|    Dec 13 Thu, 2018 3:39 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഡി ഡേ: ആശ്വാസകിരണം; ആശങ്ക ബാക്കി

Published : 9th July 2018 | Posted By: kasim kzm

ബാങ്കോക്ക്: രണ്ടാഴ്ചയിലധികം നീണ്ട തീവ്ര ദൗത്യത്തിനു ശേഷം വെള്ളം നിറഞ്ഞ ഗുഹയില്‍ നിന്നു നാലു കുട്ടികളെ പുറത്തെത്തിച്ചതിന്റെ ആശ്വാസത്തിലും ആകാംക്ഷയോടെ ലോകം. ആയിരത്തിലധികം രക്ഷാപ്രവര്‍ത്തകരുടെ 16 ദിവസം നീണ്ട ശ്രമത്തിനൊടുവിലാണ്   ഇന്നലെ നാലു കുട്ടികളെ പുറത്തെത്തിച്ചത്.
ഡി–ഡേ, നിര്‍ണായകദിനം ഇന്നാണെന്നു വ്യക്തമാക്കിയാണ് രക്ഷാസംഘം ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.  ആദ്യം പുറത്തെത്തിയ രണ്ടു കുട്ടികളുടെ ആരോഗ്യ സ്ഥിതി ആശങ്കാജനകമാണെന്ന് ആരോഗ്യ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
കുട്ടികള്‍ മനോനില തെറ്റിയ നിലയില്‍ പെരുമാറുന്നതായും റിപോര്‍ട്ടുണ്ട്. 20 ശതമാനം വരെ കുട്ടികള്‍ക്ക് ദീര്‍ഘകാല മാനസികാസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കി. ആഭ്യന്തര മന്ത്രി ആശുപത്രിയിലെത്തി കുട്ടികളെ സന്ദര്‍ശിച്ചു.
പുറത്തെത്തിക്കുന്ന ഓരോരുത്തര്‍ക്കുമായി 13 മെഡിക്കല്‍ സംഘങ്ങളാണു ഗുഹയ്ക്കു സമീപം കാത്തിരിക്കുന്നത്. ഓരോ സംഘത്തിനും ഒരു ഹെലികോപ്റ്ററും ആംബുലന്‍സും സജീകരിച്ചിട്ടുണ്ട്. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം എല്ലാവരെയും ചിയാങ് റായിയിലെ താല്‍ക്കാലിക മിലിട്ടറി ഹെലിപാഡിലേക്ക് എത്തിച്ചു. പിന്നീട് ഇതിനു സമീപത്തെ ചിയാങ് റായി പ്രചനുക്രോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര നടപടി സ്വീകരിക്കാന്‍ പരിശീലനം ലഭിച്ച അഞ്ചു ഡോക്ടര്‍മാര്‍ക്കൊപ്പം 30 പേരെ സഹായത്തിനും ഇവിടെ നിര്‍ത്തിയിട്ടുണ്ട്.
ശനിയാഴ്ച ഗുഹയിലെത്തിയ ഡോക്ടര്‍മാര്‍ കുട്ടികളെ പരിശോധിച്ചിരുന്നു. ഏറ്റവും ദുര്‍ബലരായവരെ ആദ്യവും കൂട്ടത്തില്‍ ശക്തരായവരെ അവസാനവും പുറത്തെത്തിക്കാന്‍ തുടര്‍ന്നാണു തീരുമാനിച്ചത്. ഏതു സമയത്തും മഴ പെയ്യാമെന്നത് രക്ഷാപ്രവര്‍ത്തനത്തിനു കനത്ത സമ്മര്‍ദമുണ്ടാക്കുന്നുണ്ട്. മഴ ശക്തമായാല്‍ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും.
ജൂണ്‍ 23നാണു 12 കുട്ടികളും ഫുട്‌ബോള്‍ പരിശീലകനും ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയത്. കനത്ത മഴയെത്തുടര്‍ന്ന്് മണ്ണു ചെളിയും അടിഞ്ഞ് ഗുഹാമുഖം അടഞ്ഞതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാവുകയായിരുന്നു. ഒമ്പതു ദിവസത്തിനു ശേഷം ജൂലൈ രണ്ടിനാണ് കുട്ടികളെ ജീവനോടെ ഗുഹാമുഖത്തുനിന്നും നാലു കി.മീ അകലെ കണ്ടെത്തിയത്.
ഗുഹയിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെത്തുടര്‍ന്ന് വെള്ളയാഴ്ച രക്ഷാപ്രവര്‍ത്തകരിലൊരാള്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നാണ് കുട്ടികളെ പുറത്തെത്തിക്കാന്‍ അടിയന്തര മാര്‍ഗങ്ങള്‍ തേടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss