|    Jul 23 Sun, 2017 10:19 am
Home   >  Todays Paper  >  Page 4  >  

ഡെങ്കിപ്പനി: ഐഎംഎക്കെതിരേ ഹോമിയോ ഡോക്ടര്‍മാര്‍

Published : 6th July 2016 | Posted By: G.A.G

തിരുവനന്തപുരം: ഡെങ്കിപ്പനി പ്രതിരോധ ഔഷധത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആരോപണങ്ങള്‍ക്കെതിരേ ഹോമിയോപ്പതി ഡോക്ടര്‍മാര്‍ രംഗത്ത്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഹോമിയോപ്പതി ഗവേഷണ കൗണ്‍സിലും (സിസിആര്‍എച്ച്) സംസ്ഥാന ഹോമിയോപ്പതി വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തുന്ന ഡെങ്കിപ്പനി പ്രതിരോധ മരുന്നു വിതരണം അശാസ്ത്രീയമാണെന്ന ഐഎംഎ നിലപാടിനെതിരേയാണ് ഹോമിയോപ്പതി ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെയും സിആര്‍എച്ചിലെയും ഡല്‍ഹി എയിംസിലെയും വിദഗ്ധര്‍ ചേര്‍ന്നാണ് പഠന പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളതെന്നും മറിച്ചുള്ള വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഹോമിയോപ്പതി ഡോക്ടര്‍മാരുടെ സംഘടനയായ ദ ഇന്‍സ്റ്റിറ്റിയൂഷന്‍ ഹോമിയോപ്പത്‌സ് ഓഫ് കേരളയുടെ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഡെങ്കിപ്പനി പ്രതിരോധ മരുന്ന് ഹോമിയോ വാക്‌സിന്‍ ആണെന്നും അശാസ്ത്രീയമാണെന്നും ഐഎംഎ പറയുന്നത് ശരിയല്ലെന്ന് ജനറല്‍ സെക്രട്ടറി ഡോ. ഉണ്ണികൃഷ്ണന്‍ ബി നായര്‍ ചൂണ്ടിക്കാട്ടി. ലോകമെമ്പാടും ഡെങ്കിപ്പനി ചികില്‍സയ്ക്ക് ഫലപ്രദമെന്ന് കണ്ടുവരുന്ന ഔഷധത്തിന്റെ ഏറ്റവും കുറഞ്ഞ അളവിലുള്ള ഔഷധ പ്രയോഗമാണ് പഠന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് വാക്‌സിനല്ല. ആദ്യഘട്ടമായി തിരുവനന്തപുരം ജില്ലയിലെ കരകുളം, വെമ്പായം പഞ്ചായത്തുകളിലാണ് ഔഷധ വിതരണം നടന്നുവരുന്നത്. സമ്മതപത്രം നല്‍കിയിരുന്നവര്‍ക്കുമാത്രമാണ് ഡെങ്കിപ്പനി പ്രതിരോധിക്കുന്നതിന് ഔഷധം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷക്കണക്കിന് രോഗികള്‍ക്ക് പാര്‍ശ്വഫലങ്ങളോ സാമ്പത്തിക ബാധ്യതയോ ഇല്ലാതെ ആശ്വാസം പകരുന്ന ഈ ചികില്‍സാ രീതിക്കെതിരേ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍  ഉന്നയിക്കുന്നത് ഐഎംഎ പോലുള്ള സംഘടനയ്ക്ക് ഭൂഷണമല്ല. വസ്തുതകളുടെ യാഥാര്‍ഥ്യം മനസ്സിലാക്കി ഇത്തരം കുപ്രചാരണങ്ങളില്‍ നിന്ന് അവര്‍ പിന്‍വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഡോ. രവി എം നായര്‍, ഡോ. സുന്ദരം വേലായുധന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക