|    Nov 21 Tue, 2017 1:42 pm
FLASH NEWS

ഡിവൈഎസ്പി ചമഞ്ഞ് തട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍

Published : 12th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: നഗരത്തില്‍ ഡിവൈഎസ്പി ചമഞ്ഞ് തട്ടിപ്പു നടത്തിയ ആള്‍ അറസ്റ്റില്‍. ആലപ്പുഴ ജില്ലയില്‍ പുന്നപ്ര കളര്‍കോട് ഐക്കര സ്വദേശിയും പാപ്പനംകോട് വിശ്വംഭരന്‍ റോഡ് കല്‍പ്പക ഗാര്‍ഡന്‍സ് കെജി 173ല്‍ താമസക്കാരനുമായ എം കെ പ്രദീപ് (53) ആണ് അറസ്റ്റിലായത്. ആന്റി ടെററിസ്റ്റ് സ്‌ക്വാഡിലെ ഡിവൈഎസ്പി ആണെന്ന് ഉദ്യോഗാര്‍ഥികളെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പ്രതിമാസം 25000 രൂപ ശമ്പളമുള്ള സെക്യൂരിറ്റി ഫോഴ്‌സില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായി ജോലി വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപവരെ കൈപ്പറ്റിയതിനു ശേഷം മുങ്ങുകയാണ് ഇയാള്‍ ചെയ്തിരുന്നത്. ഈമാസം 10ന് ഉദ്യോഗാര്‍ഥിയായ സഞ്ജയ കുമാറിനെ ഇയാള്‍ ഡിവൈഎസ്പി ആണെന്ന് വിശ്വസിപ്പിക്കുന്നതിനായി തമ്പാനൂര്‍ പോലിസ് സ്‌റ്റേഷനില്‍ വന്നു. ഇയാള്‍ ഡിവൈഎസ്പി ആണെന്ന് പോലിസുകാരോട് സ്വയം വെളിപ്പെടുത്തി സല്യൂട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇയാളുടെ പ്രവര്‍ത്തിയില്‍ സംശയം തോന്നിയ പോലിസുകാര്‍ പ്രദീപ് കുമാറിനെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തതോടെയാണ് കള്ളി വെളിച്ചത്തായത്. തമ്പാനൂരിലെ ഉപാസന, ആരാമം എന്നീ ലോഡ്ജുകളില്‍ മുറിയെടുത്ത് ഉദ്യോഗാര്‍ഥികളെ വിളിച്ചു വരുത്തിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ ഇയാള്‍ തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്ന് അന്വേഷണം നടത്തുമെന്ന് തമ്പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി കെ പൃഥിരാജ് പറഞ്ഞു. ഉദ്യോഗാര്‍ഥിയായ സഞ്ജയകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രദീപ്കുമാറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റു ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക