|    Jun 24 Sun, 2018 3:23 am
FLASH NEWS

ഡിസംബര്‍ 15നകം ഇടക്കാല വികസന ഉത്തരവ്; മാസ്റ്റര്‍പ്ലാന്‍ പുതുക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനം

Published : 1st December 2016 | Posted By: SMR

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവരുകയും പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പിന്നീട് റദ്ദാക്കുകയും ചെയ്ത നഗരസഭാ മാസ്റ്റര്‍ പ്ലാന്‍ പുതുക്കാന്‍ കൗണ്‍സില്‍ തീരുമാനം. മാസ്റ്റര്‍പ്ലാനിലെ വിവിധഭാഗങ്ങള്‍ ഒഴിവാക്കി ഇടക്കാല വികസന ഉത്തരവ് (ഇന്ററിങ് ഡെവലപ്‌മെന്റ് ഓര്‍ഡര്‍) ഇറക്കാന്‍ കോര്‍പറേഷന്‍ ഒരുങ്ങുന്നു. ഈമാസം 15നകം ഇടക്കാല വികസന ഉത്തരവ് തയാറാക്കി സര്‍ക്കാറിന് നല്‍കാനാണ് തീരുമാനം. ഇടക്കാല ഉത്തരവ് ഇറക്കുന്നതിനും പുതിയ മാസ്റ്റര്‍പ്ലാന്‍ തയാറാക്കുന്നതിനും മേയര്‍ അധ്യക്ഷനായി സമിതി രൂപവല്‍കരിക്കാന്‍ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം അനുമതി നല്‍കി. പുതിയ മാസ്റ്റര്‍പ്ലാന്‍ തയാറാക്കാന്‍ ഒരുവര്‍ഷം വേണമെന്നതിനാലാണ് നിലവിലെ മാസ്റ്റര്‍പ്ലാനിലെ ഉപയോഗയോഗ്യമായതും ജനസമ്മതിയായതുമായ ഭാഗങ്ങള്‍ നിലനിര്‍ത്തി മുന്നോട്ട് പോകാന്‍ ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്. ഒരുവര്‍ഷത്തിനകം തലസ്ഥാന നഗരത്തില്‍ പുതുതായൊരു മാസ്റ്റര്‍പ്ലാന്‍ നിലവില്‍വരുമെന്നാണ് കണക്കുകൂട്ടല്‍. നിലവിലെ മാസ്റ്റര്‍പ്ലാന്‍ മരവിപ്പിച്ചതിനാല്‍ പലയിടത്തും വികസനപ്രവര്‍ത്തനങ്ങളും നിര്‍മാണങ്ങളും നിലച്ച സ്ഥിതിയാണ്. വീട് വെക്കാന്‍ പോലും പറ്റാത്ത സ്ഥിതി നിലനില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് ഇടക്കാല ഉത്തരവുമായി മുന്നോട്ട് പോകുന്നത്. ടൗണ്‍പ്ലാനിങ് നിയമമനുസരിച്ച് പുതിയ മാസ്റ്റര്‍പ്ലാന്‍ നിലവില്‍ വരുന്നത് വരെ നഗരത്തിന്റെ വികസനം നിയന്ത്രിക്കുന്നതിന് ഇടക്കാല ഉത്തരവ് വേണമെന്ന് മേയര്‍ വികെ പ്രശാന്ത് അറിയിച്ചു. ഇപ്പോഴുള്ള മാസ്റ്റര്‍പ്ലാനില്‍ തര്‍ക്കമുള്ള ഭാഗങ്ങളെ ഒഴിവാക്കും. പൊതുജനങ്ങളില്‍ നിന്ന് വിദഗ്ദരില്‍ നിന്നുമുള്ള അഭിപ്രായങ്ങള്‍ കമ്മിറ്റി സ്വരൂപിക്കും. കോര്‍പറേഷന്‍ സെക്രട്ടറിയാണ് കണ്‍വീനര്‍. കൗണ്‍സില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികള്‍, ജില്ലാ ടൗണ്‍പ്ലാനര്‍, കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ കമ്മിറ്റിയില്‍ അംഗങ്ങളാണ്. ഇടക്കാല ഉത്തരവ് കൗണ്‍സില്‍ അനുമതിയോടെ വേണം സര്‍ക്കാറിന് സമര്‍പ്പിക്കാന്‍. തുടര്‍ന്ന് മാസ്റ്റര്‍പ്ലാനുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യന്നതിന് സ്‌പെഷ്യല്‍ കൗണ്‍സില്‍ വിളിക്കും. ജനങ്ങളുമായുള്ള വിശദചര്‍ച്ചക്ക് ശേഷമാകണം പുതിയ മാസ്റ്റര്‍പ്ലാന്‍ അവതരിപ്പിക്കേണ്ടതെന്ന് കക്ഷിഭേദമന്യേ കൗണ്‍സിലര്‍മാര്‍ അഭിപ്രായപ്പെട്ടു. അതേസമയം, മാസ്റ്റര്‍ പ്ലാനിനായുള്ള ചര്‍ച്ചയ്ക്കിടയില്‍ സേവനനികുതി, ട്രാഫിക് വാര്‍ഡന്‍മാരുടെ നിയമനം അടക്കം കഴിഞ്ഞ കൗണ്‍സിലില്‍ മാറ്റിവെച്ച വിഷയങ്ങള്‍ ഇക്കുറിയും ചര്‍ച്ചക്ക് വന്നില്ല. ജന്റമിന്  കീഴിലെ കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ തുക ആവശ്യമുള്ളതിനാല്‍ മറ്റ് പദ്ധതികളില്‍ നിന്ന് തുക വകമാറ്റാനും കൗണ്‍സില്‍ അനുമതി നല്‍കി. കുടിവെള്ള പൈപ്പ് ലൈനുകളെ ഗാര്‍ഹികാവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്നതിനുള്ള ശൃംഖല രൂപവല്‍കരിക്കാനാണിത്. ജെന്റം പദ്ധതിക്ക് ഇനി ബാക്കിയുള്ളത് നാലുമാസമാണ് ഈ സാഹചര്യത്തിലാണ് തുകവകമാറ്റുന്നത്. ഇപ്പോള്‍ നടന്നുവരുന്ന പദ്ധതികള്‍ സ്തംഭനാവസ്ഥിലേക്ക് എത്തുന്ന അവസ്ഥ ഉണ്ടാകരുതെന്ന് കൗണ്‍സിലര്‍മാര്‍ അഭിപ്രായപ്പെട്ടു. 84.09 കോടി രൂപക്ക് ഭരണാനുമതി ലഭിച്ച പദ്ധതികളില്‍ 50.48 കോടി ചിലവായതായി മേയര്‍ അറിയിച്ചു. ബാക്കി പണി പൂര്‍ത്തീകരിക്കാന്‍ 75.72 കോടിയോളം വേണം. ജെന്റം പദ്ധതിയിലെ മറ്റ് പദ്ധതികളില്‍ നിന്ന് 28.81 കോടിയാണ് വകമാറ്റുന്നത്. ഇത് കൂടാതെ പദ്ധതിക്കായി വേണ്ടി വരുന്ന 46.91 കോടി സര്‍ക്കാറിനോട് ആവശ്യപ്പെടാനും കൗണ്‍സില്‍ അനുമതി നല്‍കി. കരാറുകാരെ കണ്ടത്തെുന്നതിന് ദര്‍ഘാസ് നടപടികള്‍ ആരംഭിക്കാനും തീരുമാനിച്ചു. ജന്റം പദ്ധതിയിലെ കുടിവെള്ളപദ്ധതിക്കായി അനുവദിച്ചവയില്‍ 8.20 കോടിയും വെള്ളപ്പൊക്ക നിവാരണത്തിനായുള്ള 4.47 കോടിയില്‍ മൂന്നുകോടി രൂപയും വകമാറ്റും. ഇ- ഗവേര്‍ണന്‍സിനായി അനുവദിച്ച 9.82 കോടി രൂപയും വകമാറ്റുന്നുണ്ട്. സ്വീവേജ് പദ്ധതികള്‍ക്കായി അനുവദിച്ചിരിക്കുന്ന 14.40 കോടി രൂപയില്‍ 7.20 കോടി രൂപയും വകമാറ്റുന്നുണ്ട്. വിവിധ സ്റ്റാന്റിങ് കമ്മിറ്റി പാസാക്കിയ വിഷയങ്ങളും അവതരിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss