|    Mar 18 Sun, 2018 5:29 pm
FLASH NEWS

ഡിസിസി പ്രസിഡന്റ് സ്ഥാനം: തര്‍ക്കം തുടരുന്നു

Published : 20th October 2016 | Posted By: SMR

കല്‍പ്പറ്റ: വയനാട് ഡിസിസി പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി തര്‍ക്കം തുടരുന്നു. പൊതുവിഭാഗം, സംവരണം തുടങ്ങിയ വാദങ്ങള്‍ ഉയര്‍ത്തി സംസ്ഥാന രാഷ്ട്രീയകാര്യ സമിതിയില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ജില്ലാ അധ്യക്ഷപദവി പൊതുവിഭാഗത്തില്‍ നിന്നുള്ള നേതാവിന് നല്‍കണമെന്ന് ഒരുവിഭാഗവും പട്ടികവര്‍ഗക്കാരനെ പരിഗണിക്കണമെന്ന് മറുവിഭാഗവും ആവശ്യമുന്നയിക്കുകയാണ്. യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്നു തുടക്കത്തില്‍ ആവശ്യമുയര്‍ന്നെങ്കിലും അവസാന നിമിഷങ്ങളില്‍ ഈ വിഭാഗം മൗനത്തിലാണ്. ക്രിസ്ത്യന്‍, ഹിന്ദു, മുസ്‌ലിം ബെല്‍റ്റുകളിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പൊതുവിഭാഗത്തില്‍പെട്ടയാളെ പരിഗണിക്കണമെന്നാണ് ആവശ്യം. ഇങ്ങനെയാണ് കെപിസിസി സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റുമായ കെ കെ അബ്രഹാമിന്റെ പേര് ഉയര്‍ത്തിക്കാട്ടുന്നത്. വ്യക്തിതാല്‍പര്യത്തിനായി ചിലര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനെതിരേ പ്രാദേശിക ഘടകങ്ങളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. കെ കെ അബ്രഹാം ജില്ലാ ഘടകത്തിന്റെ അമരത്തെത്തുന്നത് ഒഴിവാക്കാനാണ് ചിലര്‍ രാഷ്ട്രീയകാര്യ സമിതിയില്‍ സംവരണതന്ത്രം പ്രയോഗിക്കുന്നത്. ജില്ലയിലെ മൂന്ന് അസംബ്ലി മണ്ഡലങ്ങളില്‍ സുല്‍ത്താന്‍ ബത്തേരിയും മാനന്തവാടിയും പട്ടികവര്‍ഗ സംവരണമാണ്. പട്ടികവര്‍ഗ പ്രതിനിധിക്കാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയില്‍ അടുത്ത ഊഴവും. എന്നിരിക്കെ, ജില്ലാ അധ്യക്ഷ സ്ഥാനം ആദിവാസി വിഭാഗത്തിന് അനുവദിക്കുന്നതില്‍ അനൗചിത്യം കാണുന്നവര്‍ക്കാണ് പ്രാദേശിക ഘടകങ്ങളില്‍ ഭൂരിപക്ഷം. ഇക്കാര്യം രാഷ്ട്രീയകാര്യ സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള നീക്കത്തിലുമാണവര്‍. 60 വയസ്സിനു താഴെയുള്ളവരെ ഡിസിസി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കണമെന്നാണ് സംസ്ഥാന ഘടകത്തിന് ദേശീയ നേതൃത്വം നല്‍കിയ നിര്‍ദേശം. ഇതു ജില്ലയില്‍ പ്രസിഡന്റ് കസേരയില്‍  നോട്ടമിട്ടിരുന്ന നേതാക്കളില്‍ പലരെയും നിരാശരാക്കി. ഡിസിസി മുന്‍ പ്രസിഡന്റും ജില്ലാ ബാങ്ക് അധ്യക്ഷനുമായ പി വി ബാലചന്ദ്രന്‍, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സാരഥിയും എംഎല്‍എയും മലയോര വികസന ഏജന്‍സി വൈസ് ചെയര്‍മാനുമായിരുന്ന എന്‍ ഡി അപ്പച്ചന്‍, വി എ മജീദ്, കെ വി പോക്കര്‍ ഹാജി, മംഗലശ്ശേരി മാധവന്‍, എ പ്രഭാകരന്‍, സി പി വര്‍ഗീസ്, അഡ്വ. എന്‍ കെ വര്‍ഗീസ് ഇങ്ങനെ നീളുന്നതാണ് ജില്ലയിലെ 60 കവിഞ്ഞ നേതാക്കളുടെ നിര. വിശാല ഐ ഗ്രൂപ്പില്‍നിന്നുള്ള കെ കെ അബ്രഹാം, എം എസ് വിശ്വനാഥന്‍, ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, അഡ്വ. ടി ജെ ഐസക്, എം ജി ബിജു, കുറ്റിയോട്ടില്‍ അച്ചപ്പന്‍, എ ഗ്രൂപ്പിലെ പി കെ ജയലക്ഷ്മി, പി പി ആലി എന്നിവരാണ് 60നു ചുവടെ പ്രായമുള്ള നേതാക്കളില്‍ പ്രുമുഖര്‍. ഒരേ ഗ്രൂപ്പിലെങ്കിലും അടുത്തകാലം വരെ വൈരികളായിരുന്ന ചില നേതാക്കള്‍ കൈകോര്‍ത്ത് ജില്ലാ അധ്യക്ഷപദവി ആദിവാസിക്ക് ലഭ്യമാക്കുന്നതിനും നീക്കം നടത്തുന്നതായും പറയപ്പെടുന്നു. ഡിസിസി പ്രസിഡന്റ് സ്ഥാനം ആദിവാസിക്കായിരിക്കുമെന്ന അഭ്യൂഹം പ്രബലമായിരിക്കെ  പട്ടികവര്‍ഗക്കാര്‍ക്കിടയിലും ചേരിതിരിവ് രൂക്ഷമാവുകയാണ്. സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ പ്രസിഡന്റാവുന്നതിലാണ് ജില്ലാ കോണ്‍ഗ്രസ് ഘടകത്തിലെ നേതാക്കളില്‍ ചിലര്‍ക്ക് താല്‍പര്യം. ഇത് ആദിവാസികളിലെ കുറുമ വിഭാഗത്തില്‍ മുറുമുറുപ്പിനു കാരണമായിരിക്കുകയാണ്.  പതിറ്റാണ്ടുകളായി ജില്ലയില്‍ കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുന്ന പ്രബല ആദിവാസി വിഭാഗമാണ് കുറുമര്‍. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്തുമ്പോള്‍ ഈ വിഭാഗത്തില്‍ നിന്നുള്ള നേതാക്കള്‍ തുടര്‍ച്ചയായി തഴയപ്പെടുകയാണ്. പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളില്‍ കഴിഞ്ഞ രണ്ടുതവണയും കുറിച്യ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്. വടക്കേ വയനാട്ടിലാണ് കുറിച്യ വിഭാഗത്തിന് കാര്യമായ അംഗബലം. ബിജെപിക്ക് ഒപ്പമാണ് ഈ സമുദായത്തില്‍പ്പെട്ടവരില്‍ ഭൂരിപക്ഷത്തിന്റെയും നില. തെക്കേ വയനാട്ടില്‍ നാമമാത്രമാണ് കുറിച്യ കുടുംബങ്ങള്‍. വടക്കേ വയനാട്ടുകാരനാണ് സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ബാലകൃഷ്ണനും. 2011ലെ അസംബ്ലി തിരഞ്ഞടുപ്പില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ മല്‍സരിച്ച ബാലകൃഷ്ണന് തുടര്‍ന്നും പാര്‍ട്ടി അവസരം നല്‍കിയത് കുറുമ വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു. കുറുമസമാജം രേഖാമൂലവും അല്ലാതെയും ഉന്നയിച്ച ടിക്കറ്റ് ആവശ്യം അവഗണിച്ചാണ് ബാലകൃഷ്ണന് കെപിസിസി രണ്ടാമതും അവസരം നല്‍കിയത്. തെക്കേ വയനാട്ടില്‍ നിന്നുള്ള കുറുമ സമുദായക്കാരനാണ് കെപിസിസി സെക്രട്ടറി എം എസ് വിശ്വനാഥന്‍. ഡിസിസി അധ്യക്ഷ സ്ഥാനം ആദിവാസിക്കെങ്കില്‍ വിശ്വനാഥന് നല്‍കണമെന്ന ശാഠ്യത്തിലാണ് കുറുമ വിഭാഗം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss