|    Jan 21 Sat, 2017 4:28 pm
FLASH NEWS

ഡല്‍ഹി പോലിസിനെ നിലയ്ക്കു നിര്‍ത്തണം

Published : 29th October 2015 | Posted By: SMR

അടുക്കളകളിലും കാന്റീനുകളിലും കയറി വല്ലവനും മാട്ടിറച്ചി കഴിക്കുന്നുണ്ടോ എന്നു നോക്കുകയാണ് ഉത്തരേന്ത്യയില്‍ ഇപ്പോള്‍ പോലിസിന്റെ പ്രധാന ജോലി. പിഞ്ചുകുഞ്ഞുങ്ങള്‍ വരെ ബലാല്‍സംഗത്തിന് ഇരയാവുന്ന തലസ്ഥാനനഗരിയിലെ പോലിസ് ഫെഡറല്‍ മര്യാദകള്‍ മാത്രമല്ല, നിയമങ്ങളും ലംഘിച്ചു കേരള ഹൗസിലെ കാന്റീനില്‍ കയറി കാണിച്ച കോപ്പിരാട്ടികള്‍ ലജ്ജാവഹമെന്നു മാത്രമല്ല, കര്‍ശനമായ നടപടി ആവശ്യപ്പെടുന്നതുമാണ്.
നരേന്ദ്ര മോദിക്കും ബിജെപി നേതാക്കള്‍ക്കും ഇഷ്ടമില്ലാത്ത ഭക്ഷണം കഴിക്കുന്നവരെ പിടികൂടാന്‍ ഡല്‍ഹി പോലിസ് എല്ലാ സംസ്ഥാനഭവനുകളിലും കയറിനിരങ്ങുമോ എന്നാണ് ആം ആദ്മി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ചോദിക്കുന്നത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് തുടങ്ങിയവരും പ്രമുഖ ഇടതുപക്ഷ നേതാക്കളും പോലിസ് കടന്നുകയറ്റത്തെ ശക്തമായി അപലപിച്ചിട്ടുണ്ട്. പ്രതിഷേധം ശക്തമായതുകൊണ്ടായിരിക്കാം, കേരള ഹൗസില്‍ മാട്ടിറച്ചി പരിശോധന നടത്തിയില്ലെന്ന വിശദീകരണവുമായി ഡല്‍ഹി പോലിസ് കമ്മീഷണര്‍ രംഗത്തുവന്നത്.
എന്നാല്‍, കേരള ഹൗസില്‍ അരങ്ങേറിയ പോലിസ് നാടകം നിസ്സാരമായി തള്ളേണ്ട ഒന്നല്ല. ഒരു മലയാളി അഭിഭാഷകന്‍ നേരത്തെത്തന്നെ കേരള ഹൗസ് കാന്റീനിലെ മെനു പരിശോധിച്ച് ഫോട്ടോയെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയിരുന്നു. ഗോമാംസം നിരോധിക്കുന്ന ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിന് കഠിനാധ്വാനം ചെയ്യുന്ന അയാളാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള ഹിന്ദുത്വവാദി വിഷ്ണു ഗുപ്തയെ ഉപയോഗിച്ച് കേരള ഹൗസ് റെയ്ഡ് നടത്താന്‍ ഏര്‍പ്പാടു ചെയ്തത്. തെറ്റായ വിവരം നല്‍കി പോലിസ് നടപടിക്ക് കളമൊരുക്കിയ ഗുപ്തയെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.
കശ്മീര്‍ എംഎല്‍എ റാഷിദ് എന്‍ജിനീയറുടെ മേല്‍ കരിഓയില്‍ ഒഴിച്ചതാണ് ഗുപ്തയുടെ ഹിന്ദുസേന സമീപകാലത്തു നടത്തിയ പ്രധാന ആക്രമണം. ഡല്‍ഹിയിലെ മുസ്‌ലിം-ദലിത് മേഖലകളില്‍ സംഘര്‍ഷമുണ്ടാക്കുന്നതില്‍ പ്രത്യേക താല്‍പര്യം കാണിക്കുന്ന ഹിന്ദുസേനയും പോലിസും തമ്മിലുള്ള ബന്ധം അത്ര വലിയ രഹസ്യമല്ല.
ഡല്‍ഹി പോലിസിന്റെ നിയന്ത്രണം കേന്ദ്ര ആഭ്യന്തരവകുപ്പില്‍ നിന്നു മാറ്റി ഡല്‍ഹി സര്‍ക്കാരിനു ലഭിക്കണമെന്ന കെജ്‌രിവാളിന്റെ ആവശ്യം ന്യായമാണെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ഡല്‍ഹി പോലിസിന്റെ പ്രവര്‍ത്തനം വേണ്ടത്ര സുതാര്യതയില്ലാത്തതും സംസ്ഥാന ഭരണകൂടത്തെ അവഗണിക്കുന്നതുമാണെന്ന ആക്ഷേപം പുതിയതല്ല. അതുകൊണ്ടുതന്നെ ഡല്‍ഹി സ്‌പെഷ്യല്‍ സെല്‍ നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ വരെ വിസ്മൃതമാവുകയാണ് പതിവ്. ഡല്‍ഹി പോലിസിന്റെ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും ഹിന്ദുത്വവിഭാഗങ്ങള്‍ നുഴഞ്ഞുകയറുന്നത് തടയുന്നതിനും നടപടികള്‍ എടുക്കാന്‍ അധികൃതര്‍ തയ്യാറാവേണ്ടതുണ്ട്. മെനു പരിശോധന നടത്തേണ്ടത് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥന്മാരാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക