|    Dec 11 Tue, 2018 9:00 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഡിജിപി ജേക്കബ് തോമസിനെതിരേ വിജിലന്‍സ് അന്വേഷണം

Published : 7th December 2018 | Posted By: kasim kzm

സി എ സജീവന്‍

തൊടുപുഴ: സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ് തോമസിനെതിരേ വിശദമായ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. പോര്‍ട്ട് ട്രസ്റ്റ് ഡയറക്ടറായിരിക്കെ വിദേശ കമ്പനിയില്‍ നിന്നു കടല്‍ കുഴിക്കുന്ന യന്ത്രം (കട്ടര്‍ സക്കര്‍ ഡ്രഡ്ജര്‍- സിഎസ്ഡി) വാങ്ങിയതു വഴി സര്‍ക്കാരിന് 14.96 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായി ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയിരുന്നു. വിദേശ കമ്പനിക്ക് കരാര്‍ നല്‍കുന്നതിനായി ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും അതുവഴി പൊതുഖജനാവിനു വന്‍ നഷ്ടമുണ്ടാക്കിയെന്നും സര്‍ക്കാര്‍ പദവി ദുരുപയോഗം ചെയ്‌തെന്നും ഫിനാന്‍സ് വിഭാഗത്തിന്റെ പരിശോധനയില്‍ തെളിഞ്ഞതായി ഉത്തരവില്‍ പറയുന്നു.
സര്‍ക്കാര്‍ ചട്ടങ്ങളിലും ടെ ന്‍ഡര്‍ വ്യവസ്ഥകളിലുമെല്ലാം ഇളവുവരുത്തിയാണ് വിദേശ കമ്പനിക്ക് കോടിക്കണക്കിനു രൂപയുടെ കരാര്‍ നല്‍കിയത്. കുറഞ്ഞ തുക ക്വാട്ട് ചെയ്ത പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്ലിനെ ഒഴിവാക്കിയാണ് വളരെ ജേക്കബ് തോമസിന് അടുത്ത ബന്ധമുള്ള വിദേശ കമ്പനിക്ക് കരാര്‍ നല്‍കിയത്. ടെന്‍ഡര്‍ നടപടികളില്‍ വീഴ്ച വരുത്തി. ആഗോള ടെന്‍ഡര്‍ നല്‍കുന്നതു സംബന്ധിച്ച നടപടിക്രമങ്ങള്‍ പാലിച്ചില്ല. ടെന്‍ഡര്‍ സമയം 90 ദിവസം നല്‍കണമെന്ന വ്യവസ്ഥ പോലും പാലിച്ചില്ല. അതിനാല്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് ടെന്‍ഡറില്‍ പങ്കെടുക്കാനായില്ല.
മാത്രമല്ല ഉപകരണത്തിന്റെ സ്‌പെസിഫിക്കേഷനുകള്‍ നിശ്ചയിച്ചതു പോലും വിദേശ കമ്പനിയുമായി ആലോചിച്ചായിരുന്നു. ഇക്കാര്യങ്ങളൊക്കെ പരിശോധിക്കുന്നതിനും മാര്‍ഗനിര്‍ദേശം നല്‍കുന്നതിനുമൊക്കെയായി ടെക്‌നിക്കല്‍ കമ്മിറ്റിയുമൊക്കെ നിലവിലുണ്ടെങ്കിലും അവരുമായൊന്നും കൂടിയാലോചന നടത്താന്‍ പോര്‍ട്ട് ഡയറക്ടര്‍ തയ്യാറായില്ല. പദവി ദുരുപയോഗം ചെയ്ത് ഇഷ്ടക്കാരായ കമ്പനിക്കു വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു പോര്‍ട്ട് ഡയറക്ടറെന്ന് ധനകാര്യ ഉത്തരവില്‍ പറയുന്നു. വാര്‍ഷിക മെയിന്റനന്‍സ് എഗ്രിമെ ന്റ് കരാര്‍ നല്‍കിയതും വഴിവിട്ട നടപടികളിലൂടെയാണ്.
ധനകാര്യ വിഭാഗം കണ്ടെത്തിയ ഡയറക്ടറുടെ ഗുരുതരമായ 29 വീഴ്ചകള്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. പോര്‍ട്ട് ട്രസ്റ്റ് ഡയറക്ടറായിരിക്കെ ആകെ 14.96 കോടി രൂപയുടെ നഷ്ടമാണ് ഖജനാവിന് ഉണ്ടാക്കിയത്. നിയമവിരുദ്ധമായാണ് വിദേശ കമ്പനിയായ ഐഎച്ച്‌സിയുമായി കരാറില്‍ ഏര്‍പ്പെട്ടത്. ഇതിനായി കമ്പനിയുടെ പ്രതിനിധിയായ കെ ഷാജിയുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തി. മറ്റ് ചിലയാളുകളും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് ഗുരുതരമായ കുറ്റമാണ്. വിശദമായ അന്വേഷണം ആവശ്യമാണ്.
പോര്‍ട്ട് ഡയറക്ടറെന്ന നിലയില്‍ ഈ കരാര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഡോ. ജേക്കബ് തോമസ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രഥമദൃഷ്ട്യാ തന്നെ നിയമവിരുദ്ധമാണ്. സര്‍ക്കാര്‍ പദവി ദുര്‍വിനിയോഗം ചെയ്ത് വിദേശ കമ്പനിക്ക് വന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിക്കൊടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരം ഗുരുതരമായ കുറ്റങ്ങളാണ് ജേക്കബ് തോമസ് ചെയ്തിട്ടുള്ളത്. ആയതിനാല്‍ അഴിമതി നിരോധന നിയമപ്രകാരം 17-എ വകുപ്പനുസരിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദമായി അന്വേഷിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
ധനകാര്യ വിഭാഗത്തിന്റെ കണ്ടെത്തലുകള്‍ അതീവ ഗൗരവമുള്ളതാണ് എന്നതിനാലാണ് വിശദമായി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുന്നതെന്നും അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രത ബിശ്വാസ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss