുഴയിലെ സ്വകാര്യ ആശുപത്രികളിലും താലൂക്കാശുപത്രികളിലുമായി 100 ലധികം പേര്‍ക്ക് രോഗമുണ്ടെന്നാണ് വിവരം.സ്വകാര്യ ആശുപത്രികളിലെ കണക്ക് ആരോഗ്യ വകുപ്പിനില്ല.
ചെയര്‍പേഴ്‌സണ്‍ സഫിയാ ജബ്ബാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ നഗരസഭയിലെ 35 വാര്‍ഡുകളിലെയും,ആശാവര്‍ക്കര്‍മാര്‍,താലൂക്കാശുപത്രി ജീവനക്കാര്‍.ജില്ല വെറ്റര്‍ യൂനിറ്റ്,വാര്‍ഡ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.വണ്ണപ്പുറം,കോടിക്കുളം,കുമാരമംഗലം പഞ്ചായത്ത് എന്നീ ഭാഗങ്ങളോട് ചേര്‍ന്ന വാര്‍ഡുകളിലാണ് ഡെങ്കിപ്പനി വ്യാപകമാകുന്നത്.വാര്‍ഡുകളില്‍ ആശാവര്‍ക്കര്‍മാരുടെയും,കുടുംബശ്രീയുടെയും പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് ആരോഗ്യവിഭാഗം താലുക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മാത്യൂ കുറ്റപ്പെടുത്തി.തൊടുപുഴ താലൂക്കാശുപത്രിയില്‍ 28 പേര്‍ ചികിത്സയില്‍ കഴിയുന്നതായാണ് ആശുപത്രി സൂപ്രണ്ട് അറിയിച്ചത്.
ശുചികരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ പല വാര്‍ഡുകളിലും വീഴ്ചയുള്ളതായി യോഗം കണ്ടെത്തി.ശുചീകരണത്തിനെത്തുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് ആവശ്യമായ രീതിയിലുള്ള പ്രതിരോധം ഒരുക്കുന്നതില്‍ മുന്നിസിപ്പാലിറ്റിക്ക് കഴിയുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നു.
കുമാരമംഗലത്ത് ഡെങ്കിപ്പനി പ്രതിരോധത്തിനെത്തിയ ആശാ വര്‍ക്കര്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലാണെന്നും യോഗത്തില്‍ സഹപ്രവര്‍ത്തകര്‍ അറിയിച്ചു.ചില വാര്‍ഡുകളില്‍ ആരോഗ്യ വിഭാഗത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലാണെന്ന് കൗണ്‍സിലര്‍മാരും കുറ്റപ്പെടുത്തി.തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി ഏക്കര്‍ കണക്കിനു റബര്‍ തോട്ടങ്ങളില്‍ കൊതുകുകള്‍ മുട്ടയിട്ട് പെരുകി.ഇതാണ് രോഗം വ്യാപിക്കുന്നതിനു കാരണമാകുന്നതെന്നു സിപിഎം കൗണ്‍സിലര്‍ ആര്‍ ഹരി പാരാതിപ്പെട്ടു.
റബര്‍ തോട്ടങ്ങളില്‍ വന്‍ കൂത്താടിക്കൂട്ടമുള്ളതായും ഇവ നശിപ്പിക്കാന്‍ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കാനും കൗണ്‍സില്‍ തീരുമാനിച്ചു.
കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ 35 വാര്‍ഡുകളിലും ഫോഗിങും,കൊതുക് ഉറവിട നശീകരണവും നടത്താന്‍ യോഗത്തില്‍ തീരുമാനമെടുത്തു.നഗരത്തിലെ ചില സ്‌കൂളുകളുടെ പരിസരങ്ങളില്‍ വ്യാപകമായി മാലിന്യം തള്ളിയതായി ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടു.ഇത്തരം സംഭവങ്ങളില്‍ നിയമനടപടി സ്വീകരിക്കാന്‍ പോലിസിനെ സമീപിക്കാനും ധാരണയായി.ചില കൗണ്‍സിലര്‍മാരുടെ വീടും പരിസരവും ശുചിത്വമില്ലാത്തതെന്ന് പിറുപിറുപ്പും യോഗത്തിലുണ്ടായി.
വഴിപാടായി യോഗങ്ങള്‍
തൊടുപുഴ: ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ഇന്നലെ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത് 15 കൗണ്‍സിലര്‍മാര്‍ മാത്രം. കഴിഞ്ഞ ദിവസം നടന്ന കൗണ്‍സിലിലും ആരോഗ്യവിഭാഗം ക്ലീന്‍ തൊടുപുഴ പദ്ധതി ചര്‍ച്ച ചെയ്തപ്പോഴും കൗണ്‍സിലര്‍മാരുടെ എണ്ണം കുറഞ്ഞു.
ചില കൗണ്‍സിലര്‍മാരുടെ അംഗത്വം മുന്ന് കൗണ്‍സിലില്‍ പങ്കെടുക്കാതെയിരുന്നാല്‍ റദ്ദാവും.ഇതൊഴിവാക്കാന്‍ വേണ്ടി മാത്രമാണ് ചിലര്‍ കൗണ്‍സിലിനെത്തുന്നത്.കൗണ്‍സില്‍ യോഗങ്ങള്‍ കൃത്യസമയത്ത് നടക്കാറില്ല. 10.30 എന്നറിയിച്ചാല്‍ ആരംഭിക്കുന്നത് ഒരു മണിക്കൂര്‍ കഴിഞ്ഞതിനു ശേഷമാണ്.
പനിച്ചു വിറച്ച് ഇടുക്കി; ഡെങ്കിപ്പനിക്കാര്‍ 84
തൊടുപുഴ: ജില്ലയില്‍ രോഗ പ്രതിരോധ മാര്‍ഗങ്ങള്‍ ഊര്‍ജിതമാക്കിയെങ്കിലും പനി ബാധിതുടെ എണ്ണത്തില്‍ കുറവില്ല.ഇന്നലെ ജില്ലയില്‍ ചികില്‍സയ്ക്കായി സര്‍ക്കാരാശുപത്രികളില്‍ 346 പനി ബാധിതരത്തെി.ഈ വര്‍ഷം ഇന്നലെ വരെ 30,524 പേര്‍ക്കാണ് പനി ബാധിതരായി ചികിത്സ തേടിയത്.ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 84.ഡെങ്കിപ്പനി ബാധിതരെന്ന് സംശയിക്കുന്ന 15 പേര്‍ നിരീക്ഷണത്തിലാണ്.
കരിമണ്ണൂര്‍-അഞ്ച്,അടിമാലി-മൂന്ന്,അറക്കുളം,തട്ടക്കുഴ,കോടിക്കുളം,കുമാരമംഗലം,വണ്ണപ്പുറം എന്നിവിടങ്ങളിലായി ഓരോരുത്തരെയും കണ്ടെത്തി.ഈ മാസം 10 പേര്‍ക്ക് ചിക്കന്‍പോക്‌സും കഴിഞ്ഞ മാസം 19 പേര്‍ക്കും തക്കാളിപ്പനിയും സ്ഥിരികരിച്ചു.ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 9 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. 5 പേര്‍ തൊടുപുഴയില്‍ നിന്നുള്ളവരാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക