|    May 24 Wed, 2017 7:30 pm
FLASH NEWS

ഡീസല്‍ പ്രതിസന്ധി രൂക്ഷം; കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇന്നും മുടങ്ങിയേക്കും

Published : 18th October 2016 | Posted By: Abbasali tf

കല്‍പ്പറ്റ/മാനന്തവാടി/സുല്‍ത്താന്‍ ബത്തേരി: ഡീസല്‍ക്ഷാമം കാരണം ജില്ലയില്‍ ഇന്നും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ റദ്ദാക്കിയേക്കും. ഇതേ കാരണത്താല്‍ ഇന്നലെ സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയിരുന്നു. മൂന്നു ഡിപ്പോകളിലും യഥാസമയം ഡീസല്‍ ലഭിക്കാത്തതു പ്രതിസന്ധിക്കിടയാക്കി. സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ ഡിപ്പോകളിലാണ് ഇന്നലെ സര്‍വീസുകള്‍ മുടങ്ങിയത്. മാനന്തവാടിയില്‍ ഇന്നു മുഴുവന്‍ സര്‍വീസുകളും ഓപറേറ്റ് ചെയ്യുന്നതിനുള്ള ഡീസല്‍ സ്റ്റോക്കില്ല. ഇന്നലെ രാത്രി ആയിരത്തോളം ലിറ്റര്‍ ഡീസല്‍ മാത്രമാണ് സ്‌റ്റോക്കുണ്ടായിരുന്നത്. ഇതു ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്. ദീര്‍ഘ ദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ 62 ബസ്സുകളാണ് ഡിപ്പോയില്‍ നിന്ന് ഓപറേറ്റ് ചെയ്യുന്നത്. ഇതിനാവശ്യമായ ഡീസല്‍ നിലവില്‍ ബസ്സുകളിലുമുണ്ടാവില്ല. ഇന്നു പുലര്‍ച്ചെയോ ഉച്ചയ്ക്കു മുമ്പായോ ഡീസലെത്തിയില്ലെങ്കില്‍ ഭൂരിഭാഗം ബസ്സുകള്‍ക്കും സര്‍വീസ് നടത്താന്‍ കഴിയില്ല. സുല്‍ത്താന്‍ ബത്തരിയില്‍ നിന്നു ദിനംപ്രതി 70ഓളം സര്‍വീസുകളാണ് ഓപറേറ്റ് ചെയ്യുന്നത്. ഞായറാഴ്ച രാവിലെ ആരംഭിക്കേണ്ടിയിരുന്ന 29 സര്‍വീസുകള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ മുടങ്ങിയിരുന്നു. പ്രതിദിനം അമ്പതോളം സര്‍വീസുകളാണ് കല്‍പ്പറ്റ സബ് ഡിപ്പോ നടത്തുന്നത്. ഡീസല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഞായറാഴ്ച 18 സര്‍വീസുകള്‍ മാത്രമാണ് നടത്തിയത്. ആറു ലക്ഷത്തോളം രൂപയാണ് കല്‍പ്പറ്റ ഡിപ്പോയിലെ പ്രതിദിന വരുമാനം. സര്‍വീസുകള്‍ മുടങ്ങിയതോടെ ഇതും ഗണ്യമായി കുറഞ്ഞു. കണ്ടക്ടര്‍മാരുടെ ഒഴിവ് നികത്താതും താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാനുള്ള സംവിധാനം നിലച്ചതും സര്‍വീസുകളെ കാര്യമായി ബാധിക്കുന്നുണ്ട്. ഒഴിവുകള്‍ പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്തിട്ടും നടപടിയുണ്ടായില്ലെന്ന് ഡിപ്പോ അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു. ഇതിനിടയിലാണ് ഡീസല്‍ക്ഷാമം കാരണം സര്‍വീസ് മുടങ്ങുന്നത്. ഓരോ ദിവസവും വൈകീട്ട് മൈസൂരില്‍ നിന്നാണ് ജില്ലയിലെ ഡിപ്പോകളിലേക്ക് ഡീസല്‍ എത്തിക്കുന്നത്. ഇന്ധന കുടിശ്ശിക നല്‍കാനുള്ളതിനാല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) ലോഡ് അയക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഡീസല്‍ അടിയന്തരമായി എത്തിയില്ലെങ്കില്‍ ഇന്ന് ജില്ലയിലെ ലോക്കല്‍ സര്‍വീസുകള്‍ ഉച്ചയോടെ റദ്ദാക്കേണ്ടി വരും. കുറച്ചു ഡീസലുമായി രാവിലെ സര്‍വീസ് ആരംഭിക്കാന്‍ കഴിയും. ലോഡ് എത്തിയില്ലെങ്കില്‍ ഉച്ചകഴിഞ്ഞ് സര്‍വീസ് നടത്താന്‍ കഴിയില്ല. എന്നാല്‍, മൈസൂരു, ബംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സുകളില്‍ മറ്റ് ജില്ലകളിലെ ഡിപ്പോകളില്‍ നിന്ന് ഡീസല്‍ നിറയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day