|    Nov 18 Sun, 2018 4:09 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഡിവൈഎസ്പി തള്ളിയിട്ട യുവാവ് കാറിടിച്ചു മരിച്ച സംഭവം: ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി; രണ്ടു പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 9th November 2018 | Posted By: kasim kzm

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വാക്കുതര്‍ക്കത്തിനിടെ ഡിവൈഎസ്പി തള്ളിയിട്ട യുവാവ് കാറിടിച്ചു മരിച്ച സംഭവത്തില്‍ രണ്ടു പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പരിക്കേറ്റ സനല്‍കുമാറിനെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ പോലിസിനു ഗുരുതര വീഴ്ച സംഭവിച്ചെന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പോലിസുകാരായ സജീഷ് കുമാര്‍, ഷിബു എന്നിവരെയാണ് അന്വേഷണവിധേയമായി ഐജി മനോജ് എബ്രഹാം സസ്‌പെന്‍ഡ് ചെയ്തത്. സനലിന്റെ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു. ഡിവൈഎസ്പി പിടിച്ചുതള്ളിയപ്പോള്‍ എതിരേ വന്ന കാറിടിച്ച് സനലിന്റെ തലയ്ക്കു പരിക്കേറ്റിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ സനലിന്റെ തല വീണ്ടും റോഡിലിടിച്ചു. ഇതേത്തുടര്‍ന്ന് രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. സനലിന്റെ വലതുകൈയുടെ എല്ലിനും വാരിയെല്ലിനും ഒടിവുണ്ട്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ക്രൈംബ്രാഞ്ചിന് ഫോറന്‍സിക് വിഭാഗം ഇന്നു കൈമാറും.
അപകടം നടന്നയുടനെ സനലിനെ നെയ്യാറ്റിന്‍കര ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ചിരുന്നു. ഇവിടെ നിന്നു മെഡിക്കല്‍ കോളജിലേക്ക് പോവുന്നതിനിടെ ആംബുലന്‍സ് പോലിസുകാര്‍ സ്‌റ്റേഷനിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. സിസിടിവിയില്‍ ഇക്കാര്യം വ്യക്തമാണ്. സ്റ്റേഷനിലേക്ക് പോയതിനാല്‍ അഞ്ചു മിനിറ്റ് വൈകിയാണ് മെഡിക്കല്‍ കോളജില്‍ എത്താനായതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ പ്രതികരിച്ചു. പോലിസുകാര്‍ക്ക് ഡ്യൂട്ടി മാറുന്നതിനു വേണ്ടിയാണ് സ്‌റ്റേഷനിലേക്കു പോയത്. മെഡിക്കല്‍ കോളജില്‍ എത്തിച്ച പോലിസുകാര്‍ സംഭവം ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമവും നടത്തി. മരണം സ്ഥിരീകരിച്ചതോടെ പോലിസുകാര്‍ സ്ഥലംവിടുകയായിരുന്നു.
ആംബുലന്‍സില്‍ കയറിയ സനലിന്റെ സുഹൃത്തിനെ വഴിയില്‍ ഇറക്കിവിട്ടതും ദുരൂഹതയുണര്‍ത്തി. ഡിവൈഎസ്പി കുറ്റക്കാരനായ കേസില്‍ യുവാവിനെ മരണത്തിലേക്കു നയിക്കുന്നതില്‍ മറ്റു ചില പോലിസുകാര്‍ക്കു കൂടി പങ്കുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അതേസമയം, തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ഡിവൈഎസ്പി ബി ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹരജിയില്‍ സര്‍ക്കാര്‍ 14ന് നിലപാട് അറിയിക്കണം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss