|    Aug 22 Tue, 2017 12:56 pm
FLASH NEWS

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം ; പ്രതിക്ക് സിപിഎം ഒത്താശ ചെയ്യുന്നതായി ആരോപണം

Published : 3rd August 2017 | Posted By: fsq

 

മാന്നാര്‍: പാവുക്കര ഇടയാടിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മഹേഷിനെ തലയ്ക്ക് വെട്ടി  പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതിയെ ഇതുവരെ പിടികൂടാന്‍ കഴിയാത്തത് സി പി എം മാന്നാര്‍ ഏരിയ കമ്മറ്റിയിലെ പാവുക്കരയില്‍ നിന്നുള്ള ചില നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണെന്നുള്ള ആരോപണം ശക്തം. ഇടയാടി പ്രദേശവാസിയായ ഒന്നാം പ്രതി ആഷിക്ക് ജയനെ പോലീസിന് ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ സംഭവ ദിവസം പ്രതികളെ രക്ഷപ്പെടാന്‍ പൊലീസ് സഹായിച്ചു എന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പൊലിസ് വാഹനം തടയുകയും തുടര്‍ന്ന് വാഹനത്തിന്റെ സൈഡ് ഗ്ലാസ് തകര്‍ക്കുകയും ചെയ്തിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മഹേഷിന്റെ ബന്ധുവും കോണ്‍ഗ്രസ് നേതാവുമായ അനില്‍ മാന്തറയെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ദലിത് പൗരസമിതിയുടെ നേതൃത്വത്തില്‍ പോലിസ് സ്‌റ്റേഷന്‍ ഉപരോധം സംഘടിപ്പിച്ചിരുന്നു. ദിവസങ്ങള്‍ക്കു ശേഷം കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.എന്നാല്‍ സിപിഎം മാന്നാര്‍ ഘടകത്തിന്റെ ഭാഗത്ത് നിന്നും യാതൊരു ഇടപെടലും ഉണ്ടായിട്ടില്ല എന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമാണ്. എന്നാല്‍ പാര്‍ട്ടിയിലെ ചില ഉന്നത നേതാക്കന്മാരുടെ പ്രത്യേക താല്‍പര്യങ്ങളാണ് പ്രതിയെ അറസ്റ്റ് ചെയ്യാത്തതിന് കാരണമെന്നാണ് സിപിഎം പ്രവര്‍ത്തകരുടെ ആരോപണം. വരും ദിവസങ്ങളില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും സൂചനയുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക