|    Nov 20 Tue, 2018 9:59 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഡിവൈഎഫ്‌ഐ നേതാവിന്റെ പീഡനശ്രമം: നടപടിയില്ലെന്ന് ഇരയായ പെണ്‍കുട്ടി

Published : 1st November 2018 | Posted By: kasim kzm

ഇരിങ്ങാലക്കുട: ഡിവൈഎഫ്‌ഐ നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പരാതി നല്‍കി രണ്ടു മാസം കഴിഞ്ഞിട്ടും പാര്‍ട്ടിയില്‍ നിന്നും പോലിസില്‍ നിന്നും നടപടികളുണ്ടായില്ലെന്ന് ഇരയായ പെണ്‍കുട്ടി. കാട്ടൂരില്‍ മാധ്യമ പ്രവര്‍ത്തകരോടാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.
തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലില്‍ ഡിവൈഎഫ്‌ഐ നേതാവു പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. പരാതി നല്‍കി രണ്ടു മാസം കഴിഞ്ഞിട്ടും പോലിസ് അറസ്റ്റ് ചെയ്യാത്തതു രാഷ്ട്രീയ സമര്‍ദത്തിനു വഴങ്ങിയാണ്. സംഭവത്തില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടും തുടര്‍നടപടികള്‍ ഉണ്ടായില്ല. പരാതി പറഞ്ഞപ്പോള്‍ ജില്ലാ സെക്രട്ടറി ഇതേക്കുറിച്ച് അന്വേഷിക്കുമെന്നായിരുന്നു മറുപടി. എന്നാല്‍ ഇതുവരെ ജില്ലാ സെക്രട്ടറി തന്നോട് സംസാരിച്ചിട്ടില്ല. പ്രതിയുടെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ ഗൂഢാലോചനയുണ്ട്. രാഷ്ട്രീയ ഇടപെടലാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നോടു വെളിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു.
അന്വേഷണം ഊര്‍ജിതമാക്കണമെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് പെണ്‍കുട്ടി. കൂടെ ഉണ്ടാവുമെന്നു കരുതിയ പ്രസ്ഥാനം വേട്ടക്കാരനൊപ്പം നില്‍ക്കുന്നത് കാണുമ്പോള്‍ പ്രസ്ഥാനത്തില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും ഇവര്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss