|    Dec 15 Fri, 2017 8:17 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഡിജിപിയെ മാറ്റിയത് വീഴ്ച വരുത്തിയതിന്: മുഖ്യമന്ത്രി

Published : 14th July 2016 | Posted By: SMR

തിരുവനന്തപുരം: ടി പി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തുനിന്ന് മാറ്റിയത് കേരളത്തിലെ പ്രധാന കേസുകളില്‍ വീഴ്ച വരുത്തിയതിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരവാദിത്തമില്ലാത്തയാള്‍ ഡിജിപി സ്ഥാനത്ത് തുടരാന്‍ പറ്റില്ല. പോലിസിലുണ്ടായ വീഴ്ചയെ ഡിജിപി ന്യായീകരിച്ചുനടന്നു. എന്തൊക്കെ വീഴ്ചകളാണുണ്ടായതെന്ന് ഈ സന്ദര്‍ഭത്തില്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പിണറായി വ്യക്തമാക്കി.
നിയമസഭയില്‍ അടിയന്തരപ്രമേയ അവതരണത്തിനിടെ ഡിജിപിയെ രാഷ്ട്രീയപ്രേരിതമായി സ്ഥലംമാറ്റിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ താല്‍പര്യം നോക്കിയല്ല; നാടിന്റെ താല്‍പര്യം നോക്കിയാണ് ഡിജിപിയെ മാറ്റിയത്. അത് സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. സര്‍ക്കാരിന്റെ താല്‍പര്യത്തിനൊപ്പം സഞ്ചരിക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥന്‍ പോലിസിനെ നയിച്ചുകൂടായെന്നതാണ് നയം. അദ്ദേഹത്തെ മാറ്റിയത് കേസന്വേഷണങ്ങളില്‍ പിന്നീട് ഗുണകരമായ പ്രതിഫലനമാണ് ഉണ്ടാക്കിയത്. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥന്‍ പോലിസിന്റെ തലപ്പത്ത് ഇരിക്കരുത്. ഇത് സാധാരണ സ്വീകരിക്കുന്ന നടപടി മാത്രമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പോലിസ് ഉദ്യോഗസ്ഥരെ വ്യാപകമായി സ്ഥലംമാറ്റിയതിനാല്‍ പോലിസിന്റെ മനോവീര്യം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് കെ മുരളീധരന്‍ ആരോപിച്ചു. ഒരു സുപ്രഭാതത്തില്‍ ഡിജിപിയെ മാറ്റി. അര്‍ധരാത്രി കിടന്നുറങ്ങുമ്പോള്‍ ഫോണ്‍ വരുന്നു ഡിജിപിയെ മാറ്റിയെന്ന്. ഡിജിപിയായിരുന്ന വ്യക്തിക്ക് പൊടുന്നനെ സ്ഥലംമാറ്റമുണ്ടായപ്പോഴാണ് അദ്ദേഹം പ്രതികരിച്ചതെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.
അതേസമയം, കോണ്‍സ്റ്റബിളിനെ മാറ്റുന്ന ലാഘവത്തോടെയാണ് ഡിജിപിയെ മാറ്റിയതെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകര്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിയതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക