|    Jan 19 Thu, 2017 3:48 am
FLASH NEWS

ഡാന്യൂബ് സാക്ഷി വിശ്വമഹാഗ്രന്ഥമല്ലേ സര്‍?

Published : 17th August 2016 | Posted By: SMR

slug-vettum-thiruthumനമ്മുടെ ചില എഴുത്തുകാര്‍ക്ക് മനസ്സിന്റെ സമനില ചില നേരങ്ങളില്‍ തെറ്റാറുണ്ടോ? ഒരാളുടെ ആജ്ഞകള്‍ അനുസരിച്ചാല്‍ അയാള്‍ നല്‍കുന്ന ടൂസ്റ്റാര്‍ നക്ഷത്രപദവികളുള്ള ചില മൂല്യരഹിത ആര്‍ഭാടങ്ങള്‍ക്കുവേണ്ടി എന്തു പ്രശംസാകടുംമധുരങ്ങളും വായില്‍തോന്നിയത് കോതയ്ക്കു പാട്ട് മട്ടില്‍ എഴുതിവിടാമോ? എഴുത്തുകാരന്‍ തന്നോടെങ്കിലും സത്യസന്ധനാവണ്ടേ. സ്വന്തം മക്കള്‍ ബുദ്ധി തെളിഞ്ഞവരാണെങ്കില്‍ ഇതൊക്കെ വായിച്ച് ”എന്റെ അച്ഛനിത്ര ചീപ്പായാലോ” എന്നു ചിന്തിക്കാന്‍ പാകത്തില്‍ അക്ഷരവൈഭവത്തെ ഇത്തിരി കാശിനും സുഗന്ധപൂരിത ഭൗതിക സാഹചര്യങ്ങള്‍ക്കുമായി അടിയറവയ്ക്കണോ?
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ മഹത്തായ കൃതിയാണോ ‘ഡാന്യൂബ് സാക്ഷി’ എന്ന യാത്രാവിവരണഗ്രന്ഥം? സംസ്‌കാരയാത്രകളുടെ ജൈവപുസ്തകം എന്ന കപട തലക്കെട്ടില്‍, നല്ല കവിയും കാഥികനും പ്രഭാഷണകലയില്‍ നര്‍മമധുരങ്ങളുടെ ഉടമയെന്നും അലങ്കാരങ്ങള്‍ ഏതുമില്ലാതെ പ്രശംസിക്കാവുന്ന സര്‍ഗപ്രതിഭ ആലങ്കോട് ലീലാകൃഷ്ണന്‍ നാണമില്ലാതെ അവ്വിധമൊക്കെ എഴുതിവിടുമ്പോള്‍ ‘ലീലാകൃഷ്ണന്’ സമനില തെറ്റിയോയെന്നു വായനക്കാര്‍ സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താമോ? ഒരു വന്‍കിട തോട്ടം ഉടമയും നല്ലൊരു ദിനപത്രത്തിന്റെ അധികാരിപ്രമുഖനും ഇപ്പോള്‍ രാജ്യസഭാ മെംബറും കാശുകാരനുമൊക്കെയാണ് എന്ന ചില്ലറ കാരണങ്ങളാല്‍ ആ മനുഷ്യന്‍ എഴുതി എന്ന് ‘അഭിമാനിക്കുന്ന’ ഒരു സാധാരണ പുസ്തകം, അതില്‍ കവിഞ്ഞ് ‘ഡാന്യൂബ് സാക്ഷി’ക്ക് യാതൊരു മഹത്ത്വവുമില്ല. 2010 തൊട്ട് മലയാളഭാഷയില്‍ പുറത്തിറങ്ങിയ പത്തോളം മഹദ്ഗ്രന്ഥങ്ങള്‍ ‘വെട്ടും തിരുത്തും’ എഴുതുമ്പോള്‍ ഇന്ന് എന്റെ മുന്നിലുണ്ട്, കവി പാലൂരിന്റെ ആത്മകഥയടക്കം. അതിനാല്‍, ആലങ്കോടിനെ വെട്ടാതെയും തിരുത്താതെയും നിര്‍വാഹമില്ല.
‘കുസുമാഞ്ജലി സാഹിത്യസമ്മാന്‍’ എന്ന ആര്‍ക്കും ‘കാശുകൊടുത്തോ കാമിനിയെ കൊടുത്തോ’ നേടാവുന്ന ഒരു ഉത്തരേന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് സമ്മാനത്തിന്റെ പേരിലാണ് ആലങ്കോട് ഇത്രയേറെ രോമാഞ്ചംകൊള്ളുന്നത്. പ്രശസ്തരായ ചില ഇന്ത്യന്‍ എഴുത്തുകാരെയും ‘കുസുമാഞ്ജലി’യുടെ പേരില്‍ ആലങ്കോട് എഴുതുന്നുണ്ട്. വിട്ടല്‍ റാവു, സിമ്മി ഹര്‍ഷിത, ശ്യാം മനോഹര്‍ തുടങ്ങിയ ചില ശുഷ്‌ക പ്രതിഭകള്‍… മലയാളത്തിന്റെ ചെമ്മനം ചാക്കോ, കെ പി രാമനുണ്ണി, റഹ്മാന്‍ മധുരക്കുഴി, കുഞ്ഞപ്പ പട്ടാനൂര്‍ എന്നിവര്‍ക്കടുത്തുപോലും നില്‍ക്കാന്‍ യോഗ്യതയില്ലാത്ത പേരുകളെയാണ് ആലങ്കോട് കുസുമാഞ്ജലിയുടെ പേരില്‍ പൊയ്ക്കാലില്‍ കയറ്റിനിര്‍ത്തുന്നത്. ‘ഡാന്യൂബി’ന്റെ ആസ്വാദനക്കുറിപ്പു വായിച്ച് റഹ്മാന്‍ മധുരക്കുഴിയുടെ കാവ്യതല്ലജം പ്രകാശനം ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിപോലും ചിരിച്ചുപോവും.
സമഗ്രമായ ജ്ഞാനാന്വേഷണത്തിന്റെയും അറിവിന്റെയും പുസ്തകമാണത്രെ ഈ ‘പൊത്തകം.’ കഷ്ടം! വിയന്നയിലെ ടൂറിസം ഗൈഡുകള്‍ യാത്രികര്‍ക്കു വിതരണം ചെയ്യുന്ന കമനീയമായി അച്ചടിച്ച വിയന്ന മാഹാത്മ്യങ്ങള്‍ ഇതിനെക്കാളും അറിവിന്റെ അക്ഷയഖനിയാണെന്ന് വിയന്നയില്‍ ഏറെക്കാലം കഴിഞ്ഞ എന്റെ സുഹൃത്ത് ബംഗളൂരുവിലെ പ്രസന്ന സാക്ഷ്യപ്പെടുത്തുന്നു. ‘ഡാന്യൂബ്’ വായിച്ചിട്ട് ബോറടി തീര്‍ക്കാന്‍ സക്കറിയയുടെ ആഫ്രിക്കന്‍ യാത്രാവിവരണം വീണ്ടും വായിച്ചു. ഡാന്യൂബ് കുസുമാഞ്ജലി അവാര്‍ഡിന് ശുപാര്‍ശ ചെയ്ത സി രാധാകൃഷ്ണന്‍ സക്കറിയയുടെ ആഫ്രിക്കന്‍ എഴുത്ത് ഒരിക്കല്‍ക്കൂടി വായിക്കണമെന്ന് അപേക്ഷ. കലയും അധികാരവും തമ്മിലുള്ള വലിയ സംഘര്‍ഷങ്ങളുടെ ചരിത്രം ഈ കൃതിയിലുണ്ടത്രെ. ഏതേതു പേജുകളിലാണ് ഈ ചരിത്രമെന്ന് ലീലാകൃഷ്ണന് സൂചിപ്പിക്കാമോ? നീസ് വെസ്റ്റിനിയുടെ ശില്‍പകലാജീവിതം എന്തെന്നു ഗ്രഹിക്കാനുള്ള പ്രാഥമിക വിവരംപോലും ‘ഡാന്യൂബി’ലില്ല. ഗ്രന്ഥകാരന്‍ ഇന്നോളം ലോകത്ത് ആരും പറയാത്ത ഒരു നവീന വിഷയം പരാമര്‍ശിക്കുന്നുണ്ട്! ‘ഒരു നദിയുടെ പ്രവാഹഗതിയില്‍ പതിനായിരക്കണക്കായ വര്‍ഷങ്ങളുടെ മനുഷ്യചരിത്രമുണ്ടെന്ന്…’ ഇതൊരു നവീന നിരീക്ഷണമാണെന്നു ശിരസ്സാട്ടി സമ്മതിക്കാതെ നിര്‍വാഹമില്ല. നിളയെക്കുറിച്ച് കുഞ്ഞിരാമന്‍ നായരോ പമ്പയെ സംബന്ധിച്ച് കവി നാലാങ്കലോ കണ്ടെത്താത്ത ഒന്ന്. ഒരുലക്ഷം രൂപയ്ക്കടുത്ത് ഒരു തോട്ടമുടമ നാലുമാസത്തിലൊരിക്കല്‍ ദമ്പിടി നല്‍കിയാല്‍ പ്രശംസാകടുംമധുരങ്ങള്‍ ഇത്രയേറെ ഒരാള്‍ക്കു വിളമ്പാനാവുമായിരിക്കാം.
അസഹനീയമായ മറ്റൊരു പരാമര്‍ശമുണ്ട് ആലങ്കോടിന്റെ ‘ഡാന്യൂബ് സ്തുതി’യില്‍. മൈക്കല്‍ വൈറ്റിന്റെ ഗലീലിയോ ജീവചരിത്രം പോലെ ഹൃദയസ്പര്‍ശിയാണത്രെ ‘ഡാന്യൂബി’ല്‍ ഒറ്റ അധ്യായത്തിലെഴുതിപ്പിടിപ്പിച്ച ഗലീലിയോ ജീവിതം. മൈക്കല്‍ വൈറ്റിനെ പകര്‍ത്തിയെന്നു പറയാത്തത് ദമ്പിടി ഭയംമൂലമാവാം. ഇസ്‌ലാമിക ചരിത്രത്തിലേക്കും സംസ്‌കൃതിയിലേക്കും ആഴത്തില്‍ അന്വേഷിച്ചുചെല്ലുന്ന അധ്യായങ്ങളെക്കുറിച്ച് എന്തെങ്കിലും പറയാന്‍, തിരുത്താന്‍, വെട്ടാനും ഞാനാളല്ല. യാത്രാപുസ്തകം എന്ന നിലയില്‍നിന്ന് പുതിയൊരു സംസ്‌കാര പഠനരീതി സാക്ഷാല്‍ക്കരിച്ച ഗ്രന്ഥത്തെക്കുറിച്ച്, അതായത് ഈ വേറിട്ട പുസ്തകത്തെക്കുറിച്ച് ഇനിയും ആസ്വാദനമെഴുതാന്‍ ഏഷ്യാനെറ്റ് ചാനലിന്റെ കീര്‍ത്തിമുദ്ര- ഒരുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും- ആര്‍ ഉണ്ണിയെ കടത്തിവെട്ടി ‘അടിച്ചെടുത്ത’ സുഭാഷ് ചന്ദ്രന്‍ എന്ന 45 വയസ്സില്‍ താഴെയുള്ള ആലുവ കടുങ്ങല്ലൂര്‍ സ്വദേശിയെ ക്ഷണിച്ചുകൊണ്ട് ഞാന്‍ തല്‍ക്കാലം വിരമിക്കുന്നു. ആലങ്കോട് ലീലാകൃഷ്ണനോട് ചെറിയൊരു സ്വകാര്യം- ഈ പുസ്തകത്തിന്റെ കോപ്പി എഡിറ്റര്‍ താങ്കള്‍ തന്നെയോ, അതോ സുഭാഷ് ചന്ദ്രനോ? നല്ല നമസ്‌കാരം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 68 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക