|    Dec 12 Wed, 2018 8:12 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗികപീഡന പരാതി: ശശിക്ക് സസ്‌പെന്‍ഷന്‍

Published : 27th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ ലൈംഗികപീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരേ സിപിഎമ്മില്‍ നടപടി. ആറുമാസത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പി കെ ശശിയെ സസ്‌പെന്‍ഡ് ചെയ്തു. യുവതിയുടെ പരാതി അന്വേഷിച്ച കമ്മീഷന്‍ റിപോര്‍ട്ട് അംഗീകരിച്ചുകൊണ്ടാണ് സംസ്ഥാന കമ്മിറ്റിയുടെ നടപടി.
ഒരു നേതാവിന് യോജിക്കാത്തവിധത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകയോട് സംഭാഷണം നടത്തിയെന്നു കണ്ടെത്തിയതിനാലാണ് അച്ചടക്ക നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വനിതാ നേതാവിനോട് ശശി അപമര്യാദയായി സംസാരിച്ചിരുന്നുവെന്നാണ് കമ്മീഷന്റെ പ്രധാന കണ്ടെത്തല്‍. യുവതിയുമായി എംഎല്‍എ നടത്തിയ ഫോണ്‍സംഭാഷണം മുഖ്യതെളിവായി കമ്മീഷന്‍ റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, യുവതി ആരോപിക്കുന്നതുപോലെ ശശിയില്‍ നിന്ന് ലൈംഗികാതിക്രമം നേരിടേണ്ടിവന്നിട്ടില്ലെന്നും റിപോര്‍ട്ട് പറയുന്നു. ഫോണിലൂടെ മോശമായി സംസാരിച്ചതിന് ശശിക്കെതിരേ നടപടിയെടുക്കാമെന്ന കമ്മീഷന്റെ ശുപാര്‍ശ സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും ബോധ്യമാവുന്ന നടപടി വേണമെന്ന് പറഞ്ഞുകൊണ്ടാണ് സെക്രട്ടേറിയറ്റ് നിര്‍ദേശം കോടിയേരി സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ചത്. ശശിക്കെതിരേ കടുത്ത നടപടി വേണമെന്ന് പി കെ ശ്രീമതിയും ആവശ്യപ്പെട്ടു. ലൈംഗികസ്വഭാവത്തിലുള്ള പെരുമാറ്റം തന്നെയാണ് ശശിയുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഒരു കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം നടപടി വേണമോയെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ ചോദിച്ചു. ശശിക്കെതിരേ കടുത്ത നടപടി വേണ്ടെന്ന നിലപാടാണ് മന്ത്രി എ കെ ബാലനും സ്വീകരിച്ചത്. യുവതിയുടെ പരാതിക്കു പിന്നില്‍ പാലക്കാട്ടെ പാര്‍ട്ടി ഘടകത്തിലെ വിഭാഗീയതയാണെന്ന ബാലന്റെ നിലപാട് പി കെ ശ്രീമതിയും ലോറന്‍സും എതിര്‍ത്തു.
റിപോര്‍ട്ട് തയ്യാറാക്കുന്ന വേളയിലും ഇതേച്ചൊല്ലി കമ്മീഷന്‍ അംഗങ്ങളായ ശ്രീമതിയും ബാലനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍, വിഭാഗീയപ്രശ്‌നം റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ല. ഏറെനേരത്തെ വാഗ്വാദങ്ങള്‍ക്കൊടുവിലാണ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനുള്ള നിര്‍ദേശം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്.
പെണ്‍കുട്ടികളോട് എങ്ങനെ പെരുമാറണം എന്നതു സംബന്ധിച്ച് എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ് ശശിക്കെതിരായ നടപടിയെന്ന് കമ്മീഷനംഗം പി കെ ശ്രീമതി മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ട്ടിയിലെ ഒരു ഉന്നതനേതാവിന് യോജിക്കാത്ത രീതിയിലുള്ളതായിരുന്നു ശശിയുടെ പെരുമാറ്റം.
ശക്തമായ നടപടിയാണ് ശശിക്കെതിരേ സ്വീകരിച്ചത്. ഉണ്ടാവാന്‍ പാടില്ലാത്ത ചില പ്രയോഗങ്ങള്‍ ശശിയില്‍ നിന്നു സംഭവിച്ചു. കേന്ദ്രകമ്മിറ്റിയുടെ നിര്‍ദേശം വരുന്നതിന് മുമ്പുതന്നെയാണ് ശശിയുടെ കാര്യത്തില്‍ അന്വേഷണം തുടങ്ങിയത്. ശശി ആരോപിച്ച വിഭാഗീയത പാര്‍ട്ടി അംഗീകരിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, അന്വേഷണ കമ്മീഷന്‍ അംഗമായ മന്ത്രി എ കെ ബാലന്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.
അതേസമയം, പാര്‍ട്ടിയെടുക്കുന്ന ഏത് നടപടിയും രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്നും പാര്‍ട്ടി ജീവന്റെ ഭാഗമാണെന്നും ശശി പ്രതികരിച്ചു. നിലവില്‍ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് ശശി. യുവതി ആദ്യം ജില്ലാ കമ്മിറ്റിക്കും പിന്നീട് സംസ്ഥാന സെക്രട്ടറിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
തുടര്‍ന്ന് പോളിറ്റ് ബ്യൂറോയ്ക്ക് കത്തയച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് വാര്‍ത്തകള്‍ വന്നതോടെ നേതൃത്വം ഒന്നാകെ പ്രതിരോധത്തിലായി. ഇതിനു പിന്നാലെയാണ് പാര്‍ട്ടി കമ്മീഷനെ സംസ്ഥാന സെക്രട്ടേറിയറ്റ് നിയോഗിക്കുന്നത്. മൂന്നരമാസത്തിനുശേഷമാണ് കമ്മീഷന്‍ റിപോര്‍ട്ട് പാര്‍ട്ടി പരിഗണനയ്‌ക്കെടുത്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss