|    Jan 18 Wed, 2017 12:43 am
FLASH NEWS

ഡിജിപിയുടെ സ്ഥാനചലനം; പോലിസ് സേനയില്‍ അതൃപ്തി: ബെഹ്‌റയെ നിയമിച്ചത് സീനിയോരിറ്റി മറികടന്ന്

Published : 1st June 2016 | Posted By: SMR

തിരുവനന്തപുരം: ഡിജിപി സ്ഥാനത്തുനിന്ന് ടി പി സെന്‍കുമാറിന്റെ സ്ഥാനചലത്തില്‍ പോലിസ് സേനയില്‍ അതൃപ്തി. സിനീയോരിറ്റി മറികടന്ന് ലോക്‌നാഥ് ബെഹ്‌റയെ പുതിയ ഡിജിപിയായി നിശ്ചയിച്ചതിലും ഉദ്യോഗസ്ഥര്‍ക്കിടയില്‍ അമര്‍ഷമുണ്ട്. സെന്‍കുമാറിനെ തല്‍സ്ഥാനത്തു തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎഎസ്, ഐപിഎസ് തലപ്പത്തെ പ്രമുഖര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചിരുന്നെങ്കിലും ഈ ആവശ്യം അദ്ദേഹം നിരസിക്കുകയായിരുന്നു.
കഴിഞ്ഞരാത്രി ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയതിനു പിന്നാലെയാണ് ഡിജിപിയെ മാറ്റാനുള്ള ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവച്ചത്. ഡിജിപിയായി നിയമിക്കപ്പെട്ടാല്‍ രണ്ടുവര്‍ഷം കഴിയാതെ മാറ്റരുതെന്നാണ് സുപ്രിംകോടതി ഉത്തരവ്. കൃത്യനിര്‍വഹണത്തില്‍ കാര്യക്ഷമത പുലര്‍ത്തിയില്ലെങ്കില്‍ മാത്രമേ ഡിജിപിയെ കാലാവധി തീരുംമുമ്പു മാറ്റാനാവൂ. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തത വരുത്താനായില്ലെങ്കില്‍ സെന്‍കുമാറിന്റെ സ്ഥാനചലനം വിവാദമാവുമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.
അധികാരത്തില്‍ വന്ന് ഒരാഴ്ചയ്ക്കിടെ അടിമുടിയുള്ള സര്‍ക്കാരിന്റെ അഴിച്ചുപണി പ്രതികാര നടപടിയാണെന്നും ഒരുവിഭാഗം ആരോപിക്കുന്നു. ഇന്നലെ രാവിലെ പോലിസ് ആസ്ഥാനത്തെത്തിയ സെന്‍കുമാറുമായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് പോലിസ് മേധാവിയെന്ന നിലയിലുള്ള അവസാന സന്ദേശം ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.
ഉച്ചവരെ സര്‍ക്കാര്‍ ഉത്തരവിനായി കാത്തിരുന്നെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് ഓഫിസ് വിട്ടു. ഇതിനിടെ യാത്രയയപ്പെന്ന നിലയില്‍ പോലിസ് ആസ്ഥാനത്ത് അദ്ദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണറും നല്‍കി. തുടര്‍ന്ന് ഗവര്‍ണറെ സന്ദര്‍ശിച്ചശേഷം മൂന്നുദിവസത്തെ അവധിയില്‍ പ്രവേശിച്ചു. സീനിയോരിറ്റിയില്‍ ജേക്കബ് തോമസിനെ മറികടന്നാണ് ബെഹ്‌റയെ നിശ്ചയിച്ചതെന്നും ആക്ഷേപമുണ്ട്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ജേക്കബ് തോമസിനെ അഗ്‌നിശമനസേനാ വിഭാഗത്തില്‍ നിന്നു മാറ്റിയതോടെ ഈ ക്രമം ലംഘിക്കപ്പെട്ടു. സെന്‍കുമാറിനെ ഡിജിപിയായി നിയമിച്ചത് മഹേഷ് കുമാര്‍ സിംഗ്ലയുടെ അപേക്ഷ മറികടന്നാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. സര്‍ക്കാരിന്റെ എതിര്‍പ്പു മറികടന്ന് ഡിജിപി പദവിയിലേക്ക് സെന്‍കുമാര്‍ തിരിച്ചുവരാനുള്ള സാധ്യതയില്ല. ഇക്കാര്യം അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. സര്‍ക്കാരിന്റെ പ്രതികാര നിലപാടുകൊണ്ടു മാത്രമാണ് സ്ഥാനചലനം എന്നു ബോധ്യപ്പെടുത്താനുള്ള നിയമനീക്കങ്ങളാവും അദ്ദേഹം നടത്തുക.
ഡിജിപി പോലെയുള്ള ഉന്നതപദവികളിലുള്ള ഉദ്യോഗസ്ഥരെ മാറ്റുമ്പോള്‍ സര്‍ക്കാര്‍ കൃത്യമായ കാരണം ചൂണ്ടിക്കാട്ടേണ്ടതുണ്ട്. സെന്‍കുമാര്‍ നിയമപരമായി നീങ്ങിയാല്‍ അക്കാര്യങ്ങളും സര്‍ക്കാരിനു വ്യക്തമാക്കേണ്ടിവരും.
പോലിസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ സിഎംഡി സ്ഥാനത്ത് സെന്‍കുമാര്‍ ഉടന്‍ ചുമതലയേല്‍ക്കില്ല. തന്നെക്കാള്‍ ജൂനിയറായ ഉദ്യോഗസ്ഥന്റെ കീഴില്‍ തല്‍ക്കാലം പ്രവര്‍ത്തിക്കാനില്ലെന്നാണ് സെന്‍കുമാറിന്റെ നിലപാട്. കേന്ദ്രസര്‍വീസിലേക്കു പോവാനുള്ള നീക്കങ്ങളും അദ്ദേഹം നടത്തുന്നുണ്ട്. ആഭ്യന്തരവകുപ്പിനെതിരേ പരസ്യമായി രംഗത്തുവന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍തല നടപടിക്കും സാധ്യതയുണ്ട്. എന്നാല്‍, കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പോലിസ് തലപ്പത്ത് അഴിച്ചുപണി നടത്തുന്നത്. ബാര്‍കോഴ, പാറ്റൂര്‍, സോളാര്‍ കേസുകളിലെ തുടര്‍നടപടിക്കൊപ്പം അഴിമതിവിരുദ്ധ പ്രതിച്ഛായയും ഇതുവഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 441 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക