|    Jun 19 Tue, 2018 8:21 am
Home   >  Todays Paper  >  Page 1  >  

ഡിജിപി സ്ഥാനത്തുനിന്നു മാറ്റിയ നടപടി : സെന്‍കുമാറിന്റെ ഹരജി ഹൈക്കോടതി തള്ളി

Published : 26th January 2017 | Posted By: fsq

 

കൊച്ചി: സംസ്ഥാന പോലിസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയതിനെതിരേ ടി പി സെന്‍കുമാര്‍ നല്‍കിയ അപ്പീല്‍ ഹരജി ഹൈക്കോടതി തള്ളി. ഇതേ ആവശ്യം ഉന്നയിച്ച് സെന്‍കുമാര്‍ നല്‍കിയ ഹരജി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തള്ളിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. രണ്ടു വര്‍ഷമെങ്കിലും പദവിയില്‍ തുടരാതെ ഒരു ഉദ്യോഗസ്ഥനെ മാറ്റരുതെന്ന പോലിസ് ആക്ടിലെ വ്യവസ്ഥയ്ക്കു വിരുദ്ധമായാണ് തന്നെ മാറ്റിയതെന്നും സ്റ്റേറ്റ് സുരക്ഷാ കമ്മീഷനുമായി കൂടിയാലോചിക്കാതെയുള്ള നടപടി നിയമപരമല്ലെന്നുമുള്ള വാദം കോടതി തള്ളി. പോലിസ് ഉദ്യോഗസ്ഥനെ രണ്ടു വര്‍ഷമെങ്കിലും ഒരു പദവിയില്‍ തുടരാന്‍ അനുവദിക്കണമെന്ന വ്യവസ്ഥ പൊതുജന താല്‍പര്യം മുന്‍നിര്‍ത്തിയുള്ളതാണെന്നും ഉദ്യോഗസ്ഥന്റെ സൗകര്യത്തിനല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭരണമാറ്റമാണ് സ്ഥാനചലനത്തിനുള്ള കാരണമെന്ന വാദവും തള്ളി. സെന്‍കുമാറിനെ മാറ്റിയതു നിയമപരമായാണെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തക്കേസിലും ജിഷ വധക്കേസിലും പോലിസ് സ്വീകരിച്ച നടപടികള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കി. പുറ്റിങ്ങല്‍ ദുരന്തത്തെ തുടര്‍ന്ന് കൊല്ലം കമ്മീഷണര്‍, ചാത്തന്നൂര്‍ അസി. കമ്മീഷണര്‍, പരവൂര്‍ സിഐ എന്നിവരെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെന്റ് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി 2016 ഏപ്രില്‍ 13നു ഫയലില്‍ എഴുതി. മെയ് 26ന് ഈ കുറിപ്പ് മുഖ്യമന്ത്രിയും കണ്ടു. എന്നാല്‍, സമയബന്ധിതമായി നടപടി എടുക്കുന്നതിനു പകരം ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സെന്‍കുമാര്‍ സ്വീകരിച്ചത്. അച്ചടക്ക നടപടി സ്ഥലംമാറ്റത്തിലൊതുക്കിയെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ഡിജിപിയെ മാറ്റാന്‍ സ്റ്റേറ്റ് സുരക്ഷാ കമ്മീഷനുമായി കൂടിയാലോചിക്കണമെന്ന് പോലിസ് ആക്ടില്‍ വ്യവസ്ഥയില്ലെന്നും ഡിജിപി പദവിയില്‍ നിന്നു മാറ്റിയെങ്കിലും സെന്‍കുമാറിന്റെ ശമ്പള സ്‌കെയിലില്‍ മാറ്റമില്ലെന്നുമുള്ള സര്‍ക്കാരിന്റെ വാദവും ഹൈക്കോടതി പരിഗണിച്ചു. തുടര്‍ന്നാണ് അപ്പീല്‍ തള്ളിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss