|    Nov 18 Sun, 2018 3:27 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഡിജിറ്റല്‍ കേരളം ലക്ഷ്യമാക്കി ഐടി നയം : നിക്ഷേപം, തൊഴില്‍ ലക്ഷ്യമിട്ട് പദ്ധതി

Published : 30th June 2017 | Posted By: fsq

 

തിരുവനന്തപുരം: ആഗോള ഐടി കമ്പനികളെ ആകര്‍ഷിക്കാനും കൂടുതല്‍ തൊഴിലവസരങ്ങളും ഡിജിറ്റല്‍ കേരളം സൃഷ്ടിക്കാനും ലക്ഷ്യമിടുന്ന സമഗ്രമായ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി തയാറാക്കിയ കരട്‌നയം നിയമസഭയില്‍ അവതരിപ്പിക്കുകയും പൊതുജനങ്ങളില്‍നിന്നും വ്യവസായ മേഖലയുമായി ബന്ധപ്പെട്ടവരില്‍നിന്നും അഭിപ്രായങ്ങള്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതുവഴി ലഭിച്ച നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ചാണ് നയത്തിന് കമ്മിറ്റി അവസാനരൂപം നല്‍കിയത്. ഐടി വ്യവസായത്തിന് ഒരു കോടി ചതുരശ്ര അടി സ്ഥലം സജ്ജമാക്കാന്‍ നയം ലക്ഷ്യമിടുന്നു. അതുവഴി 2.5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയും. ഐടി പാര്‍ക്കുകള്‍ വികസിപ്പിക്കുന്നതിന് സഹകരണ മേഖലയുടെയും പ്രവാസികളുടെയും നിക്ഷേപം പ്രയോജനപ്പെടുത്തും. ഡിജിറ്റല്‍ കാര്യങ്ങളില്‍ സര്‍ക്കാരിന് ഉപദേശം നല്‍കാന്‍ ഉപദേശക ബോര്‍ഡ് രൂപീകരിക്കുമെന്നും ഐടി നയത്തില്‍ പറയുന്നു. സോഫ്റ്റ്‌വെയര്‍ കയറ്റുമതിയില്‍ കേരളത്തിന് സ്ഥിരമായ വളര്‍ച്ച നേടാന്‍ കഴിയണം. ചെറുകിട-ഇടത്തരം ഐടി സംരംഭങ്ങളുടെ ഗുണനിലവാരവും മല്‍സസരക്ഷമതയും വര്‍ധിപ്പിക്കുകയും അന്താരാഷ്ട്ര വിപണിയുമായി അവരെ ബന്ധപ്പെടുത്തുകയും ചെയ്യണം. ഇ-ഗവേണന്‍സ് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും അവ സാമൂഹിക ഓഡിറ്റിന് വിധേയമാക്കുകയും ചെയ്യും.  കേരളത്തിന് 100 ശതമാനം ഇലക്‌ട്രോണിക് സാക്ഷരത കൈവരിക്കാനും ജീവിതത്തിന്റെ എല്ലാ തുറകളിലും ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയുടെ നേട്ടം പ്രയോജനപ്പെടുത്താനും നയം ലക്ഷ്യമിടുന്നു. ഐടി വ്യവസായം പ്രോല്‍സാഹിപ്പിക്കുന്നതിന് സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും ഇളവുകള്‍ നല്‍കും. ഇതനുസരിച്ച് സര്‍ക്കാര്‍ ഐടി പാര്‍ക്കുകളിലെ യൂനിറ്റുകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി, റജിസ്‌ട്രേഷന്‍ ഫീസ് എന്നിവയില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. ഐടി, ഐടിഇഎസ് കമ്പനികള്‍ക്ക് മൂന്നു ഷിഫ്റ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിക്കും. ഡിജിറ്റല്‍ സാങ്കേതികവിദ്യകൊണ്ട് പൗരന്‍മാരെ ശാക്തീകരിക്കുക, അവരുടെ ജീവിതനിലവാരം ഉയര്‍ത്തുക, വാണിജ്യം അഭിവൃദ്ധിപ്പെടുത്തുക എന്നീ മൂന്നു മേഖലകളിലാണ് ഐടി നയത്തിന്റെ ഊന്നല്‍. സര്‍ക്കാരിന്റെ മൂന്നു ഐടി പാര്‍ക്കുകളെ സംയോജിപ്പിച്ച് കേരള ഐടി പാര്‍ക്‌സ് എന്ന കുടക്കീഴില്‍ കൊണ്ടുവരാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ഐടി വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്ന ചെറുപ്പക്കാരുടെ ആവശ്യങ്ങളും അഭിലാഷങ്ങളും കണക്കിലെടുത്ത് ഒട്ടേറെ ക്രിയാത്മക നിര്‍ദേശങ്ങള്‍ പുതിയ നയത്തിലുണ്ട്. സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് വളരാന്‍ അനുയോജ്യമായ പ്രോല്‍സാഹനം സര്‍ക്കാര്‍ നല്‍കും. മലയാളം കംപ്യുട്ടിങില്‍ ഗവേഷണത്തിനും വികസനത്തിനും പ്രത്യേക ഊന്നല്‍ നല്‍കും.  തിരുവനന്തപുരത്തെ ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്റ് ഓപണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയര്‍, ഐഐഐടിഎംകെ എന്നിവയെ ഗവേഷണത്തിനും വികസനത്തിനുമുള്ള ഉത്തമ കേന്ദ്രങ്ങളാക്കി മാറ്റും. സൈബര്‍ സെക്യൂരിറ്റി, സ്വകാര്യത എന്നിവ ഉറപ്പാക്കി സുരക്ഷിത ഡിജിറ്റല്‍ ജീവിതരീതിക്കുള്ള ചട്ടക്കൂട് ഉണ്ടാക്കുന്നതിനും പുതിയ സാങ്കേതികവിദ്യ അവസരമൊരുക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss