|    Jul 27 Thu, 2017 6:23 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഡിവൈഎസ്പിയുടെ വസതിയിലും ഓഫിസിലും വിജിലന്‍സ് റെയ്ഡ്

Published : 24th July 2016 | Posted By: SMR

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കോട്ടയം ഡിവൈഎസ്പി ബിജു കെ സ്റ്റീഫന്റെ വസതിയിലും ഓഫിസിലും വിജിലന്‍സ് പരിശോധന നടത്തി. എടക്കാട്ടുവയല്‍ കൈപ്പട്ടൂരില്‍ മൂന്നുവര്‍ഷം മുമ്പ് നിര്‍മിച്ച ആഡംബര വസതിയിലും അതിനടുത്തുള്ള തറവാട്ടു വീട്ടിലും കോട്ടയത്തെ ഡിവൈഎസ്പിയുടെ ഓഫിസിലും പോലിസ് ക്ലബ്ബിലെ ഇദ്ദേഹത്തിന്റെ മുറിയിലുമായിരുന്നു പരിശോധന.
വസ്തു ഇടപാടും വാഹന ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധനയില്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചു. കൈപ്പട്ടൂരില്‍ ഇദ്ദേഹം വാങ്ങിയ 65 സെന്റ് സ്ഥലത്ത് നാലുകെട്ട് മാതൃകയിലുള്ള ആഡംബര വീട് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടു വര്‍ഷമായി രഹസ്യാന്വേഷണം നടന്നുവരികയായിരുന്നു. ഇദ്ദേഹത്തിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഉള്ളതായും പരാതിയുയര്‍ന്നിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് മരവിച്ച അന്വേഷണം പുതിയ വിജിലന്‍സ് ഡയറക്ടര്‍ വന്നശേഷമാണു സജീവമായത്.
ബിജു കെ സ്റ്റീഫന്‍ വരുമാനത്തേക്കാളും 35 ശതമാനം അധികം രൂപയുടെ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തിനെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പി വി എന്‍ ശശിധരന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
വ്യാഴാഴ്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ടി ബിജി ജോര്‍ജ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തശേഷം കോടതിയില്‍ നിന്ന് സെര്‍ച്ച് വാറന്റ് നേടിയാണ് ഇന്നലെ പരിശോധന നടത്തിയത്. ഇതു സംബന്ധിച്ച് ബിജു കെ സ്റ്റീഫന്റെ മൊഴി അടുത്ത ആഴ്ച രേഖപ്പെടുത്തും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക