|    Mar 23 Fri, 2018 6:56 am
Home   >  Editpage  >  Middlepiece  >  

ഡിഫ്തീരിയ ഉയര്‍ത്തുന്ന ഗുരുതര ഭീഷണി

Published : 2nd July 2016 | Posted By: SMR

ഡോ. മോഹന്‍ദാസ് നായര്‍

കൊറൈന്‍ ബാക്റ്റീരിയം ഡിഫ്തീരിയെ എന്ന ഒരു ബാക്റ്റീരിയ ഉണ്ടാക്കുന്ന മാരക രോഗമാണ് ഡിഫ്തീരിയ. 1878ല്‍ വിക്ടോറിയ രാജ്ഞിയുടെ മകളായ ആലീസ് മരിച്ചത് ഡിഫ്തീരിയ മൂലമായിരുന്നു. രോഗത്തിനെതിരേ നിരായുധരായി പൊരുതേണ്ടിവന്ന ആ കാലഘട്ടത്തില്‍ പണക്കാരെന്നോ പാവപ്പെട്ടവരെന്നോ ഉള്ള വ്യത്യാസമില്ലാതെ ആള്‍ക്കാര്‍ രോഗത്തിന് ഇരയായിരുന്നു.
20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബാലമരണങ്ങളുടെ കാരണക്കാരായ രോഗങ്ങളില്‍ നാലാംസ്ഥാനത്തായിരുന്നു ഡിഫ്തീരിയ. വോണ്‍ ബെറിംഗ് എന്ന ശാസ്ത്രജ്ഞനാണ് ഡിഫ്തീരിയക്കെതിരായി ഒരു വാക്‌സിന്‍ വികസിപ്പിച്ചത്. അതുവരെ ഈ രോഗം തടയാനോ വന്നാല്‍ ഫലപ്രദമായി ചികില്‍സിക്കാനോ സാധിച്ചിരുന്നില്ല. അതു കൊണ്ടുതന്നെ, വൈദ്യശാസ്ത്രത്തിലെ മികച്ച സംഭാവനയ്ക്ക് നൊബേല്‍ സമ്മാനം ഏര്‍പ്പെടുത്തിയപ്പോള്‍ അവാര്‍ഡ് നിര്‍ണയ സമിതിക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. വൈദ്യശാസ്ത്രത്തിനുള്ള ആദ്യത്തെ നൊബേല്‍ സമ്മാനം(1901ല്‍) ലഭിച്ചത് ബെറിംഗിനായിരുന്നു.
വാക്‌സിന്‍ അദ്ഭുതങ്ങള്‍ കാണിച്ചു. 1920ല്‍ അമേരിക്കയില്‍ മാത്രം 1,25,000 പേരെ ബാധിച്ച് പതിനായിരത്തിലേറെപേരുടെ മരണത്തിനിടയാക്കിയിരുന്നു ഈ രോഗം. കുത്തിവയ്പിന്റെ വ്യാപകമായ ഉപയോഗത്തിലൂടെ 1980 ആയപ്പോള്‍ അമേരിക്കയില്‍ ആ വര്‍ഷം വെറും അഞ്ചുപേരെ മാത്രമേ ബാധിച്ചുള്ളൂ. ഒരു മരണംപോലും ഉണ്ടായതുമില്ല. എന്നാല്‍, വികസ്വര രാജ്യങ്ങളില്‍ ഇന്നും ഈ രോഗം ധാരാളമായി കണ്ടുവരുന്നു. വികസിത രാജ്യങ്ങളിലും എപ്പോഴൊക്കെ പ്രതിരോധ കുത്തിവയ്പിന്റെ കാര്യത്തില്‍ അനാസ്ഥ ഉണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ രോഗം ഭീകരരൂപം പ്രാപിച്ച് സംഹാരതാണ്ഡവമാടിയിട്ടുണ്ട്. 1980കളുടെ അവസാനത്തില്‍ സോവിയറ്റ് യൂനിയന്‍ ഛിന്നഭിന്നമായി. രാഷ്ട്രീയമായ അസ്ഥിരത കാരണം ചില രാജ്യങ്ങളില്‍ പ്രതിരോധ കുത്തിവയ്പിന്റെ കാര്യത്തില്‍ ഉപേക്ഷ വന്നു. 1990-95 കാലയളവില്‍ 1,50,000 പേര്‍ക്കാണ് അവിടെ ഡിഫ്തീരിയ ബാധയുണ്ടായത്. 5000ലധികം പേര്‍ മരിക്കുകയും ചെയ്തു. ഏറ്റവുമൊടുവില്‍ വിദ്യാഭ്യാസത്തിനും വികസനത്തിനും ശാസ്ത്രാവബോധത്തിനും പേരുകേട്ട കേരളത്തില്‍, സ്ത്രീവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അതിവേഗം മുന്നോട്ടുകുതിക്കുന്ന മലപ്പുറം ജില്ലയില്‍ ഒരുവര്‍ഷത്തിനിടെ നാലു കുട്ടികളാണ് ഡിഫ്തീരിയക്ക് കീഴടങ്ങിയത്.
സമൂഹത്തില്‍ ഡിഫ്തീരിയ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ (ഉദാഹരണത്തിന്, മലപ്പുറം ജില്ലയിലെ ചില പ്രദേശങ്ങളില്‍) 3-5 ശതമാനം പേരുടെ തൊണ്ടയില്‍ രോഗാണുക്കളുണ്ടായിരിക്കും. രോഗലക്ഷണങ്ങളുണ്ടാവുകയുമില്ല. ഇവരില്‍നിന്നോ രോഗിയില്‍നിന്നോ ശ്വാസത്തിലൂടെയാണ് രോഗാണു മറ്റുള്ളവരിലേക്ക് പകരുന്നത്. രോഗപ്രതിരോധശേഷിയില്ലാത്തവരുടെ (കുത്തിവയ്പ് എടുക്കാത്തവരുടെ) തൊണ്ടയില്‍ രോഗാണു പെരുകുകയും തൊണ്ടയില്‍ ഒരു പാട രൂപപ്പെടുകയും ചെയ്യുന്നു. ഈ പാട ശ്വാസനാളത്തില്‍ നിറഞ്ഞ് ശ്വാസം കിട്ടാതെ മരണം സംഭവിക്കാം.
രോഗാണുവില്‍നിന്നുണ്ടാവുന്ന ഒരു വിഷവസ്തുവാണ് ഡിഫ്തീരിയ ടോക്‌സിന്‍. ഇത് വിവിധ അവയവങ്ങളില്‍ അടിഞ്ഞുകൂടി അവയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നു. ഹൃദയത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. ഡിഫ്തീരിയ മരണങ്ങളുടെ പ്രധാനപ്പെട്ട കാരണവും ഇതുതന്നെ.
പിന്നീട് പ്രധാനമായും ബാധിക്കുന്നത് ഞരമ്പുകളുടെ പ്രവര്‍ത്തനത്തെയാണ്. കണ്ണുകളുടെ ചലനത്തെ ബാധിക്കാം. തൊണ്ടയിലെ ഞരമ്പുകളെ ബാധിച്ചാല്‍ സംസാരിക്കുന്നത് വ്യക്തമല്ലാതാവുകയും കഴിക്കുന്ന ആഹാരവും വെള്ളവും ശരിക്ക് ഇറക്കാന്‍ പറ്റാതെ ശ്വാസനാളത്തില്‍ കയറി മരണം വരെ സംഭവിക്കുകയും ചെയ്യാം. മരണപ്പെട്ടില്ലാ എങ്കില്‍ മാസങ്ങള്‍ വേണ്ടിവരും രോഗമുക്തി നേടാന്‍.
ചികില്‍സ വളരെ വിഷമകരമാണ്. തൊണ്ടയിലെ പാട എത്രത്തോളം വലുതാണോ, രോഗം അത്രയും ഗുരുതരമായിരിക്കും. വിഷത്തെ നിര്‍വീര്യമാക്കാനുള്ള ആന്റി ടോക്‌സിന്‍ നല്‍കാന്‍ എത്രത്തോളം വൈകുന്നുവോ അത്രയും പ്രശ്‌നം കൂടും. നിര്‍ഭാഗ്യവശാല്‍ ആന്റി ടോക്‌സിന്റെ ലഭ്യത വളരെ കുറവാണ്. രോഗം അപൂര്‍വമായ സ്ഥിതിക്ക് ഈ മരുന്ന് കമ്പനികളൊന്നും ഉണ്ടാക്കുന്നില്ല എന്നാണറിവ്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയ സ്ഥിതിക്ക് രോഗം തടയുക എന്നതാണ് ബുദ്ധിയുള്ള ആരും സ്വീകരിക്കുന്ന വഴി. പ്രത്യേകിച്ചും വളരെ വിലക്കുറവുള്ള, ഫലപ്രദമായ, സുരക്ഷിതമായ വാക്‌സിന്‍ സുലഭമായി ഉള്ളപ്പോള്‍. 90 ശതമാനത്തില്‍ കൂടുതല്‍ പേര്‍ കുത്തിവയ്പ് എടുത്തിട്ടുള്ള ഒരു സമൂഹത്തില്‍ ഈ രോഗം കാണാനുള്ള സാധ്യത വളരെ കുറവാണ്. ജനിച്ച് ഒന്നര, രണ്ടര, മൂന്നര മാസങ്ങളിലും ഒന്നരവയസ്സിലും പിന്നെ അഞ്ചുവയസ്സിലുമാണ് കുത്തിവയ്പ്. തുടര്‍ന്ന് 10 വര്‍ഷം കൂടുമ്പോള്‍ ടിഡി വാക്‌സിന്‍ എടുക്കുകയാണെങ്കില്‍ പ്രതിരോധശേഷി കുറയാതെ നിലനിര്‍ത്താന്‍ പറ്റും. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ ഡിഫ്തീരിയ എന്ന രോഗത്തെ പൂര്‍ണമായും അകറ്റിനിര്‍ത്താന്‍ പറ്റും. അങ്ങിങ്ങായി കേസുകള്‍ തലപൊക്കുന്നത് ഒരു സൂചനയാണ്. പ്രതിരോധ കുത്തിവയ്പിന്റെ കാര്യത്തില്‍ നാം പിന്നാക്കംപോവുകയാണെന്ന സൂചന. ഇപ്പോള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ പ്രശ്‌നം നിയന്ത്രണാതീതമാവും.
ഡിപിടി എന്ന ട്രിപ്പിള്‍ വാക്‌സിന്‍ കേരളത്തില്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത് 1970കളിലാണ്. അതിനു മുമ്പ് ജനിച്ചവര്‍ക്ക് ഈ രോഗത്തിനെതിരായ പ്രതിരോധശക്തി കുറവാണ്. അതിനാല്‍ സാധാരണ ബാധിക്കാറില്ലെങ്കിലും രോഗം നിയന്ത്രണാതീതമാവുമ്പോള്‍ മുതിര്‍ന്നവരെ കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുണ്ട്. ഒരു ഡിഫ്തീരിയ രോഗം റിപോര്‍ട്ട് ചെയ്യപ്പെട്ടാല്‍ മനസ്സിലാക്കേണ്ടത് അനേകം പേരില്‍ രോഗാണുബാധയുണ്ടായിട്ടുണ്ട് എന്നാണ്.
അതിനാല്‍ ഇത് ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ട സമയമാണ്. ബാലിശമായ വരട്ടുവാദങ്ങള്‍ പറഞ്ഞ് കുത്തിവയ്പിനെ എതിര്‍ക്കുന്നവര്‍ക്ക് നാം വഴങ്ങാന്‍പാടില്ല. ബോധവല്‍ക്കരണവും നിയമപരമായ നിഷ്‌കര്‍ഷയുംകൊണ്ടു മാത്രമേ ഈ അപകടകരമായ അവസ്ഥയില്‍നിന്നു നമുക്ക് രക്ഷപ്പെടാന്‍ കഴിയൂ.

(മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ശിശുരോഗവിഭാഗം മേധാവിയാണ് ലേഖകന്‍.)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss