|    Feb 22 Thu, 2018 10:49 am
FLASH NEWS
Home   >  Sports  >  Cricket  >  

ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ മുംബൈയ്ക്ക് തകര്‍പ്പന്‍ ജയം

Published : 6th May 2017 | Posted By: ev sports

ന്യൂഡല്‍ഹി:  മുംബൈയുടെ റണ്‍മലക്ക് മുമ്പില്‍ സഞ്ജു സാംസണും റിഷഭ് പാന്തും നിഷ്പ്രഭമായപ്പോള്‍ ഡല്‍ഹിക്ക് സമ്പാദ്യം നാണക്കേടിന്റെ വമ്പന്‍ തോല്‍വി. 146 റണ്‍സിനാണ് സഹീര്‍ ഖാനും സംഘവും സ്വന്തം കാണികള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി പടുത്തുയര്‍ത്തിയ 212 റണ്‍സിനെതിരേ ബാറ്റിങിനിറങ്ങിയ ഡല്‍ഹിക്ക് 13.4 ഓവറില്‍ 66 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മുംബൈയ്ക്ക് വേണ്ടി ഹര്‍ഭജന്‍ സിങും കരണ്‍ ശര്‍മയും മൂന്ന് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ ലസിത് മലിംഗ രണ്ടും മിച്ചല്‍ മഗ്ലെങ്ങന്‍, ജസ്പ്രീത് ബൂംറ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ മുംബൈ ബാറ്റ്‌സ്മാന്‍മാര്‍ ഡല്‍ഹിയുടെ മൈതാനത്ത് കത്തിക്കയറിയപ്പോള്‍ സ്‌റ്റേഡിയത്തില്‍ ബാക്കിയായത് ഡല്‍ഹി ബൗളര്‍മാരുടെ കണ്ണീര്‍ മഴ മാത്രം. 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് മുംബൈ പടുത്തുയര്‍ത്തിയത്. ലിന്‍ഡല്‍ സിമ്മണ്‍സ്(66) മുംബൈ നിരയിലെ ടോപ് സ്‌കോററായി. കീറോണ്‍ പൊള്ളാര്‍ഡ് 63 റണ്‍സുമായി പുറത്താവാതെ നിന്നു. മുംബൈ നിരയില്‍ ജോസ് ബട്‌ലറിന് പകരം ഓപണിങ് സ്ഥാനത്ത് ലിന്‍ഡല്‍ സിമ്മണ്‍സായിരുന്നു. മുംബൈയുടെ പരീക്ഷണം തെറ്റിക്കാതെ തല്ലിതകര്‍ത്ത് പാര്‍ഥിവ് പട്ടേലും(25) സിമ്മണ്‍സും ചേര്‍ന്ന് ഓപണിങില്‍ മുംബൈയ്ക്ക് സമ്മാനിച്ചത് 79 റണ്‍സാണ്. പട്ടേല്‍ മടങ്ങിയപ്പോള്‍ രണ്ടാമനായി ക്രീസിലെത്തിയ കീറോണ്‍ പൊള്ളാര്‍ഡ് ഡല്‍ഹി ബൗളര്‍മാരെ കശാപ്പ് ചെയ്തു. 35 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും അടങ്ങുന്ന ഗംഭീര ബാറ്റിങ് പ്രകടനമാണ് പൊള്ളാര്‍ഡ് പുറത്തെടുത്തത്. സിമ്മണ്‍സ് 43 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സറും സഹിതമാണ് 66 റണ്‍സ് സ്വന്തമാക്കിയത്. രോഹിത് ശര്‍മ ആറ് പന്തില്‍ 10 റണ്‍സുമായി പുറത്തായെങ്കിലും അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ഹര്‍ദിക് പാണ്ഡ്യ മുംബൈ സ്‌കോര്‍ബോര്‍ഡിനെ 212 ലെത്തിച്ചു. 14 പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറും പറത്തി 29 റണ്‍സാണ് ഹര്‍ദിക് വാരിക്കൂട്ടിയത്.
മറുപടി ബാറ്റിങിനിറങ്ങിയ ഡല്‍ഹിനിരയില്‍ 21 റണ്‍സെടുത്ത കരുണ്‍ നായരാണ് ടോപ് സ്‌കോറര്‍. കോറിന്‍ ആന്‍ഡേഴ്‌സണ്‍, പാറ്റ് കുമ്മിന്‍സ് എന്നിവര്‍ 10 റണ്‍സ് വീതം എടുത്തപ്പോള്‍ സഞ്ജു സാംസണും റിഷഭ് പാന്തും പൂജ്യത്തിന് പുറത്തായി. തോല്‍വിയോടെ ഡല്‍ഹിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചപ്പോള്‍ ജയം നേടിയ മുംബൈ സീസണില്‍ പ്ലേ ഓഫ് ബര്‍ത്തുറപ്പിക്കുന്ന ആദ്യ ടീമായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss