|    Jul 26 Wed, 2017 2:33 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഡിജിപിക്കെതിരായ കേസ്: പാര്‍ട്ടിതല അന്വേഷണം

Published : 19th July 2016 | Posted By: sdq

കോഴിക്കോട്: ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍നായര്‍ക്കെതിരേ കേസ് നല്‍കി പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് പാര്‍ട്ടി തലത്തില്‍ അന്വേഷണം നടക്കുന്നു.
നിലമ്പൂര്‍ അരുവാക്കോട് ആറ് ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥരായ കമ്പനി ഡയറക്ടര്‍ ബോര്‍ഡില്‍പ്പെട്ട മഞ്ചേരി സ്വദേശി ഷരീഫ്, അഡ്വ. ശ്രീധരന്‍ നായര്‍ എന്നിവരെ എതിര്‍കക്ഷികളാക്കി മറ്റൊരു ബോര്‍ഡംഗം നിലമ്പൂരിലെ ഡോ. വാസുദേവനാണ് കേസ് ഫയല്‍ ചെയ്തത്. ഇതുസംബന്ധമായി കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു. വ്യക്തികള്‍ തമ്മിലുള്ള സാമ്പത്തിക തര്‍ക്കം കോടതിയില്‍ കേസ് ഫയല്‍ ചെയ്ത ഉടനെ നിയമസഭയില്‍ ഉന്നയിക്കുന്നത് അപൂര്‍വമാണ്. അതിനാല്‍തന്നെ ഭരണകക്ഷിക്കെതിരേ രാഷ്ട്രീയസമ്മര്‍ദ്ദമുണ്ടാക്കുന്നതിന് ഈ കേസ് പ്രതിപക്ഷം ഉപയോഗപ്പെടുത്തി. നിലമ്പൂര്‍ അരുവാക്കോട് പ്രവര്‍ത്തിച്ചിരുന്ന തോംസണ്‍ ഡ്രഗ്‌സ് എന്ന മരുന്നുകമ്പനി അടച്ചുപൂട്ടിയതിനെ തുടര്‍ന്നാണ് ആ സ്ഥലം മഞ്ചേരി സ്വദേശി ഷരീഫിന്റെ നേതൃത്വത്തിലുള്ള സംഘം വാങ്ങിയത്. നിലമ്പൂരിലെ ഡോ. വാസുദേവന്‍, ഡോ. ഭരതന്‍, തോമസ് മാത്യു, ലാല്‍, അഡ്വ. ശ്രീധരന്‍ നായര്‍ മഞ്ചേരി തുടങ്ങിയവരും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.
ശ്രീധരന്‍ നായര്‍ ഡിജിപിയായി ചുമതലയേറ്റയുടനെ അദ്ദേഹത്തിനെതിരേ കേസ് ഫയല്‍ ചെയ്തതിന് പിന്നില്‍ രണ്ട് കാരണങ്ങളാണ് പാര്‍ട്ടി അണികള്‍ കാണുന്നത്. നേതാക്കള്‍ പരിഹാരം കാണാത്ത പ്രശ്‌നം രാഷ്ട്രീയ സമ്മര്‍ദ്ദത്തിലൂടെ തീര്‍പ്പാക്കുകയെന്നതാണ് ഒന്ന്. ഡയറക്ടര്‍ ബോര്‍ഡിലെ ഒരംഗം പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിക്കുന്നതിന് അംഗത്വം നേടിയെങ്കിലും അവസാനം സിപിഎം അംഗത്തെ തഴഞ്ഞു സ്വതന്ത്രനെ നിര്‍ത്തി. പരാതിക്കും കേസിനും പിന്നില്‍ പ്രസ്തുത അംഗത്തിന്റെ സ്വാധീനമുണ്ടോ എന്ന കാര്യവും പാര്‍ട്ടി അന്വേഷണ പരിധിയിലുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക