|    Aug 24 Thu, 2017 8:38 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഡിജിപി സ്ഥാനത്ത് നിന്നു നീക്കല്‍; സെന്‍കുമാറിന്റെ ഹരജി തള്ളി

Published : 22nd July 2016 | Posted By: SMR

കൊച്ചി: ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്ത് നിന്നു നീക്കിയതിനെതിരേ ടി പി സെന്‍കുമാര്‍ സമര്‍പ്പിച്ച ഹരജി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തള്ളി. സെന്‍കുമാറിനെ മാറ്റിയ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ പൂര്‍ണമായും അംഗീകരിച്ചാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്.
പ്രകാശ് സിങ് കേസിലെ സുപ്രിംകോടതി വിധി പ്രകാരം രണ്ടുവര്‍ഷം പൂര്‍ത്തിയാവുന്നതുവരെ സ്ഥലം മാറ്റരുതെന്നായതിനാല്‍ തന്നെ മാറ്റിയത് കോടതി ഉത്തരവിന്റെ ലംഘനമാണെന്നായിരുന്നു സെന്‍കുമാറിന്റെ വാദം. എന്നാല്‍, അതത് സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ നിയമനിര്‍മാണം നടത്തുന്നതുവരെയായിരിക്കും ഉത്തരവിന്റെ കാലാവധിയെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുള്ളതായി ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. 2011ല്‍ കേരള പോലിസ് ആക്ട് നിലവില്‍ വന്നു. ഈ നിയമത്തിന്റെ 19 (2)ഇ പ്രകാരം ജോലിയില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചാല്‍ ഉദ്യോഗസ്ഥനെ മാറ്റാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ഇതനുസരിച്ച് നിയമിച്ച കമ്മീഷന്‍, സെന്‍കുമാറിന്റെ പ്രകടനം വിലയിരുത്തുകയും സ്ഥലം മാറ്റാന്‍ ശുപാര്‍ശ ചെയ്യുകയുമായിരുന്നു.
കമ്മീഷന് ഏതെങ്കിലും തരത്തില്‍ സെന്‍കുമാറിനോട് വ്യക്തിവിരോധം ഉണ്ടെന്ന് അനുമാനിക്കാനാവില്ലെന്നും ട്രൈബൂണല്‍ വ്യക്തമാക്കി. ഗുജറാത്ത് മുന്‍ ഡജിപി പി സി പാണ്ഡേയുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന പോലിസ് മേധാവി എന്നത് നിര്‍ണായക പദവിയാണെന്നും തങ്ങള്‍ക്ക് വിശ്വാസമുള്ളവരെ നിയമിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും സുപ്രിംകോടതി വിധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ അധികാരത്തില്‍ ഇടപെടേണ്ട കാര്യമില്ലെന്ന് ട്രൈബ്യൂണലിന്റെ വിധിയില്‍ പറയുന്നു.
അതേസമയം, സംസ്ഥാന പോലിസ് മേധാവിയെന്ന നിലയില്‍ സെന്‍കുമാര്‍ വാങ്ങിയിരുന്ന ശമ്പളത്തില്‍ കുറവു വരുത്താന്‍ പാടില്ല.
ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ താഴെയുള്ള സ്‌കെയിലേലേക്കാണ് സെന്‍കുമാറിനെ മാറ്റിയിരിക്കുന്നത്. ഇത് ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള അദ്ദേഹത്തിന്റെ ആനുകൂല്യങ്ങളെ ബാധിക്കാനിടയുണ്ട്. ഈ സാഹചര്യത്തില്‍ ഉയര്‍ന്ന ശമ്പളം നിലനിര്‍ത്തിക്കൊണ്ടുള്ള ഉത്തരവ് ഒരു മാസത്തിനകം സര്‍ക്കാര്‍ പുറത്തിറക്കണമെന്നും ട്രൈബ്യൂണലിന്റെ വിധിയില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക