|    Oct 23 Mon, 2017 4:33 am

ഡീസലെത്തിയില്ല; ട്രാന്‍. ബസ് സര്‍വീസ് മുടങ്ങി

Published : 17th October 2016 | Posted By: Abbasali tf

സുല്‍ത്താന്‍ ബത്തേരി: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡീസല്‍ തീര്‍ന്നതിനെ തുടര്‍ന്ന് സര്‍വീസുകള്‍ മുടങ്ങി. ഇന്നലെ രാവിലെ ആരംഭിക്കേണ്ടിയിരുന്ന 29 സര്‍വീസുകളാണ് മുടങ്ങിയത്. ഡിപ്പോയില്‍ നിന്നു ദിനംപ്രതി രാവിലെ 70ഓളം സര്‍വീസുകളാണ് ഓപറേറ്റ് ചെയ്യുന്നത്. ഇതില്‍ 46ഓളം സര്‍വീസുകള്‍ മാത്രമാണ് ഇന്നലെ രാവിലെ നടത്തിയത്. അതേസമയം, ലോറി ചുരത്തില്‍ കേടായതിനെ തുടര്‍ന്നാണ് ഡീസല്‍ എത്തിക്കാന്‍ വൈകിയതെന്നു ഡിപ്പോ അധികൃതര്‍ പറഞ്ഞു. പിന്നീട് താമരശ്ശേരിയില്‍ നിന്നു ഡീസല്‍ എത്തിച്ച് ഉച്ചയോടെയാണ് സര്‍വീസുകള്‍ തുടങ്ങിയത്. ദീര്‍ഘദൂര സര്‍വീസുകളൊന്നും മുടങ്ങിയില്ലെന്നും അധികൃതര്‍ അറിയിച്ചു. 400 ലിറ്റര്‍ ഡീസല്‍ സ്‌റ്റോക്കുണ്ടായിരുന്നു. സര്‍വീസ് റദ്ദാക്കിയ മറ്റു ബസ്സുകളിലുണ്ടായിരുന്ന ഡീസലും ദീര്‍ഘദൂര സര്‍വീസ് ബസ്സുകളിലേക്ക് മാറ്റിയൊഴിച്ചു. കൂടുതല്‍ സര്‍വീസ് നടത്തിയിരുന്ന റൂട്ടുകളില്‍ നിന്നു ബസ്സുകളുടെ എണ്ണം കുറയ്ക്കുകയാണ് ചെയ്തത്. അതിനാല്‍ ഒരു റൂട്ടിലും സര്‍വീസുകള്‍ പൂര്‍ണമായി മുടങ്ങിയില്ലെന്നും അധികൃതര്‍ പറഞ്ഞു.പനമരം: കല്‍പ്പറ്റ ഡിപ്പോയിലും സര്‍വീസുകള്‍ കാര്യമായി മുടങ്ങി. ദിനേന 50തോളം സര്‍വീസുകളാണ് കല്‍പ്പറ്റയില്‍ നിന്നു പുറപ്പെടാറ്. ആറു ലക്ഷത്തോളമാണ് വരുമാനം. എന്നാല്‍, ഇന്നലെ 18 സര്‍വീസുകള്‍ മാത്രമാണ് ഓപറേറ്റ് ചെയ്തത്. ഇതിലേക്കുള്ള ഡീസല്‍ തന്നെ മറ്റുള്ള വണ്ടികളില്‍ നിന്ന് ഊറ്റിയെടുത്തതാണെന്ന് ജീവനക്കാര്‍ പറഞ്ഞു. രാവിലെ ഡ്യൂട്ടിക്ക് ഹാജരായ ജീവനക്കാരില്‍ പലരും 11 ആയിട്ടും ഡീസല്‍ എത്താത്തതിനാല്‍ തിരിച്ചുപോയി. ഉച്ചയോടെ ഡീസല്‍ എറണാകുളത്ത് നിന്ന് എത്തിച്ചതായി ഡിപ്പോ അധികൃതര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക