|    Nov 19 Mon, 2018 6:55 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഡിജിറ്റലൈസേഷന്‍ പ്രഖ്യാപനം കടലാസിലൊതുങ്ങി

Published : 4th November 2018 | Posted By: kasim kzm

കൊച്ചി: നവംബര്‍ 8ന് നോട്ടുനിരോധനത്തിന്റെ രണ്ടുവര്‍ഷം പിന്നിടുമ്പോഴും ഡിജിറ്റലൈസേഷന്‍ എന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം ഇനിയും നടപ്പാക്കാനായില്ലെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. കള്ളപ്പണം, കള്ളനോട്ട്, തീവ്രവാദം, അഴിമതി എന്നിവ ഇല്ലാതാക്കാന്‍ എന്നായിരുന്നു നോട്ടുനിരോധന വേളയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അതിനുവേണ്ടി പ്രഖ്യാപനത്തിനു തൊട്ടുമുമ്പു വരെ മരവിപ്പിക്കല്‍ തീരുമാനം അതിരഹസ്യമായി സൂക്ഷിക്കുകയും ചെയ്തു. റിസര്‍വ് ബാങ്ക് അധികാരികളുമായി കൃത്യമായ കൂടിയാലോചന നടത്തിയിരുന്നെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍, 2018 മാര്‍ച്ചില്‍ പുറത്തിറക്കിയ റിസര്‍വ് ബാങ്ക് വാര്‍ഷിക കണക്കുകളുടെ റിപോര്‍ട്ടും ഇപ്പോള്‍ റിസര്‍വ് ബാങ്കുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകളും നോട്ടുനിരോധന വേളയില്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള സംഘടനകള്‍ പറഞ്ഞത് ശരിയായിരുന്നെന്നു തെളിയിക്കുന്നതാണെന്ന് പ്രസിഡന്റ് ടി നരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി എസ് എസ് അനില്‍ എന്നിവര്‍ വ്യക്തമാക്കുന്നു.
മരവിപ്പിച്ച നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്ക് വാര്‍ഷിക റിപോര്‍ട്ടിലൂടെ പുറത്തുവന്ന കണക്ക്. മാത്രമല്ല, പുതിയതായി അച്ചടിച്ച 2000, 500, 200 എന്നീ നോട്ടുകളുടെ കള്ളനോട്ടുകളും പിടിക്കപ്പെട്ടുവെന്ന് റിപോര്‍ട്ടില്‍ പറയുന്നു. എന്നാ ല്‍, 2016 നവംബറില്‍ പ്രചാരത്തിലുണ്ടായിരുന്നതിനേക്കാ ള്‍ 25 ശതമാനം അധികം കറന്‍സി ഇന്നു പ്രചാരത്തിലുണ്ട്. അതായത് ഡിജിറ്റലൈസേഷ ന്‍ എന്ന സര്‍ക്കാര്‍ പ്രഖ്യാപനവും നടപ്പാക്കാനായില്ലെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. നോട്ട് മരവിപ്പിക്കല്‍ വേളയിലും തിരിച്ചുവന്ന നോട്ടുകളുടെ കണക്കുകള്‍ പുറത്തുവരാതെ തടഞ്ഞുവച്ച വേളയിലും ഇത് റിസര്‍വ് ബാങ്ക് പ്രവര്‍ത്തനത്തിലെ നഗ്നമായ കടന്നുകയറ്റമാണെന്ന് തങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍, അതിനെ അന്നു സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അധികാരികളും നിഷേധിച്ചു. എന്നാല്‍, അന്നു പറഞ്ഞതെല്ലാം ശരിയായിരുന്നെന്നാണ് കിട്ടാക്കടവുമായി ബന്ധപ്പെട്ടും റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ചും ഇന്നു നടക്കുന്ന ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു.
റിസര്‍വ് ബാങ്കിന്റെ സ്വതന്ത്ര പ്രവര്‍ത്തനത്തില്‍ സര്‍ക്കാ ര്‍ കൈകടത്തുന്നത് ധനമേഖലയില്‍ വലിയ തിരിച്ചടിക്കു കാരണമാവും. തങ്ങളുടെ നയത്തിനൊത്ത് നിലപാടെടുത്തില്ല എന്നതായിരുന്നു മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ ഒഴിയുന്നതിനു കാരണമായത്. സര്‍ക്കാരിനോടൊപ്പം എന്നു പറഞ്ഞ് അവരോധിച്ച ഇപ്പോഴത്തെ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിസന്നദ്ധത പ്രകടിപ്പിച്ചു എന്ന വാര്‍ത്ത ഗൗരവകരമായ ഒരു സാഹചര്യത്തിലേക്കാണു വിരല്‍ചൂണ്ടുന്നതെന്നും ഇവര്‍ പറയുന്നു. ഈ പശ്ചാത്തലത്തില്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നവംബര്‍ 8ലെ നോട്ടുനിരോധന ദുരന്തദിനത്തില്‍ സംസ്ഥാനമാകെ ബാങ്കിങ് നയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് വേദിയൊരുക്കുമെന്നും ഇവര്‍ പറഞ്ഞു.
സംസ്ഥാനത്ത് എല്ലാ ജില്ലയിലും പ്രചാരണജാഥകള്‍, മഹാധര്‍ണകള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍ എന്നിവ നടത്തും. കാസര്‍കോട്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ പദയാത്രകളും എറണാകുളത്തും കൊല്ലത്തും എട്ടുമണിക്കൂര്‍ മഹാധര്‍ണയും നടത്തും. മറ്റു ജില്ലാ കേന്ദ്രങ്ങളിലും ഏരിയാ കേന്ദ്രങ്ങളിലും സായാഹ്ന ധര്‍ണകളും സംഘടിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss