ഫലസ്തീനിനെപ്പറ്റി സ്വന്തത്തോടും സ്വന്തം ജനതയുടെ വിമോചനത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളോടും പ്രതിലോമ നിലപാട്പുലര്‍ത്തുന്ന സിനിമകളാണ് കേരള അന്തര്‍ദ്ദേശീയ ചലച്ചിത്രമേളയില്‍ കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും പ്രദര്‍ശിപ്പിക്കപ്പെട്ടത് എന്നത് കേവലം യാദൃച്ഛികമായി കാണാനാവില്ല.
ഡീഗ്രേഡ് എന്നാല്‍ അടുക്കടുക്കായി താഴ്ത്തി ഒരുക്കുന്ന ഹെയര്‍ സ്റ്റൈലാണ് ഫ്രഞ്ചില്‍. അറബ് നാസര്‍, ടാര്സന് നാസര്‍ (മുഹമ്മദ് അബുന്നാസര്‍, അഹ്മദ് അബുന്നാസര്‍) എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച അറബ് സിനിമയാണ് ഡീഗ്രേഡ്. ഫലസ്തീനിയന്‍ യുവാവിനെ വിവാഹം കഴിച്ച് ഗസ്സയില്‍ താമസിക്കുന്ന ക്രിസ്റ്റീന എന്ന റഷ്യന്‍ സ്ത്രീയുടെ ബ്യൂട്ടി സലൂണാണ് സിനിമയിലെ ഏക രംഗം. സലൂണിലെ രണ്ട് കസേരകളിലൊന്നില്‍ ഒരു നവവധുവായ സല്‍മ ഇരിക്കുന്നുണ്ട്. രണ്ടാമത്തെ കസേരയിലുള്ളത് ഇഫ്തികാര്‍ എന്ന, വാര്‍ദ്ധക്യത്തോട് വളരെയടുത്തെത്തി നില്ക്കുന്ന വിവാഹമുക്ത. അവര്‍ യുവാവായ അവരുടെ അഭിഭാഷകനെ കാണാന്‍ പോകുന്നതിനോടനുബന്ധിച്ചാണ് സുന്ദരിയാവാന്‍ ശ്രമിക്കുന്നത്. സല്‍മയോടൊപ്പം അവളുടെ അമ്മയും പ്രതിശ്രുത വരന്റെ അമ്മയും സഹോദരിയുമുണ്ട്. പിന്നെ തങ്ങളുടെ ഊഴം കാത്തിരിക്കുന്ന, ഹിജാബ് ധരിച്ച, മതഭക്തയായ ഒരു യുവതി, മയക്കുമരുന്നിനടിപ്പെട്ട മറ്റൊരു യുവതി, കറുത്ത വര്‍ഗക്കാരിയും ചെറുപ്പക്കാരിയുമായ ഒരു വിവാഹമുക്ത, ഒരു ഗര്‍ഭിണി, ഗര്‍ഭിണിയോടൊപ്പം വന്ന അവളുടെ സഹോദരി എന്നിങ്ങനെ പത്തു പേര്. കൂടാതെ ക്രിസ്റ്റീനയുടെ ചെറുമകളും അവരുടെ അസിസ്റ്റന്റ് വദാദും. നല്ല ചൂടുള്ള ഒരു ദിവസമായിരുന്നു അത്. ഗസ്സയില്‍ അന്ന് വൈദ്യുതി ഉണ്ടായിരുന്നതിനാലും കൂടിയാണ് സലൂണില്‍ നല്ല തെരക്കനുഭവപ്പെട്ടത്. ക്രിസ്റ്റീനയുടെ അസിസ്റ്റന്റ് വദാദിിന്റെ കാമുകന് അഹ്മദ് മൃഗശാലയില്‍ നിന്ന് ഒരു പെണ് സിംഹത്തെ മോഷ്ടിച്ചിരിക്കുന്നു. ഇതിന്റെ കുറ്റം ഹമാസില്‍ ആരോപിച്ച് പൊലീസും പട്ടാളവും രംഗത്തിറങ്ങി. ഹമാസ് തിരിച്ചടിക്കാനും തുടങ്ങിയതോടെ പുറത്ത് പൊരിഞ്ഞ യുദ്ധമായി. ഏത് മൃഗശാലയാണെന്ന് വ്യക്തമല്ല. അതേ സിംഹത്തെ പിടിക്കാന്‍ തന്നെയാണ് ഹമാസിന്റയും ശ്രമം. ആ സമയത്ത് വൈദ്യുതിയും നിലച്ചു. ചെറിയ ജനറേറ്ററില്‍ ഉള്ള എണ്ണയൊഴിച്ച് തുടങ്ങിയ പണി പൂര്‍ത്തിയാക്കാനുള്ള ബദ്ധപ്പാടിലായി ക്രിസ്റ്റീന. വദാദിനാകട്ടെ, അഹ്മദിന് എന്തു സംഭവിച്ചുവെന്നറിയാനുള്ള വേവലാതിക്കിടയില്‍ ജോലിയില്‍ വേണ്ടത്ര ശ്രദ്ധിക്കാനാവുന്നില്ല. അഹ്മദുമായുള്ള അവളുടെ ബന്ധം ക്രിസ്റ്റീനക്ക് അത്ര രുചിക്കുന്നുമില്ല.
സംഗതികള്‍ ഗുരുതരമായ അവസ്ഥയിലേക്ക് പോകുന്നു. ഗര്‍ഭിണിക്ക് പേറ്റുനോവ് തുടങ്ങി. അതിനിടയില്‍ സല്‍മയുടെ അമ്മായിയമ്മയുടെ കാര്‍ക്കശ്യങ്ങള്‍, മയക്കുമരുന്നിനടിപ്പെട്ട സ്ത്രീയുടെ വര്‍ത്തമാനങ്ങള്‍ കൊണ്ടുള്ള ശല്യങ്ങള്, ഇഫ്തികാറും അവരെ പരിചരിക്കുന്ന വദാദും തമ്മിലുള്ള ശണ്ഠകള്‍. സ്തോഭജനകമായ സംഭവങ്ങളെ നര്‍മത്തില്‍ പൊതിഞ്ഞാണ് നാസര്‍ സഹോദരന്മാര് അവതരിപ്പിക്കുന്നത്. വളരെ ചടുലവും ഹാസരസപ്രധാനവുമാണ് സിനിമയുടെ ഘടന. അത് പ്രേക്ഷകനില്‍ അത്യന്തം ആവേശമുണര്‍ത്തുന്നു. വെടിയൊച്ചകള്‍ ശീലമായിക്കഴിഞ്ഞ ഒരു ജനതയുടെ പ്രതികരണങ്ങള്‍ വളരെ സമര്‍ത്ഥമായി അവതരിപ്പിക്കാന്‍ നാസര്‍ സഹോദരന്മാര്ക്ക് കഴിഞ്ഞു. ഒപ്പം നിരന്തരമായ യുദ്ധങ്ങള്‍ വൈയക്തികജീവിതത്തില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികളെയും അത് അടയാളപ്പെടുത്തുന്നു. അതേസമയം ഈ സിനിമയുടെ രാഷ്ട്രീയം സൂക്ഷ്മതലത്തില്‍ വളരെ നിരാശാജനകമായ ഒന്നാണെന്ന് പറയാതെ വയ്യ.
നാസര്‍ സഹോദരന്മാരുടെ സിനിമയില്‍ ഹമാസുമായി പോരടിക്കുന്ന സംഭവത്തിലെവിടെയും ഇസ്രായേലിന്റെയോ അവരുടെ സേനയുടെയോ പേര് പറയുന്നില്ല. അതേസമയം സ്ത്രീകള്‍ തമ്മിലുള്ള സംഭാഷണത്തില്‍ ഹമാസിനെതിരായ പരിഹാസം നിറഞ്ഞു നില്ക്കുന്നതു കാണാം. ഏതൊരു ജനതയുടെ സ്വാതന്ത്ര്യത്തിനും സ്വയം നിര്‍ണയാവകാശത്തിനും വേണ്ടി ഹമാസ് പോരടിച്ചു കൊണ്ടിരിക്കുന്നുവോ അതേ ജനതയെക്കൊണ്ടു തന്നെ അവരെ തള്ളിപ്പറയിക്കുന്നതിലെ ഭാവന എവിടെ നിന്ന് ഉല്പാദിപ്പിക്കപ്പെടുന്നതാണ് എന്ന് ചിന്തിക്കേണ്ടതാണ്. സലൂണിലെ സ്ത്രീകളില്‍ ഹിജാബ് ധരിച്ച സ്ത്രീയുടെ പ്രതികരണങ്ങളും വര്‍ത്തമാനങ്ങളും, അതിനിടയ്ക്ക് ബാങ്കു വിളിച്ചപ്പോള്‍ അവരുടെ നിസ്കാരം പോലും അങ്ങേയറ്റം നാടകീയവും പരിഹാസ്യവുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. വെടിയൊച്ചകളുടെ ശബ്ദം രൂക്ഷമാകുമ്പോള്‍ ഇഫ്തികാര്‍ ഹമാസിന് വോട്ടു ചെയ്യുന്നതിനെ വിമര്‍ശിച്ച് ഹിജാബ് ധരിച്ച സ്ത്രീയുടെ നേരെ മുരളുന്നതും അതിന് മറുപടിയായി ഞങ്ങള്‍ അവരെ പിന്തുണക്കുന്നവരല്ല (നിസ്കരിക്കുന്നവരാണെങ്കിലും) എന്ന പ്രതികരണവും കേള്‍ക്കാം (തിയറ്ററില്‍ കൈയടി ഉയര്‍ന്നത് ഈ സംഭാഷണം കേട്ടപ്പോഴാണ് എന്നതും സത്യം പറഞ്ഞാല്‍ എന്നില്‍ നടുക്കമുളവാക്കി). മയക്കുമരുന്നിനടിപ്പെട്ട സ്ത്രീ തന്റെ ഭാവനയില്‍ കാണുന്ന മന്ത്രിസഭയുടെ വിവരണം രസാവഹമെങ്കിലും അതിലെ പരിഹാസത്തിന്റെയും ലക്ഷ്യം ഹമാസാണെന്നു തോന്നി. ഹമാസിന്റെ ഐഡിയോളജിയുടെ സ്ഥാനത്താണെന്നു തോന്നുന്നു, നാസര്‍ സഹോദരന്മാര് സിംഹത്തെ നിര്‍ത്തുന്നത്. അവസാനം അഹ്മദിനൊപ്പം സിംഹത്തെ പൊലീസ് വണ്ടിയിലെടുത്തിടുന്നു. പല്ലു കൊഴിഞ്ഞ ഒരു ചാവാലി സിംഹം. ഒരു കാലത്ത് ശൂരനായിരുന്നു അവന് എന്ന് ഒരിക്കലൊരു ഡയലോഗും കേള്‍ക്കാം. ഹമാസിന്റെ രാഷട്രീയത്തെ മാത്രമല്ല, ആദര്‍ശത്തെയും വിശ്വാസത്തെയും പരിഹാസപാത്രമാക്കുകയാണിവിടെ. കാന്‍, ടോറന്റോ, ചിക്കാഗോ, കാര്‍തേജ് തുടങ്ങിയ വിഖ്യാത മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഈ ചിത്രം ഏതെന്സിലും മെഡിറ്ററേനിയന്‍ ഫിലിം ഫെസ്റ്റിവലിലും പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഫലസ്തീന്, ഫ്രാന്‍സ്, ഖത്തര്‍ സംയുക്ത സംരംഭമാണ് ഡീഗ്രേഡ്. |