|    Apr 20 Fri, 2018 6:23 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഡിഫ്തീരിയ; കുത്തിവയ്പ് എടുക്കാത്തവര്‍ക്ക് സ്‌കൂള്‍ പ്രവേശനം നല്‍കരുത്: മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം 

Published : 1st July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിഫ്തീരിയ മരണം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കാത്തവര്‍ക്ക് സ്‌കൂളിലും കോളജിലും പ്രഫഷനല്‍ കോഴ്‌സുകളിലും പ്രവേശനം നല്‍കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ഉത്തരവിട്ടു. കുഞ്ഞുങ്ങള്‍ക്ക് യഥാസമയം പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കാതിരിക്കുന്നത് ശിക്ഷാര്‍ഹമാണ്. അത്തരം കുറ്റങ്ങള്‍ ചെയ്യുന്ന മാതാപിതാക്കള്‍ ശിക്ഷിക്കപ്പെടേണ്ടതുമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.
സ്‌കൂള്‍ പ്രവേശനത്തിന് മുമ്പ് പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ടെന്ന് തെളിയിക്കുന്ന കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അടിയന്തരമായി പരിഗണിക്കണം. ഇപ്പോള്‍ സ്‌കൂളില്‍ പഠിക്കുന്നവര്‍ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കണം. കുത്തിവയ്പ് എടുക്കാത്ത കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് അടിയന്തരമായി നല്‍കണം. പ്രതിരോധ കുത്തിവയ്പുകള്‍ക്ക് എതിരേ പ്രവര്‍ത്തിക്കുന്ന സംഘടനകളെ കണ്ടെത്തി കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന പരാതിക്കാരന്റെ ആവശ്യം പരിഗണിക്കണം. ആവശ്യങ്ങള്‍ പരിഗണിച്ച് നടപടി സ്വീകരിച്ചില്ലെങ്കില്‍ കുട്ടികളുടെ ജീവിക്കാനുള്ള അവകാശം മുളയിലേ നുള്ളുന്നതിന് തുല്യമാവുമെന്ന് ജസ്റ്റിസ് ജെ ബി കോശി ഉത്തരവില്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ പതിയണം. പ്രതിരോധ കുത്തിവയ്പ് നിര്‍ബന്ധമാക്കിയാല്‍ പോളിയോ പോലെ ഡിഫ്തീരിയയും നിഷ്‌കാസിതമാക്കാമെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലും പ്രതിരോധ കുത്തിവയ്പ് എടുത്തതായി തെളിയിക്കുന്ന കാര്‍ഡ് നിര്‍ബന്ധമാെണന്നും ജസ്റ്റിസ് ജെ ബി കോശി ചൂണ്ടിക്കാട്ടി. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് ആവശ്യമായ നടപടിയെടുക്കുക എന്നത് സര്‍ക്കാരിന്റെ അടിസ്ഥാനപരമായ ചുമതലയാണെന്നും ഉത്തരവില്‍ പറയുന്നു. ഡോ. ടി എം അനന്തകേശവനാണ് കമ്മീഷന് പരാതി നല്‍കിയത്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും കമ്മീഷന്‍ കൊണ്ടുവരും. ഉത്തരവ് ചീഫ്‌സെക്രട്ടറിക്കും ആരോഗ്യ സെക്രട്ടറിക്കും കൈമാറി.
അതേസമയം, മലപ്പുറത്തെ ഡിഫ്തീരിയ മരണങ്ങള്‍ക്ക് ഇസ്‌ലാമിക സംഘടനകളും ഉത്തരവാദികളാണെന്ന് എത്തിക്കല്‍ മെഡിക്കല്‍ ഫോറം (ഇഎംഎഫ്) സംസ്ഥാന ഭാരവാഹികള്‍. ഡിഫ്തീരിയ വീണ്ടും റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എല്ലാ സംഘടനാ നേതാക്കളും ഈ വിഷയത്തില്‍ നിരപരാധികളാണെന്നാണ് അവകാശപ്പെടുന്നത്. പക്ഷേ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തടസ്സം നേരിടുന്നത് പ്രധാനമായും പ്രാദേശിക മത നേതൃത്വങ്ങളില്‍ നിന്നാണ്. നിഷിദ്ധമായ വസ്തുക്കളില്‍ നിന്നാണ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്നതെന്നും മലബാറിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രത്യുല്‍പാദനശേഷി വാക്‌സിന്‍ തകര്‍ക്കുമെന്നും കുട്ടികള്‍ക്ക് ബുദ്ധിശക്തി കുറയുമെന്നുമാണ് ഇവരുടെ പ്രചാരണം.
മതത്തിന്റെ ആവരണമിട്ട ഈ പ്രതിരോധം ഇല്ലാതാക്കാന്‍ മതനേതാക്കളുടെ സഹകരണം കൂടിയേ തീരു.
ഹജ്ജ് കര്‍മത്തിന് നിര്‍ബന്ധമായി ഏര്‍പ്പെടുത്തിയ മെനിന്‍ജൈറ്റിസ്, പോളിയോ വാക്‌സിനുകള്‍, മിക്ക ഗള്‍ഫ് രാജ്യങ്ങളിലെയും സ്‌കൂള്‍ അഡ്മിഷന് നിര്‍ബന്ധമായ വാക്‌സിന്‍ കാര്‍ഡുകള്‍ തുടങ്ങി അറബ് മുസ്‌ലിം സമൂഹം പൂര്‍ണമായി വാക്‌സിനുകളെ സ്വീകരിച്ചപ്പോഴാണ് ഈ വൈരുധ്യം. മുസ്‌ലിം സമുദായത്തിലെ തെറ്റിദ്ധാരണകളെ അതിജീവിക്കാന്‍ മതനേതാക്കളുടെ ഒഴുക്കന്‍ പ്രസ്താവനകള്‍ മാത്രം മതിയാവില്ല. മതചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്യുന്ന കാംപയിനുകള്‍ തടയാന്‍ മതനേതൃത്വം ആത്മാര്‍ഥത കാണിക്കണമെന്നും ഡോ. കാസിം റിസ്വി, മുഹമ്മദ് ഇസ്മായില്‍, ഡോ. അബ്ദുറഹ്മാന്‍, ഡോ. എം പി അബുബക്കര്‍, ഡോ. ഫവാസ്, ഹംസാദ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss