|    Mar 23 Thu, 2017 7:56 am
FLASH NEWS

ഡിഫ്തീരിയ: ജില്ലയില്‍ ഒരു ലക്ഷം പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കി

Published : 12th July 2016 | Posted By: SMR

മലപ്പുറം: ജില്ലയില്‍ പടര്‍ന്നുപിടിച്ച ഡിഫ്തീരിയയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വന്‍ പുരോഗതി. തീരെ കുത്തിവയ്പ് എടുക്കാത്തവരോ ഭാഗികമായി മാത്രം എടുത്തവരോ ആയ 16 വയസ്സില്‍ താഴെയുള്ള ഒരു ലക്ഷത്തോളം കുട്ടികള്‍ക്ക് ജൂലൈ 11 വരെയായി പ്രതിരോധ കുത്തിവയ്പ് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.വി ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. ജൂലൈ ഒന്‍പത് വരെയുള്ള കൃത്യമായ കണക്കെടുപ്പ് പ്രകാരം 93,553 പേര്‍ക്കാണു ജില്ലയില്‍ കുത്തിവയ്പ് നല്‍കിയത്.
സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു കുട്ടികള്‍ക്കു പ്രതിരോധ കുത്തിവയ്പ് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പുതുതായി മൂന്ന് ലക്ഷത്തോളം ടിഡി വാക്‌സിന്‍ രണ്ട് ദിവസത്തിനകം ജില്ലയിലെത്തും. സ്‌കൂളുകളില്‍ നടന്നുവരുന്ന അധ്യാപക- രക്ഷാകര്‍തൃ ബോധവല്‍ക്കരണ പരിപാടികള്‍ പൂര്‍ത്തിയാവുന്നതോടെ മരുന്നുകള്‍ വിതരണം ചെയ്യും. ഡിഫ്തീരിയ ലക്ഷണങ്ങളോടെ 27 പേരാണ് ഇതിനകം ജില്ലയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടിയത്. ഇവരില്‍ മരണപ്പെട്ട രണ്ടുപേര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
പ്രതിരോധ കുത്തിവയ്പ് നല്‍കാതിരിക്കുന്നത് ശിക്ഷാര്‍ഹം: മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍
മലപ്പുറം: കുഞ്ഞുങ്ങള്‍ക്ക് യഥാസമയം പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കാതിരിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെബ കോശി. അത്തരം കുറ്റങ്ങള്‍ ചെയ്യുന്ന മാതാപിതാക്കള്‍ ശിക്ഷിക്കപ്പെടേണ്ടതാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാണിച്ചു.
സംസ്ഥാനത്ത് ഡിഫ്തീരിയ മരണം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കാത്തവര്‍ക്ക് സ്‌കൂളിലും കോളജിലും പ്രൊഫഷനല്‍ കോഴ്‌സുകളിലും പ്രവേശനം നല്‍കരുതെന്നും ഉത്തരവില്‍ പറയുന്നു. സ്‌കൂള്‍ പ്രവേശനത്തിന് മുമ്പ് പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ടെന്ന് തെളിയിക്കുന്ന കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അടിയന്തരമായി പരിഗണിക്കണം. ഇപ്പോള്‍ സ്‌കൂളില്‍ പഠിക്കുന്നവര്‍ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കണം. കുത്തിവയ്പ് എടുക്കാത്ത കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് അടിയന്തരമായി നല്‍കണം. പ്രതിരോധ കുത്തിവയ്പുകള്‍ക്ക് എതിരേ പ്രവര്‍ത്തിക്കുന്ന സംഘടനകളെ കണ്ടെത്തി കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന പരാതിക്കാരന്റെ ആവശ്യം പരിഗണിക്കണം. പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് എതിരേ നടപടിയെടുക്കണമെന്ന ആവശ്യവും പരിഗണിക്കണം. നടപടി സ്വീകരിച്ചില്ലെങ്കില്‍ കുട്ടികളുടെ ജീവിക്കാനുള്ള അവകാശം മുളയിലേ നുള്ളുന്നതിന് തുല്യമാവുമെന്ന് ജസ്റ്റിസ് ജെബി കോശി ഉത്തരവില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ പതിയണം. പ്രതിരോധ കുത്തിവയ്പ് നിര്‍ബന്ധമാക്കിയാല്‍ പോളിയോ പോലെ ഡിഫ്തീരിയയും നിഷ്‌കാസിതമാക്കാമെന്നു കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലും പ്രതിരോധ കുത്തിവയ്പ് എടുത്തതായി തെളിയിക്കുന്ന കാര്‍ഡ് നിര്‍ബന്ധമാെണന്നും ജസ്റ്റിസ് ജെബി കോശി ചൂണ്ടിക്കാട്ടി. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് ആവശ്യമായ നടപടിയെടുക്കുക എന്നത് സര്‍ക്കാരിന്റെ അടിസ്ഥാനപരമായ ചുമതലയാണെന്നും ഉത്തരവില്‍ പറയുന്നു.
ഡോ. ടി എം അനന്തകേശവനാണ് കമ്മീഷന് പരാതി നല്‍കിയത്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും കമ്മീഷന്‍ കൊണ്ടുവരും. ഉത്തരവ് ചീഫ് സെക്രട്ടറിക്കും ആരോഗ്യസെക്രട്ടറിക്കും കൈമാറിയതായി കമ്മീഷന്‍ അറിയിച്ചു.

(Visited 72 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക