|    Jan 20 Fri, 2017 2:53 am
FLASH NEWS

ഡിഫ്തീരിയ: കുത്തിവയ്പ് നൂറ് ശതമാനമാക്കാന്‍ കൂട്ടായി രംഗത്തിറങ്ങും

Published : 26th June 2016 | Posted By: SMR

മലപ്പുറം: ജില്ലയില്‍ രണ്ട് മരണം ഉള്‍പ്പെടെ അഞ്ച് ഡിഫ്തീരിയ (തൊണ്ടമുള്ള്) കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ പ്രതിരോധ കുത്തിവയ്പ് നൂറുശതമാനമാക്കുന്നതിന് ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് സമ്മേളനഹാളില്‍ ചേര്‍ന്ന ജില്ലാതല ഏകോപന സമിതി യോഗം തീരുമാനിച്ചു. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് പഞ്ചായത്ത്- നഗരസഭാ തലങ്ങളില്‍ ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും അടിയന്തര യോഗം ചേര്‍ന്ന് പദ്ധതികള്‍ തയ്യാറാക്കും.
തുടര്‍ന്ന് വാര്‍ഡ് തലങ്ങളില്‍ വാര്‍ഡ് അംഗങ്ങള്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍, പൊതുപ്രവര്‍ത്തകര്‍, മതനേതാക്കള്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗം ചേര്‍ന്ന് വാര്‍ഡില്‍ കുത്തിവയ്പ് കര്‍മ പരിപാടി ആവിഷ്‌കരിക്കും. അടുത്ത ദിവസം മുതല്‍ തീരെ കുത്തിവയ്പ് ലഭിക്കാത്തവരും ഭാഗികമായി മാത്രം ലഭിച്ചവരുമായ 16 വയസില്‍ താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവയ്പ് ലഭ്യമാക്കുന്നതിന് വീടുവീടാന്തരം കയറിയിറങ്ങും. സ്‌കൂളുകളില്‍ അധ്യാപക- രക്ഷാകര്‍തൃ യോഗങ്ങള്‍ ബന്ധപ്പെട്ട മെഡിക്കല്‍ ഓഫിസര്‍മാരുടെ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത് ബോധവല്‍ക്കരണം നടത്തുകയും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്ക് കുത്തിവയ്പ് ക്യാംപുകള്‍ നടത്തുകയും ചെയ്യും. ഏഴ് വയസ്സില്‍ താഴെയുള്ളവര്‍ക്ക് സാധാരണ നല്‍കുന്ന പ്രതിരോധ കുത്തിവയ്പും ഏഴ് മുതല്‍ 16 വരെയുള്ളവര്‍ക്ക് ടിഡി വാക്‌സിനുമാണ് നല്‍കുക. തീരെ കുത്തിവയ്പ് എടുക്കുകയോ ഭാഗികമായി മാത്രം എടുക്കുകയോ ചെയ്ത ജില്ലയിലെ 1,32,000 കുട്ടികള്‍ക്ക് രണ്ടാഴ്ചയ്ക്കകം പ്രതിരോധ കുത്തിവയ്പ് ലഭ്യമാക്കുകയാണ് ലക്ഷ്യം. തീരെ കുത്തിവയ്പ് എടുക്കാത്തവര്‍ക്കും ഭാഗികമായി മാത്രം എടുത്തവര്‍ക്കും മൂന്ന് ഡോസ് ടിഡി വാക്‌സിനും മറ്റുള്ളവര്‍ക്ക് ഒരു ഡോസ് ടിഡി വാക്‌സിനുമാണ് നല്‍കുക. ഇതു കൂടാതെ രോഗികളുമായി നേരിട്ട് ഇടപഴകേണ്ടി വരുന്ന രോഗിയുടെ ബന്ധുക്കള്‍, പരിചരിക്കുന്നവര്‍, അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പ്രതിരോധ കുത്തിവയ്പുകളും മരുന്നും നല്‍കും. 50,000 ഡോസ് ടിഡി വാക്‌സിന്‍ ഇതിനകം ജില്ലയില്‍ ലഭ്യമാക്കിയതായും കൂടുതല്‍ ആവശ്യമുള്ളത് ഉടന്‍ എത്തിക്കുമെന്നും ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജി സുനില്‍കുമാര്‍ യോഗത്തില്‍ അറിയിച്ചു.
അതേസമയം, കൊണ്ടോട്ടി മണ്ഡലത്തില്‍ ഡിഫ്തീരിയ ബാധയുണ്ടായ സ്ഥലം ആരോഗ്യ മന്ത്രി സന്ദര്‍ശിക്കും. സ്ഥലം എംഎല്‍എ ടി വി ഇബ്രാഹീമുമായി മന്ത്രി കൂടിയാലോചന നടത്തി. തുടര്‍ന്നാണ് പ്രദേശം സന്ദര്‍ശിക്കാന്‍ സന്നദ്ധത അറിയിച്ചത്.
ഡിഫ്തീരിയ: അറിയേണ്ട കാര്യങ്ങള്‍
മലപ്പുറം: ജില്ലയില്‍ ഭീതിപടര്‍ത്തിക്കൊണ്ടിരിക്കുന്ന ഡിഫ്തീരിയ (തൊണ്ടമുള്ള്) കൊറൈന്‍ ബാക്ടീരിയം ഡിഫ്തീരിയെ എന്ന രോഗാണു ഉണ്ടാക്കുന്നതും വായുവില്‍ കൂടി പകരുന്നതുമായ രോഗമാണ്. കുത്തിവയ്പ് എടുക്കാത്തവരെയും അപൂര്‍ണമായി എടുത്തവരെയുമാണ് രോഗം ബാധിക്കുന്നത്.
പ്രധാനമായും കുട്ടികളെയാണ് ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരിലും കാണാം. പനി, തൊണ്ട വേദന, ആഹാരം ഇറക്കാന്‍ പ്രയാസം, കഴുത്തില്‍ വീക്കം എന്നിവയാണ് പ്രാരംഭ രോഗ ലക്ഷണങ്ങള്‍. ലക്ഷണം കണ്ടാല്‍ സ്വയം ചികില്‍സയ്ക്ക് മുതിരാതെ വൈദ്യസഹായം തേടണം. കൃത്യസമയത്ത് ചികില്‍സ ലഭിച്ചില്ലെങ്കില്‍ മാരകമായ ഭവിഷ്യത്തുകള്‍ ഉണ്ടാവും. രോഗാണു പുറപ്പെടുവിക്കുന്ന വിഷവസ്തു രക്തത്തില്‍ കലര്‍ന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തി ഹൃദയം, മസ്തിഷ്‌കം, നാഡി ഞെരമ്പുകള്‍ എന്നിവയെ ബാധിച്ച് മരണ കാരണമാവുന്നു.
മാത്രമല്ല കഴുത്തിലെ വീക്കംമൂലം ശ്വാസതടസ്സമുണ്ടായും മരണം സംഭവിക്കാം. എരിത്രോമൈസിന്‍ എന്ന ആന്റി ബയോട്ടിക് മെഡിസിനും ഡിഫ്തീരിയ ആന്റി ടോക്‌സിനും ഉപയോഗിച്ചുള്ള ചികില്‍സയാണ് നിലവിലുള്ളത്.
രോഗ പ്രതിരോധം:
യഥാസമയത്തുള്ള രോഗ പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കുക.
പള്ളിക്കല്‍ ബസാറില്‍ യുവാവിന് ഡിഫ്തീരിയ സ്ഥിരീകരിച്ചു
കൊണ്ടോട്ടി: ഡിഫ്തീരിയക്കെതിരേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനിടെ പള്ളിക്കല്‍ ബസാര്‍ കോഴിപ്പുറത്ത് യുവാവിന് ഡിഫ്തീരിയ രോഗം സ്ഥിരീകരിച്ചു.
കോഴിപ്പുറത്തെ ഫായിസ് എന്ന 21 കാരനെയാണ് ഇന്നലെ ഡിഫ്തീരയയുടെ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളെ മെഡിക്കല്‍ കോളജിലെ 43 നമ്പര്‍ മുറിയിലേക്ക് മാറ്റി. മറ്റു രോഗികളുമായി ഇടകലരാതിരിക്കാനാണിത്. സമയത്തിന് ചികില്‍സ ലഭ്യമാക്കാനായതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡിഫ്തീരിയ ബാധിച്ച് പുളിക്കല്‍ എഎംഎം ഹൈസ്‌കൂളിലെ വിദ്യാര്‍ഥി മുഹമ്മദ് അഫ്ഷാസ മരിച്ചത്. ഇതിന്റെ സമീപ പ്രദേശത്തുതന്നെയാണ് വീണ്ടു രോഗം സ്ഥിരീകരിച്ചത്. ജില്ലയിലെ താനൂരില്‍ കഴിഞ്ഞ 18ന് മോര്യ കോട്ടൂകാട്ടിലെ ചെറുവത്ത് കൊറ്റായി വീട്ടില്‍ അല്‍ അമീന്‍ ഡിഫ്തീരിയ ബാധിച്ച് മരിച്ചിരുന്നു. പതിനിഞ്ചു ദിവസത്തെ ചികില്‍സയിലിരിക്കെയാണ് അമീന്‍ മരിച്ചത്.
എന്നാല്‍, പുളിക്കലില്‍ രോഗം മൂര്‍ച്ചിച്ചതിനു ശേഷമാണ് വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഡിഫ്തീരിയ ബാധിച്ച് മരിച്ച രണ്ടു കുട്ടികളില്‍ ഒരാള്‍ കൊണ്ടോട്ടി മുണ്ടക്കുളം സ്വദേശിയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 99 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക