|    Jan 25 Wed, 2017 6:57 am
FLASH NEWS

ഡിവൈഎഫ്‌ഐയുടെ വിപ്ലവരക്ഷാബന്ധന്‍ വിവാദത്തില്‍: ഫേസ്ബുക്ക് പോസ്റ്റിട്ടവര്‍ക്ക് മര്‍ദ്ദനം

Published : 27th August 2016 | Posted By: Navas Ali kn

facebook

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഡിവൈഎഫ്‌ഐ ശൂരനാട് ഏരിയാ ഖജാഞ്ചിയുടെ നേതൃത്വത്തില്‍ നടത്തിയ വിപ്ലവ രക്ഷാബന്ധന്‍ വിവാദത്തില്‍. ഇതിനേതിരേയും എം സ്വരാജ് എംഎല്‍എയെ വിമര്‍ശിച്ചും ഫേസ് ബുക്ക് പോസ്റ്റിട്ട എഐവൈഎഫ് നേതാവിനെയും എഐഎസ്എഫ് പ്രവര്‍ത്തകനെയും ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം.  എഐവൈഎഫ് ശൂരനാട് വടക്ക് മണ്ഡലം സെക്രട്ടറി അഖില്‍ ചന്ദ്രനെ വീട് കയറിയും ശൂരനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയും എഐഎസ്എഫ് പ്രവര്‍ത്തകനുമായ ആദിലിനെ സ്‌കൂളില്‍ വച്ചുമാണ് മര്‍ദ്ദിച്ചത്. ഡിവൈഎഫ്‌ഐ ശൂരനാട് ഏരിയ ഖജാഞ്ചിയുടെ നേതൃത്വത്തില്‍ രാഖി കെട്ടുന്ന ചിത്രം സഹിതമുള്ളതായിരുന്നു അഖില്‍ ഫേസ്ബുക്കില്‍ ചെയ്ത പോസ്റ്റ്. ഇത് ഫെയ്‌സ്ബുക്കില്‍ പ്രചരിച്ചതോടെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ആദിലിനെ സ്‌കൂളിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരും പുറത്തുനിന്നെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമാണ് മര്‍ദ്ദിച്ചത്. ഇതിനെ തുടര്‍ന്ന് സ്‌കൂള്‍ അടിയന്തര പിടിഎ യോഗം ചേര്‍ന്ന് ആദിലിനെ മര്‍ദ്ദിച്ച രണ്ട് കുട്ടികളെ സ്‌കൂളില്‍ നിന്നും പുറത്താക്കുവാന്‍ തീരുമാനിച്ചു. ഈ യോഗത്തില്‍ അഖില്‍ ചന്ദ്രനും പങ്കെടുത്തിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം പാറക്കടവിലുള്ള അഖില്‍ ചന്ദ്രന്റെ വീട്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രാത്രി എത്തി ആക്രമണം നടത്തുകയായിരുന്നു. അഖില്‍ ചന്ദ്രനും പിതാവ് രാമചന്ദ്രന്‍ നായര്‍ക്കും മാതാവ് ലീലയ്ക്കും ഗുരുതരമായി പരിക്കേറ്റു. ഇവര്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. രാമചന്ദ്രന്‍ നായര്‍ ഓപറേഷന്‍ കഴിഞ്ഞ ശേഷം വിശ്രമത്തില്‍ ഇരിക്കെയാണ് ആക്രമണത്തിന് ഇരയായത്. ഡിവൈഎഫ്‌ഐ ആക്രമണത്തിനെതിരേ സിപിഐ-എഐഎസ്എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. എന്നാല്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ രക്ഷാബന്ധന്‍ പരിപാടി നടന്നിട്ടില്ലെന്നും അക്രമത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 322 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക