|    Jul 26 Wed, 2017 12:20 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഡിഫ്തീരിയ: സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചതായി ആരോഗ്യമന്ത്രി

Published : 13th July 2016 | Posted By: SMR

തിരുവനന്തപുരം: ഡിഫ്തീരിയ പടര്‍ന്നുപിടിക്കാതിരിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ നിയമസഭയെ അറിയിച്ചു. ഡിഫ്തീരിയ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. 2.31 ലക്ഷം പേര്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കുന്ന പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തുനിന്ന് എം ഉമ്മര്‍ കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു ആരോഗ്യമന്ത്രി.
മലപ്പുറം ജില്ലയില്‍ 31 പേര്‍ക്കും കോഴിക്കോട്ട് ഏഴുപേര്‍ക്കും കണ്ണൂരില്‍ ഒരാള്‍ക്കുമാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചത്. ഇതില്‍ മലപ്പുറത്ത് രണ്ടുപേര്‍ മരണപ്പെട്ടു. മലപ്പുറത്തെ ഏഴ് ബ്ലോക്കുകളിലാണ് പ്രധാനമായും ഡിഫ്തീരിയ ബാധയുള്ളത്. ഇവിടെ പ്രത്യേക മെഡിക്ക ല്‍ ക്യാംപുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
ആവശ്യമായ മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും ബന്ധപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളിലും ശേഖരിച്ചുകഴിഞ്ഞു. രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിലുള്ളവരുടെ സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഈമാസം പൂര്‍ത്തിയാവും. 15 മുതല്‍ 37 വയസ്സ് വരെയുള്ളവര്‍ രോഗബാധിതരായിട്ടുണ്ട്. രോഗപ്രതിരോധത്തിനുള്ള അടിയന്തര കര്‍മപദ്ധതി നടപ്പാക്കാന്‍ ഡോ. ജി സുനില്‍കുമാറിനെ സ്‌പെഷ്യല്‍ ഓഫിസറായി നിയോഗിച്ചിട്ടുണ്ട്. മറ്റു പ്രദേശങ്ങളിലെ നഴ്‌സിങ് അസിസ്റ്റന്റുമാരെയും ഡോക്ടര്‍മാരെയും രോഗബാധയുള്ള പ്രദേശങ്ങളില്‍ വിന്യസിച്ചാണ് മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നത്. സിറം ഇന്‍സ്റ്റിറ്റിയൂട്ട്, ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയാണ് പ്രതിരോധ വാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്നത്. ഇവരില്‍നിന്ന് ആവശ്യമായ ഡോസ് മരുന്ന് ലഭ്യമാക്കിക്കഴിഞ്ഞു. കുത്തിവയ്‌പ്പെടുക്കുന്നതില്‍ അലംഭാവം കാണിച്ചതാണ് രോഗബാധയ്ക്കു കാരണം.
കുത്തിവയ്പ്പിനെതിരേ ചില കേന്ദ്രങ്ങള്‍ നടത്തിയ പ്രചാരണം ഇതിനു കാരണമായിട്ടുണ്ട്. അന്ധവിശ്വാസങ്ങളും ഇതിനെ ബാധിച്ചു. മതപരമായ എതിര്‍പ്പുണ്ടെന്ന തെറ്റായ ധാരണ പരത്താനാണ് ചിലര്‍ ശ്രമിച്ചത്. ആരോഗ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഡിഫ്തീരിയബാധിത പ്രദേശങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടണമെന്നും പലയിടത്തും ആവശ്യമായ മരുന്നില്ലെന്നും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ എം ഉമ്മര്‍ കുറ്റപ്പെടുത്തി.
മലബാര്‍ മേഖലയില്‍ ക്യാംപുകള്‍ നടത്തുന്നതില്‍ ആരോഗ്യവകുപ്പിനു വീഴ്ചയുണ്ടായിട്ടുണ്ട്. രോഗം വ്യാപിക്കാന്‍ കാരണങ്ങള്‍ ഏറെയാണ്. കാര്യക്ഷമമായ ഇടപെടലുണ്ടായില്ലെങ്കില്‍ ഗുരുതരമായ സാഹചര്യമുണ്ടാവും. 2000 കുട്ടികള്‍ക്കു നല്‍കാനുള്ള മരുന്നുപോലും ലഭ്യമല്ലെന്നും എം ഉമ്മര്‍ ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക