|    Apr 25 Tue, 2017 8:07 pm
FLASH NEWS

ഡിവിഷനിലെ കുറവ്: പുറത്തായ അധ്യാപകരുടെ ശമ്പളം ലഭിച്ചില്ല

Published : 31st October 2016 | Posted By: SMR

പാലക്കാട്: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ തസ്തിക നിര്‍ണയം നടത്തിയപ്പോള്‍ സ്‌കൂളുകളില്‍ ഡിവിഷന്‍ കുറവുമൂലം പുറത്തായ നാലായിരത്തോളം അധ്യാപകരുടെ ശമ്പളത്തെച്ചൊല്ലി പ്രധാനാധ്യാപകരുമായി തുടരുന്ന തര്‍ക്കം ഇപ്പഴും തുടരുന്നു. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുറത്തായ അധ്യാപകരുടെ ശമ്പളം വിതരണം ചെയ്യുന്നത് പ്രധാനാധ്യപകര്‍ നിര്‍ത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ശമ്പളം തടഞ്ഞതോടെ പുറത്തായ അധ്യാപകര്‍ പ്രധാനാധ്യാപകര്‍ക്കുനേരെ തിരിയുകയും ചെയ്തു. തസ്തിക നിര്‍ണയ ഉത്തരവ് പുറത്തുവന്ന സാഹചര്യത്തില്‍ ശമ്പള വിതരണം സംബന്ധിച്ച് പുതിയ സര്‍ക്കാരിന്റെ നയം വ്യക്തമാക്കിയിട്ടില്ല. ഏപ്രില്‍, മെയ് മാസങ്ങളില്‍ പുറത്തുവന്ന തസ്തിക നിര്‍ണയ ഉത്തരവു പ്രകാരം ചില പ്രധാനാധ്യാപകര്‍ പുറത്തായവരുടെ ശമ്പളം തടയുകയായിരുന്നു. ശമ്പളം കിട്ടാതായതിനെത്തുടര്‍ന്നു പിന്നീട് അധ്യാപകര്‍ ക്ലാസുകളില്‍ പോകാതെയും സ്‌കൂള്‍ കാര്യങ്ങളില്‍ ഇടപെടാതെയും നിസ്സഹകരണത്തിലുമായി. ഇതുമൂലം ശമ്പളം തുടര്‍ന്നും നല്‍കുന്നതിന് നിലവില്‍ ഉത്തരവുകളുടെ പിന്‍ബലമില്ലാത്തതിനാല്‍ പ്രധാനാധ്യാപകര്‍ ഇവരുടെ ശമ്പളം തടഞ്ഞുവെയ്ക്കുകയാണ്.  2010-12 മുതല്‍ ഇത്തരത്തില്‍ പുറത്താകുന്നവരെ സംരക്ഷിച്ചുകൊണ്ട് കഴിഞ്ഞ സര്‍ക്കാര്‍ ശമ്പളം നല്‍കിയിരുന്നു. ഇക്കാര്യം പറഞ്ഞാണ് പ്രതിഷേധക്കാര്‍ ശമ്പളം നല്‍കാന്‍ ആവശ്യപ്പെടുന്നത്. 2016 ജനുവരി 29ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തസ്തിക നിര്‍ണയം നടത്തി ഉത്തരവിറക്കിയത്. തസ്തിക നിര്‍ണയ ഉത്തരവ് കൈപ്പറ്റുന്നതോടെ പുറത്താകുന്ന അധ്യാപകരുടെ ശമ്പളം വിതരണം ചെയ്യുന്നത് നിര്‍ത്തണമെന്ന് വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.ഇത്തരം സംരക്ഷിത അധ്യാപകരെ പുനര്‍വിന്യസിക്കുന്ന ജോലി ചില ജില്ലകളില്‍ നടക്കുന്നുണ്ട്. പക്ഷേ പുനര്‍വിന്യസിച്ചുകൊണ്ട് ഉത്തരവു നല്‍കിയെങ്കിലും മുഴുവനും പ്രാബല്യത്തിലായില്ല. അധ്യാപക ഒഴിവുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലേക്കും എയ്ഡഡ് സ്‌കൂളുകളിലേക്കും അധ്യാപകരെ വിന്യസിച്ചുകൊണ്ടുള്ള ഉത്തരവാണ് നല്‍കിയത്. എന്നാല്‍ ഇതിനെതിരെ എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ എതിര്‍പ്പുമായി രംഗത്തുവന്നതോടെ 2016-17ലെ തസ്തിക നിര്‍ണയം നടത്തിയ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുകയും ചെയ്യും.പുറത്താകുന്ന അധ്യാപകരുടെ ശമ്പള കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് പ്രശ്‌നപരിഹാരം കാണണമെന്ന് കേരള പ്രൈവറ്റ് സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day