|    Oct 16 Tue, 2018 7:11 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഡിസ്റ്റ്‌ലറികളും ബ്രൂവറികളും; ജുഡീഷ്യല്‍ അന്വേഷണം വേണം: സുധീരന്‍

Published : 1st October 2018 | Posted By: kasim kzm

തിരുവനന്തപുരം: വലിയ ജലചൂഷണത്തിനെതിരേ പ്ലാച്ചിമടയിലെ കൊക്കകോല കമ്പനിക്കെതിരേ നടന്ന ജനകീയ സമരം മൂലം ആ കമ്പനി അടച്ചുപൂട്ടേണ്ടിവന്ന കാര്യം സര്‍ക്കാര്‍ വിസ്മരിച്ചത് വലിയ വീഴ്ച തന്നെയാണെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍. ഇതോടൊപ്പം അതീവ ഗുരുതരമായ മറ്റൊരു കാര്യം കൂടി ശ്രദ്ധയില്‍ പെടുത്തുന്നു. മദ്യലഭ്യത വര്‍ധിപ്പിക്കുന്ന എക്‌സൈസ് വകുപ്പിന്റെ ഈ നടപടി വന്‍ ജലചൂഷണത്തിനും പാരിസ്ഥിക ആഘാതങ്ങള്‍ക്കും ഇടവരുത്തുമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ വി എം സുധീരന്‍ സൂചിപ്പിക്കുന്നു.
മൂന്ന് ബ്രൂവറികള്‍ക്കും ഡിസ്റ്റിലറിക്കുമായി തന്നെ ഉല്‍പാദനത്തിനും വൃത്തിയാക്കലിനുമായി മാസം 170 ലക്ഷം ലിറ്റര്‍ വെള്ളം വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് പുതിയ ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണം. അതീവ രഹസ്യമായി സ്വീകരിച്ച ഈ നടപടികളിലെ ദുരൂഹത ഇതിന്റെയെല്ലാം പിന്നിലെ കള്ളക്കളികളാണ് വ്യക്തമാക്കുന്നത്. വ്യവസായ വകുപ്പ് അറിയാതെ ഇതിന് ആവശ്യമായ സ്ഥലം നല്‍കി ഉത്തരവ് ഇറക്കിയ എക്‌സൈസ് വകുപ്പിന്റെ നടപടി ഏവരെയും അദ്ഭുതപ്പെടുത്തുന്നു.
എന്തോ എവിടെയോ ചീഞ്ഞുനാറുന്നു എന്നു ജനങ്ങള്‍ ചിന്തിക്കുന്ന അവസ്ഥയാണ് വന്നിട്ടുള്ളത്. ഇക്കാര്യത്തില്‍ അഴിമതി നടന്നുവെന്ന് ഏവരും വിശ്വസിക്കുന്ന സാഹചര്യമാണ്. ദുര്‍ബലമായ വാദങ്ങള്‍ ഉയര്‍ത്തി എക്‌സൈസ് വകുപ്പിന്റെ തെറ്റായ ഉത്തരവുകളെ ന്യായീകരിക്കുന്നതിന് വിഫല ശ്രമം നടത്തുന്നതിനു പകരം ഉടനടി പ്രസ്തുത ഉത്തരവുകള്‍ റദ്ദാക്കുകയാണ് വേണ്ടത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പുറത്തുവരണം. അതിനായി ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്തിയേ മതിയാവൂ. ഹൈക്കോടതി സിറ്റിങ് ജഡ്ജി തന്നെ അന്വേഷിക്കുന്നതാണ് ഉചിതം.
തെറ്റായ ഈ നടപടിക്ക് ശുപാര്‍ശ ചെയ്ത് റിപോര്‍ട്ട് നല്‍കിയ എക്‌സൈസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കണം. നവകേരള സൃഷ്ടിക്കായുള്ള പ്രവര്‍ത്തനങ്ങളെല്ലാം പരിസ്ഥിതിസൗഹൃദമായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തന്നെ പാഴായിപ്പോവുന്ന നടപടിയാണ് എക്‌സൈസ് വകുപ്പിന്റേതെന്നും സൂധീരന്‍ ചൂണ്ടിക്കാട്ടുന്നു.

 

 

ഡിസ്റ്റ്‌ലറികളും ബ്രൂവറികളും പിന്‍വലിക്കണം: കെ വി തോമസ് എംപി

Published : 1st October 2018 | Posted By: kasim kzm

കൊച്ചി: മന്ത്രിസഭയുടെയോ എല്‍ഡിഎഫിന്റെയോ അനുവാദമില്ലാതെ നല്‍കിയിട്ടുള്ള ബ്രൂവറികളും ഡിസ്റ്റ്‌ലറികളും പിന്‍വലിക്കണമെന്ന് പ്രഫ. കെ വി തോമസ് എംപി.
പിണറായി സര്‍ക്കാര്‍ ഇടതുമുന്നണിയുടെ നയങ്ങളില്‍ ഉള്‍ക്കൊള്ളിക്കാതെയും മന്ത്രിസഭയുടെ അനുവാദം നേടാതെയുമാണ് സംസ്ഥാനത്ത് പുതിയ ഡിസ്റ്റ്‌ലറികളും ബ്രൂവറികളും അനുവദിച്ചതെന്ന് പ്രതിപക്ഷനേതാവ് ആരോപണമുന്നയിച്ചപ്പോള്‍ അതിനു ബദലായി 2003ലെ എ കെ ആന്റണി മന്ത്രിസഭ മൂന്ന് ഡിസ്റ്റ്‌ലറികള്‍ അനുവദിച്ചുവെന്ന ആരോപണമാണ് ഇടതുമുന്നണി കണ്‍വീനര്‍ വിജയരാഘവന്‍ ഉന്നയിച്ചത്. ഇടതുമുന്നണിയിലെ സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ അറിയാതെ കോടിക്കണക്കിനു രൂപയുടെ അഴിമതിയാണ് നിയമവിരുദ്ധമായി ഇടതുമുന്നണി സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. എ കെ ആന്റണി സര്‍ക്കാര്‍ ആര്‍ക്കും പുതിയതായി ഡിസ്റ്റ്‌ലറികള്‍ നല്‍കിയിട്ടില്ലെന്ന് ഉറപ്പിച്ചു പറയാന്‍ അന്നത്തെ എക്‌ൈസസ് മന്ത്രിയായ എനിക്കു സാധിക്കുമെന്നും കെ വി തോമസ് പറഞ്ഞു.
അന്നത്തെ ഫയലുകളില്‍ കാണുന്നതുപോലെ 1998ലെ നായനാര്‍ സര്‍ക്കാര്‍ അനുവദിച്ചതു പ്രകാരം നിര്‍മാണം പൂര്‍ത്തീകരിച്ച മൂന്ന് ഡിസ്റ്റ്‌ലറി കള്‍ക്കു ലഭിക്കേണ്ട വകുപ്പുതല അനുവാദം നല്‍കുക മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ നായനാര്‍ സര്‍ക്കാരിന്റെ അനുവാദം ലഭിച്ച പദ്ധതി എന്ന നിലയില്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റാണ് അന്തിമ അനുമതി നല്‍കിയത്. എ കെ ആന്റണിയുടെ ഭരണകാലത്ത് എക്‌സൈസുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും യുഡിഎഫിന്റെയും മന്ത്രിസഭയുടെയും അംഗീകാരത്തോടെ മാത്രമെ നടപ്പാക്കിയിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss