|    Jun 23 Sat, 2018 5:42 am
FLASH NEWS

ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം; അഞ്ചുപേര്‍ക്ക് പരിക്ക്

Published : 19th January 2017 | Posted By: fsq

 

കാഞ്ഞിരപ്പള്ളി: ശ്രേയസ് പബ്ലിക് സ്‌കൂളിലേക്ക് ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. രണ്ടു പോലിസുകാര്‍ക്കും മൂന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കണ്ണിനു പരിക്കേറ്റ പോലിസുകാരനായ കെഎപി അഞ്ചാം ബറ്റാലിയനിലെ മിഥു(27)നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊന്‍കുന്നം പോലിസ് സ്‌റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിളായ ലക്ഷ്മി രാജിനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം വിട്ടയച്ചു. പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അജു (23), ശരണ്‍ (21), അജയന്‍ (19) എന്നിവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10.30ഓടെയോടെയാണ് മാര്‍ച്ച് ആരംഭിച്ചത്. ശ്രേയസ് പബ്ലിക് സ്‌കൂള്‍ ആര്‍എസ്എസിന്റെ ആയുധപ്പുരയാക്കാന്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് ശാന്തി നികേതന്‍ ആശുപത്രിക്കു മുന്നില്‍ പോലിസ് തടഞ്ഞതോടെ പോലിസും സമരക്കാരും തമ്മില്‍ ഉന്തും തള്ളുമായി. പിന്നീട് സംഘര്‍ഷത്തിലേക്കു നീങ്ങുകയായിരുന്നു. ഇതിനിടെയുണ്ടായ കല്ലേറിലാണ് പോലിസുകാരനായ മിഥുനു പരിക്കേറ്റത്.ഇതിനിടെ മൂന്നു എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇവരെ അകാരണമായി കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച് സമരക്കാര്‍ സ്‌റ്റേഷന്‍ വളപ്പിലേക്ക് ഓടിയെത്തി. ആദ്യം മുദ്രാവാക്യം വിളിച്ച് സ്‌റ്റേഷന്‍ വളപ്പില്‍ കുത്തിയിരുന്നു. തുടര്‍ന്ന് സമരക്കാര്‍ ദേശീയപാത ഉപരോധിച്ചു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സ്‌റ്റേഷന്‍ കവാടത്തില്‍ സ്ഥാപിച്ച സിസിടിവി കാമറയും സ്റ്റേഷനിലെ ഒരു ജനല്‍ച്ചില്ലും തകര്‍ത്തു. ഇതോടെ സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കള്‍ ഇടപെട്ട് സമരക്കാരെ സ്‌റ്റേഷനു പുറത്തേക്കിറക്കി. പിന്നീട് കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു. ഈ സമയം കോടതിയില്‍ പോയി ടൗണിലൂടെ മടങ്ങുകയായിരുന്ന മണിമല എസ്‌ഐയുടെ ജീപ്പിനു നേരെയും സമരക്കാര്‍ തിരിഞ്ഞു. സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന 20ഓളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു. രാവിലെ നടന്ന പ്രതിഷേധ മാര്‍ച്ച് സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് റംഷാദ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സിപിഎം നേതാക്കളായ ഗിരീഷ് എസ് നായര്‍, പ്രഫ. ആര്‍ നരേന്ദ്രനാഥ്, ഡിവൈഎഫ്‌ഐ നേതാക്കളായ ബി ഗൗതം, ക്രിസ്റ്റി ഹരി സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss